| Saturday, 20th December 2025, 12:40 pm

സിറിയയില്‍ 70ലധികം ഐ.എസ് കേന്ദ്രങ്ങളില്‍ യു.എസിന്റെ വ്യാപക ആക്രമണം

രാഗേന്ദു. പി.ആര്‍

ദമസ്‌കസ്: സിറിയയിലെ ഐ.എസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തി അമേരിക്ക. രാജ്യത്തെ യു.എസ് സേനക്കെതിരായ ആക്രമണത്തിന് മറുപടിയായാണ് അമേരിക്കയുടെ പ്രത്യാക്രമണം.

70ലധികം ഐ.എസ് കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ഫൈറ്റര്‍ ജെറ്ററുകള്‍, അറ്റാക്കിങ് ഹെലികോപ്റ്ററുകള്‍, പീരങ്കികള്‍ എന്നിവ ഉപയോഗിച്ചാണ് യു.എസ് ഇവിടങ്ങള്‍ ആക്രമിച്ചത്.

ജോര്‍ദാനില്‍ നിന്നുള്ള വിമാനങ്ങളും ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെറ്റ്കോം) പറഞ്ഞു. നൂറിലധികം പ്രിസിഷന്‍ യുദ്ധോപകരണങ്ങളാണ് ഐ.എസ് കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യു.എസ് ഉപയോഗിച്ചത്. ‘ഓപ്പറേഷന്‍ ഹോക്കി സ്‌ട്രൈക്ക്’ എന്ന പേരിലായിരുന്നു യു.എസിന്റെ പ്രത്യാക്രമണം.

‘കൊലപാതകികളായ തീവ്രവാദികള്‍ക്ക് ഞാന്‍ വാഗ്ദാനം ചെയ്തിരുന്നത് പോലെ തന്നെ, യു.എസ് കടുത്ത പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നു,’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. സിറിയന്‍ സര്‍ക്കാര്‍ യു.എസ് പൂര്‍ണ പിന്തണയോടെ പ്രവര്‍ത്തനം തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഈ നടപടി ഒരു യുദ്ധത്തിന്റെ തുടക്കമല്ലെന്നും പ്രതികാര പ്രഖ്യാപനം മാത്രമാണെന്നും യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് പറഞ്ഞു.

‘അമേരിക്കന്‍ പൗരന്മാരെയും ഞങ്ങളുടെ സുഹൃത്തുക്കളെയും ദ്രോഹിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ പിന്തുടരുന്നത് യു.എസ് തുടരും,’ സെന്‍ട്രല്‍ കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു.

ഡിസംബര്‍ 13ന് സിറിയയിലെ പാല്‍മിറ നഗരത്തില്‍ ഐ.എസ് നടത്തിയ ആക്രമണത്തില്‍ രണ്ട് യു.എസ് സൈനികരും ഒരു യു.എസ് സിവിലിയനും കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ പ്രസിഡന്റിന്റെ നിയന്ത്രണമില്ലാത്ത മേഖലയിലാണ് ഐ.എസ് ആക്രമണമുണ്ടായത്.

ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യു.എസ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത് സിറിയന്‍ സുരക്ഷാ സേനയിലെ അംഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. ആക്രമിയുടെ ഐഡന്റിറ്റിയും ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2015 മുതല്‍ സിറിയയില്‍ വിന്യസിച്ചിട്ടുള്ള യു.എസ് സൈന്യത്തിന് നേരെയാണ് ആക്രണമുണ്ടായത്. ഏകദേശം 1,000 സൈനികരാണ് സിറിയയില്‍ ഇപ്പോഴുള്ളത്.

നിലവില്‍ യു.എസ് ഓപ്പറേഷനില്‍ ഐ.എസിലെ പ്രമുഖ നേതാക്കളടക്കം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അമേരിക്കയുടെ ആക്രമണത്തില്‍ ഐ.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: US launches massive attack on more than 70 IS targets in Syria

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more