| Thursday, 8th May 2025, 7:52 am

തിരിച്ചടി; പെഗാസസ് നിര്‍മാതാക്കള്‍ വാട്സ്ആപ്പിന് 168 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം: യു.എസ് ജൂറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സൈബര്‍ ചാരവൃത്തി കേസില്‍ പെഗാസസ് സ്‌പൈവെയര്‍ നിര്‍മാതാക്കള്‍ വാട്സ്ആപ്പിന് 168 മില്യണ്‍ ഡോളര്‍ ശിക്ഷാ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് യു.എസ് ജൂറി. വാട്സ്ആപ്പിന് എന്‍.എസ്.ഒ ഗ്രൂപ്പ് 167.3 മില്യണ്‍ ഡോളര്‍ അഥവാ 1,417 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.

2019 ല്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ ചാരവൃത്തി കേസിലാണ് യു.എസ് ജൂറിയുടെ നടപടി. ശിക്ഷാ നഷ്ടപരിഹാരത്തിന് പുറമെ 444,719 ഡോളര്‍ അഥവാ 37 ലക്ഷം നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവുണ്ട്.

വടക്കന്‍ കാലിഫോര്‍ണിയയിലെ ഒരു ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസ് പരിഗണിച്ചായിരുന്നു ജൂറിയുടെ ഉത്തരവ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വഴി മാധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും ഉള്‍പ്പെടെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

ഏകദേശം 1400 ഉപയോക്താക്കളെ എന്‍.എസ്.ഒ ഗ്രൂപ്പ് നിരീക്ഷിച്ചതായാണ് മെറ്റയുടെ വാദം. 2019 ഏപ്രില്‍, മെയ് മാസങ്ങളിലെ രണ്ടാഴ്ചകളിലാണ് നിരീക്ഷണം കൂടുതലായും നടന്നിരിക്കുന്നത്. ഡിസംബറോടെ ഉപയോക്താക്കളുടെ ഫോണുകളില്‍ എന്‍.എസ്.ഒ ഗ്രൂപ്പ് നിയമവിരുദ്ധമായി സ്‌പൈവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു.

ഒരു ഇലക്ട്രോണിക് ഉപകരണത്തില്‍ പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതോടെ ഉപയോക്താക്കളുടെ അറിവില്ലാതെ തന്നെ ഉപകരണത്തിലെ ഫോണ്‍ കോളുകള്‍, ഇ-മെയിലുകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍, എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ സ്‌പൈവെയറിന് ആക്സസ് ചെയ്യാന്‍ കഴിയും.

ഇസ്രഈല്‍ ഉടമസ്ഥയിലുള്ള കമ്പനിയാണ് എന്‍.എസ്.ഒ. പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷം സര്‍ക്കാരുകള്‍ക്ക് മാത്രമാണ് പെഗാസസ് വില്‍ക്കുന്നതെന്നാണ് കമ്പനിയുടെ വാദം. എന്നാല്‍ യു.എസ് ജൂറിയുടെ ഉത്തരവോടെ ഇസ്രഈല്‍ കമ്പനി തിരിച്ചടി നേരിട്ടിരിക്കുകയാണ്. ജൂറിയുടെ ഉത്തരവിന് പിന്നാലെ മെറ്റ ഔദ്യോഗികമായി പ്രതികരിച്ചു.

‘സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ വിധി. എല്ലാവരുടെയും സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയായ നിയമവിരുദ്ധ സ്‌പൈവെയറിന്റെ വികസനത്തിനും ഉപയോഗത്തിനുമെതിരായ ആദ്യ വിജയം,’ മെറ്റ പറഞ്ഞു.

അതേസമയം വിധിക്കെതിരെ അപ്പീല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എന്‍.എസ്.ഒ വൈസ് പ്രസിഡന്റ് ഗില്‍ ലെയ്നര്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

2021ല്‍ ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും രാഷ്ടീയ നേതാക്കളെയും പെഗാസസ് നിരീക്ഷിച്ചതായി കണ്ടെത്തിയിരുന്നു. 17 മാധ്യമ സംഘടനകളും മനുഷ്യാവകാശ സംഘടനായ ആംനസ്റ്റി ഇന്റര്‍നാഷണലും നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്‌ലാദ് സിങ് പട്ടേല്‍, വ്യവസായി അനില്‍ അംബാനി, മുന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ അലോക് വര്‍മ എന്നിവരെയാണ് പെഗാസസ് നിയമവിരുദ്ധമായി നിരീക്ഷിച്ചത്.

Content Highlight: US jury orders makers of Pegasus spyware to pay WhatsApp $168 million in damages

We use cookies to give you the best possible experience. Learn more