വാഷിങ്ടണ്‍: ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ അവകാശ സംഘടനയായ ഫലസ്തീന്‍ ആക്ഷനെ യു.എസ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി. ഫലസ്തീന്‍ ആക്ഷന്‍ അടക്കമുള്ള ഫലസ്തീന്‍ അനുകൂല സംഘടനകള്‍ക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധവും പ്രഖ്യാപിച്ചു.
‘പ്രത്യേകമായി പ്രഖ്യാപിച്ച ആഗോള ഭീകരവാദികള്‍’ എന്ന് പറഞ്ഞാണ് ഫലസ്തീന്‍ ആക്ഷനെ യു.എസ് ഭീകര പട്ടികയിലുള്‍പ്പെടുത്തിയത്. യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇസ്രഈല്‍ വിമര്‍ശകര്‍ക്കെതിരായ നടപടികള്‍ ആഗോള തലത്തില്‍ ശക്തമാക്കുന്നതിനിടെയാണ് ഇപ്പോള്‍ ഫലസ്തീന്‍ ആക്ഷനെ ഭീകര പട്ടികയിലുള്‍പ്പെടുത്തിയത്.
പലസ്തീന്‍ അനുകൂല അന്താരാഷ്ട്ര പ്രസ്ഥാനമായ മസാര്‍ ബാദിലിന് എതിരെ യു.എസ് ഉപരോധം ചുമത്തിയിട്ടുണ്ട്. ഫലസ്തീന്‍ അനുകൂല ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സംഘടനകള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ഇറ്റലി ആസ്ഥാനമായുള്ള ഓട്ടിസ്റ്റിസി ഇന്‍വെന്റാറ്റി എന്ന ഗ്രൂപ്പിനെതിരെ ബുധനാഴ്ച യു.എസ് ട്രഷറി വകുപ്പ് പിഴ ചുമത്തുകയും ചെയ്തു.
തീവ്ര ഇടതുപക്ഷത്തെയും അവരുടെ മുന്നണികളെയും അവരെ സഹായിക്കുന്നവരെയും തങ്ങള്‍ നിരീക്ഷിക്കുമെന്നും അവര്‍ക്കെതിരെ സാമ്പത്തിക നടപടികള്‍ സ്വീകരിക്കുമെന്നും ഉപരോധത്തെക്കുറിച്ച് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു. ഈ ഗ്രൂപ്പുകളുടെ സാമ്പത്തിക ഉറവിടങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനുള്ള നടപടികള്‍ തുടരുമെന്നും ബെസന്റ് അറിയിച്ചു. യു.എസ് നടപടിയെ ഇസ്രഈല്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്.
യു.എസ് നടപടിയെ അപലപിക്കുന്നതായി പലസ്തീന്‍ ആക്ഷന്‍ സഹസ്ഥാപകയായ ഹുദ അമ്മോറി പ്രതികരിച്ചു. കാപട്യത്തിനുമപ്പുറമുള്ള കാര്യമാണ് യു.എസ് ചെയ്തതെന്നും അവര്‍ പറഞ്ഞു. ഒരു ഫലസ്തീനിയന്‍ ഇറാഖി എന്ന നിലയില്‍ യു.എസ് തന്നെ തീവ്രവാദി എന്ന് വിളിക്കുന്നത് കപടതയാണെന്ന് അവര്‍ പറഞ്ഞു.
‘പലസ്തീന്‍ സ്വാതന്ത്ര്യത്തിനായുള്ള പ്രസ്ഥാനത്തെ ബ്രിട്ടന്‍ അടിച്ചമര്‍ത്തുന്നതില്‍ നിന്ന് ട്രംപ് ഇപ്പോള്‍ പ്രചോദനം ഉള്‍ക്കൊള്ളുകയാണ്. ഈ നിരോധനം അപകടകരമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും കുറിച്ച് കരുതലുള്ള എല്ലാവര്‍ക്കും ഇത് ആശങ്കാകരമായ കാര്യമാണ്,’ ഹുദ അമ്മോറിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഫലസ്തീന്‍ ആക്ഷനെതിരായ ബ്രിട്ടന്റെ നിരോധനം നീക്കാന്‍ ആവശ്യപ്പെട്ട് 250ലധികം അക്കാദമിക് വിദഗ്ധരും അഭിഭാഷകരും ബുദ്ധിജീവികളും യു.കെ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന് കത്തയച്ചു. ഇസ്രായേലുമായുള്ള സൈനിക സഹകരണം ബ്രിട്ടണ്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 25-നാണ് ഈ കത്ത് അയച്ചതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. കത്തില്‍ ബാരിസ്റ്റര്‍ മൈക്കല്‍ മാന്‍സ്ഫീല്‍ഡ്, ഓക്‌സ്‌ഫോര്‍ഡിലെ ചരിത്രകാരന്‍ അവി ഷ്‌ലൈം, ഡിഫന്‍ഡ് ഔര്‍ ജൂറീസ് സഹസ്ഥാപകന്‍ ടിം ക്രോസ്ലാന്‍ഡ്, എക്‌സെറ്റര്‍ യൂണിവേഴ്‌സിറ്റി അക്കാദമിക് ലാലെ ഖലീലി എന്നിവരുള്‍പ്പെടെ പ്രമുഖര്‍ ഒപ്പിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രായേല്‍ തുടര്‍ച്ചയായി യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടും ബ്രിട്ടിഷ് സര്‍ക്കാര്‍ അവര്‍ക്ക് സൈനികവും സാമ്പത്തികവും നയതന്ത്രവുമായ പിന്തുണ നല്‍കുന്നത് തുടരുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിനെ സഹായിക്കുന്നത് നിര്‍ത്തുന്നതിന് പകരം ബ്രിട്ടണ്‍ യുദ്ധക്കുറ്റങ്ങളെയും വംശഹത്യയെയും എതിര്‍ക്കുന്ന ആക്ടിവിസ്റ്റുകളെ ശിക്ഷിക്കാനാണ് തീരുമാനിച്ചതെന്നും കത്തില്‍ പറയുന്നു.
2025 ജൂലൈയിലായിരുന്നു ബ്രിട്ടിഷ് സര്‍ക്കാര്‍ ഫലസ്തീന്‍ ആക്ഷനെ നിയവിരുദ്ധമായി പ്രഖ്യാപിച്ചത്. ഫലസ്തീന്‍ ആക്ഷന് പിന്തുണ പ്രഖ്യാപിക്കുന്നതോ സംഘടനയില്‍ അംഗത്വമെടുക്കുന്നതോ 14 വര്‍ഷം വരെ തടവിന് കാരണമായേക്കാവുന്ന ക്രിമിനല്‍ കുറ്റമായി അന്ന് ബ്രിട്ടണ്‍ വ്യവസ്ഥ ചെയ്തിരുന്നു.
Content Highlight: US issues sanctions against UK-based direct action group Palestine Action