| Saturday, 15th March 2025, 7:11 am

വ്യവസായിയെ വിമർശിച്ചു, പിന്നാലെ ഇന്ത്യൻ പൗരത്വം റദ്ദാക്കി; സർക്കാരിനെതിരെ കേസ് ഫയൽ ചെയ്ത് യു.എസ് പത്രപ്രവർത്തകൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പ്രമുഖ ഇന്ത്യൻ വ്യവസായിയെ വിമർശിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇന്ത്യൻ പൗരത്വം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് സർക്കാരിനെതിരെ കോടതിയെ സമീപിച്ച് യു.എസ് പത്രപ്രവർത്തകൻ. യു.എസിലെ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുടെ സൈബർ സുരക്ഷ റിപ്പോർട്ട് ചെയ്യുന്ന റാഫേൽ സാറ്ററാണ് കോടതിയെ സമീപിച്ചത്.

2023 ഡിസംബറിൽ, റാഫേൽ സാറ്ററിന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഒരു കത്ത് ലഭിച്ചു. ഇന്ത്യയെ അപമാനിക്കാൻ ദുരുദ്ദേശപൂർവം പ്രവർത്തിച്ചുവെന്ന് ആരോപിക്കുന്ന കത്തായിരുന്നു അത്. കത്തിൽ സാറ്ററുടെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ പദവി റദ്ദാക്കിയതായി അറിയിച്ചു.

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്കോ, ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ചവർക്കോ ആണ് ഒ.സി.ഐ പദവി നൽകുന്നത്. കൂടാതെ പൗരത്വം വഴി വിദേശികൾക്ക് ഇന്ത്യയിൽ വിസ രഹിത യാത്ര, താമസം, തൊഴിൽ എന്നിവ അനുവദിക്കുകയും ചെയ്യുന്നു. വിവാഹത്തിലൂടെയാണ് സാറ്ററിന് ഒ.സി.ഐ ലഭിച്ചത്. ഒ.സി.ഐ പദവി റദ്ദാക്കിയതിനാൽ അദ്ദേഹത്തിന് തന്റെ കുടുംബാംഗങ്ങൾ താമസിക്കുന്ന ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയാത്തയെന്ന് അദ്ദേഹം പറഞ്ഞു.

വാഷിങ്ടൺ ഡി.സിയിൽ ജോലി ചെയ്യുന്ന സാറ്റർ, ഇന്ത്യയിൽ ഒരിക്കലും പത്രപ്രവർത്തനം നടത്തിയിട്ടില്ലെന്നും കുടുംബത്തെ കാണാൻ മാത്രമാണ് ഇന്ത്യയിൽ പോയിട്ടുള്ളതെന്നും അദ്ദേഹവും കുടുംബവും പറഞ്ഞു.

സാറ്ററുടെ പത്രപ്രവർത്തനം ഇന്ത്യയ്ക്ക് ദേശീയ സുരക്ഷാ ഭീഷണിയായി കണക്കാക്കുന്നത് എങ്ങനെയെന്ന് ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് വ്യക്തമായ വിവരങ്ങൾ നൽകിയില്ലെന്ന് സാറ്റർ പറഞ്ഞു. പക്ഷേ ഇന്ത്യൻ സൈബർ സുരക്ഷാ കമ്പനിയായ ആപ്പിനും അതിന്റെ സഹസ്ഥാപകനായ രജത് ഖരെയ്ക്കുമെതിരെ എഴുതിയ സ്റ്റോറിക്ക് പിന്നാലെ, ഇന്ത്യയിൽ അദ്ദേഹത്തിനെതിരെ ഒരു മാനനഷ്ടക്കേസ് ഫയൽ ചെയ്തുവെന്നും അതേ സമയത്ത് തന്നെ സാറ്ററുടെ ഒ.സി.ഐ റദ്ദാക്കിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

റോയിട്ടേഴ്‌സിനു വേണ്ടി സാറ്റർ നടത്തിയ ‘ഹൗ എ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഹാക്ക് ദി വേൾഡ്’ ( How an Indian startup hacked the world ) എന്ന തലക്കെട്ടിലുള്ള സ്റ്റോറി, ആപ്പിനിന്റെ പ്രവർത്തനങ്ങളെ തുറന്നുകാട്ടി. ഈ സൈബർ സുരക്ഷാ കമ്പനി ലോകമെമ്പാടുമുള്ള എക്സിക്യൂട്ടീവുകൾ, രാഷ്ട്രീയക്കാർ, സൈനിക ഉദ്യോഗസ്ഥർ, സമ്പന്നരായ ഉന്നതർ എന്നിവരുടെ രഹസ്യങ്ങൾ മോഷ്ടിക്കുന്ന ഒരു ഹാക്ക്-ഫോർ-ഹെയർ പവർഹൗസായി മാറിയെന്ന് അദ്ദേഹം തന്റെ സ്റ്റോറിയിൽ ആരോപിച്ചു.

രജത് ഖരെയുടെ യു.എസ് പ്രതിനിധിയായ ക്ലെയർ ലോക്ക്, തങ്ങളുടെ ക്ലയന്റും സൈബർ ഹാക്ക് ബിസിനസും തമ്മിലുള്ള ബന്ധം നിഷേധിച്ചു, ഖരെ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ നിയമവിരുദ്ധമായ ഹാക്കിങ് ഒരിക്കലും നടത്തിയിട്ടില്ലെന്നും അവർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ആപ്പിനെയും ഖരെയും കുറിച്ചുള്ള അന്വേഷണത്തിനിടെ, കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തികളിൽ നിന്ന് തനിക്ക് നിരവധി ഭീഷണികൾ ലഭിച്ചതായി സാറ്റർ പറഞ്ഞു. അവരിൽ ഒരാൾ താൻ റിപ്പോർട്ട് ഉപേക്ഷിച്ചില്ലെങ്കിൽ നയതന്ത്ര നടപടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സാറ്ററുടെ കേസിന്റെ ആദ്യ കോടതി വാദം ഈ ആഴ്ച ദൽഹിയിൽ നടന്നു.

ഒരു വർഷത്തിലേറെയായി സർക്കാരിന് നൽകിയ അപ്പീലിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് സാറ്റർ പറഞ്ഞു. സാറ്ററുടെ കേസിലെ അടുത്ത കോടതി വാദം 2025 മെയ് 22ന് നടക്കും.

വിമർശകരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങളാണ് ഈ സംഭവമെന്നും മറ്റ് പത്രപ്രവർത്തകരും അക്കാദമിക് വിദഗ്ധരും സമാനമായ നടപടികൾ നേരിടുന്നുവെന്നും മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചു.

കഴിഞ്ഞ ദശകത്തിൽ മോദി സർക്കാർ അധികാരത്തിലിരിക്കെ നൂറിലധികം ഒ.സി.ഐ പദവികൾ റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയെ വിമർശിച്ച് ടൈം മാസികയുടെ കവർ ലേഖനം എഴുതിയതിന് ശേഷം ഒ.സി.ഐ റദ്ദാക്കപ്പെട്ട പത്രപ്രവർത്തകനായ ആതിഷ് തസീറും അവരിൽ ഉൾപ്പെടുന്നു.

Content Highlight: US journalist taking Modi govt to court over losing overseas citizenship

We use cookies to give you the best possible experience. Learn more