വാഷിങ്ടൺ: ലൈംഗിക കുറ്റവാളിയും വ്യവസായിയുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകൾ പുറത്തുവിട്ട് യു.എസ് നീതിന്യായ വകുപ്പ്.
മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ള രേഖകളും 2000ലധികം വീഡിയോകളും 180,000 ചിത്രങ്ങളുമാണ് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്.
വെള്ളിയാഴ്ച നടന്ന വാർത്ത സമ്മേളനത്തിലായിരുന്നു ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് പുതിയ രേഖകൾ പുറത്തുവിട്ടത്.
ജെഫ്രി എപ്‌സ്റ്റീന്റെ ജയിൽവാസകാലത്തെക്കുറിച്ചുള്ള
വിശദാംശങ്ങൾ, മനശാസ്ത്ര റിപ്പോർട്ട്, ജയിലിൽ നിന്നുണ്ടായ മരണം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്താൻ സഹായിച്ച എപ്‌സ്റ്റീന്റെ കൂട്ടാളിയായ ഗിസ്ലെയ്ൻ മാക്സ്വെല്ലിനെകുറിച്ചും പുതിയ രേഖകളിലുണ്ട്.
എപ്സ്റ്റീനും ഉന്നത വ്യക്തികളും തമ്മിലുള്ള ഇമെയിൽ വിവരങ്ങളും അവയിൽ ഉൾപ്പെടുന്നു.
ബ്രിട്ടന്റെ പ്രിൻസ് ആൻഡ്രൂ ഉൾപ്പെടെയുള്ള എപ്‌സ്റ്റീന്റെ പ്രശസ്തരായ ചില കൂട്ടാളികളെക്കുറിച്ചുള്ള രേഖകളും എപ്‌സ്റ്റീനും എലോൺ മസ്‌കും തമ്മിലുള്ള ഇമെയിൽ കത്തിടപാടുകളും രാഷ്ട്രീയ മേഖലയിലെ മറ്റ് പ്രമുഖ കോൺടാക്റ്റുകളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് എ.പി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസം നീതിന്യായ വകുപ്പ് കുറച്ചു വിവരങ്ങൾ മാത്രമേ പുറത്തുവിട്ടുള്ളൂവെങ്കിലും, കണ്ടെത്തിയ കൂടുതൽ രേഖകൾ പരിശോധിക്കാനും ഇരകളെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന് ഉറപ്പാക്കാനും കൂടുതൽ സമയം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് മാസങ്ങൾ നീണ്ട പൊതുജന-രാഷ്ട്രീയ സമ്മദർങ്ങൾക്ക് ശേഷം നടപ്പിലാക്കിയ നിയമമായ ‘എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട്’ പ്രകാരം രേഖകൾ വെളിപ്പെടുത്തിയത്.
ഡിസംബർ 19നായിരുന്നു ആദ്യത്തെ എപ്‌സ്റ്റീൻ ഫയലുകൾ യു.എസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ടിരുന്നത്.
ലൈംഗിക കുറ്റകൃത്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയ കേസിൽ ജയിൽ കഴിയവേ 2019 ലായിരുന്നു ജെഫ്രി എപ്സ്റ്റീൻ തൂങ്ങി മരിച്ചത്.
എപ്സ്റ്റീനിന്റെ മരണം ഗൂഢാലോചനയുണ്ടെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു.
അദ്ദേഹത്തിന്റെറെ ക്ലയൻ്റുകളിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപും എലോൺ മസ്കുമുൾപ്പടെയുള്ള പ്രമുഖർ ഉൾപ്പെട്ടിരുന്നെന്ന് നേരത്തെയും ആരോപണങ്ങൾ ഉണ്ടായിരുന്നു. അത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്
Content Highlight: US Justice Department releases 3 million new documents, including Epstein’s email chats with top officials