മോസ്കോ: കൊറിയൻ ഉപദ്വീപിന് ചുറ്റുമുള്ള യു.എസിന്റെയും സഖ്യകക്ഷികളുടെയും സൈനിക പ്രവർത്തനങ്ങൾ ഏഷ്യയിലെ സ്ഥിരതക്ക് ഭീഷണിയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ഉത്തരകൊറിയ സന്ദർശന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ ആണവശേഷിയുള്ള B-52H സ്ട്രാറ്റജിക് ബോംബറുകൾ വിന്യസിച്ചുകൊണ്ട് ഈ ആഴ്ച യു.എസും ദക്ഷിണ കൊറിയയും ജപ്പാനും സംയുക്ത അഭ്യാസങ്ങൾ നടത്തിയിരുന്നു. ഇത്തരത്തിൽ ഇന്തോ-പസഫിക്കിന് പുറത്തുള്ളവർ എക്സ്ക്ലൂസീവ് സഖ്യങ്ങൾ രൂപീകരിക്കാനും മേഖലയിൽ നാറ്റോ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും നടത്തുന്ന ശ്രമങ്ങൾ അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്ത സൈനികാഭ്യാസങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ്, അവയിൽ ചിലതിൽ ഒരു ആണവ ഘടകം പോലും ഉൾപ്പെടുന്നുവെന്ന് ലാവ്‌റോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഇന്തോ-പസഫിക്കിന് പുറത്തുള്ളവർ എക്സ്ക്ലൂസീവ് സഖ്യങ്ങൾ രൂപീകരിക്കാനും മേഖലയിൽ നാറ്റോ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും നടത്തുന്ന ശ്രമങ്ങൾ അപകടകരമാണ്. മറ്റുള്ളവരുടെ ചെലവിൽ രാജ്യങ്ങൾ സഖ്യങ്ങൾ കെട്ടിപ്പടുക്കരുത്. കൊറിയൻ ഉപദ്വീപിൽ മാത്രമല്ല, വടക്കുകിഴക്കൻ ഏഷ്യയിലുടനീളം സമാധാനത്തിനും സ്ഥിരതയ്ക്കും ഇത് ഭീഷണിയാകും. യുറേഷ്യയിലെ എല്ലാ രാജ്യങ്ങൾക്കും തുല്യവും അവിഭാജ്യവുമായ സുരക്ഷ ഉറപ്പാക്കാൻ റഷ്യയും ഉത്തരകൊറിയയും പ്രതിജ്ഞാബദ്ധരാണ്,’ അദ്ദേഹം പറഞ്ഞു.
യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങൾ ഉത്തരകൊറിയയെയും കൊറിയൻ ഉപദ്വീപിനെയും അസ്ഥിരപ്പെടുത്തുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളാണെന്നും ലാവ്‌റോവ് വിമർശിച്ചു.
റഷ്യയും ഉത്തരകൊറിയയും 2024 ജൂണിൽ ഒരു പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. തുടർന്ന് ആ വർഷം അവസാനം റഷ്യയിലെ കുർസ്ക് മേഖലയിൽ നിന്ന് ഉക്രൈനിയൻ സൈന്യത്തെ പുറത്താക്കാൻ സഹായിക്കുന്നതിനായി ഉത്തര കൊറിയ സൈന്യത്തെ അയച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അജയ്യമായ സാഹോദര്യത്തിന് തെളിവാണ് ഈ സഹകരണവുമെന്ന് ലാവ്‌റോവ് പറഞ്ഞു.
Content Highlight: US-led drills pose threat to peace in Asia : Lavrov