| Wednesday, 4th March 2026, 2:36 pm

ഇറാനിലെ യു.എസ് -ഇസ്രഈലി ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിന് പുറത്താണ്; അംഗീകരിക്കാന്‍ കഴിയില്ല: ഇമ്മാനുവല്‍ മാക്രോണ്‍

നിഷാന. വി.വി

പാരീസ്: ഇറാനെതിരായ യു.എസ് ഇസ്രഈല്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

ഈ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിന് പുറത്താണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

‘അമേരിക്കയും ഇസ്രഈലും സൈനിക നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിന് പുറത്താണ് അവ നടപ്പിലാക്കിയത്. അത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല,’ ഫ്രഞ്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കൊണ്ട് മാക്രോണ്‍ പറഞ്ഞു.

മിഡില്‍ ഈസ്‌ററിലെ സംഭവ വികാസങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘകാല സമാധാനം കൈവരിക്കുന്നതിനായി എല്ലാ വ്യോമാക്രമണങ്ങളും അവസാനിപ്പിക്കാനും നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മേഖലയിലെ ഫ്രഞ്ച് സൈനിക താവളങ്ങളുടെയും എംബസികളുടെയും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍, കുവൈറ്റ്, യു.എ.ഇ എന്നീ രാജ്യങ്ങളുമായി പ്രതിരോധ കരാറുകളുണ്ടെന്നും ജോര്‍ദ്ദാനുമായും ഇറാഖുമായും ശക്തമായ പ്രതിബദ്ധതകള്‍ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സിന്റെ സഖ്യകക്ഷികളോട് മേഖലയുടെ ഒപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിക്കുകയും ചെയ്തു.

ഞങ്ങള്‍ ഉടനടി പ്രതികരിച്ചു, ന്യായമായ സ്വയം പ്രതിരോധത്തിനായി, സംഘര്‍ഷത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തി, ഞങ്ങളുടെ സഖ്യകക്ഷികളുടെ വ്യോമാതിര്‍ത്തി സംരക്ഷിക്കാന്‍ അവര്‍ക്കറിയാം, അവര്‍ക്ക് ഞങ്ങളെ ആശ്രയിക്കാന്‍ കഴിയുമെന്നും അവര്‍ക്കറിയാം,’ മാക്രോണ്‍ പറഞ്ഞു.

ഇതിനകം വിന്യസിച്ചിരിക്കുന്ന റാഫേല്‍ ജെറ്റുകള്‍ക്കൊപ്പം, വ്യോമ പ്രതിരോധ സംവിധാനങ്ങളും വ്യോമ റഡാര്‍ യൂണിറ്റുകളും മേഖലയിലേക്ക് അയച്ചിട്ടുണ്ടെന്നും ഗ്രീക്ക് സൈപ്രിയറ്റ് ഭരണകൂടത്തിന് കൂടുതല്‍ വ്യോമ പ്രതിരോധ ആസ്തികള്‍ അയയ്ക്കാനുള്ള തന്റെ തീരുമാനം സ്ഥിരീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലെബനനിലെ ഇസ്രഈല്‍-ഹിസ്ബുല്ല ആക്രമണങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ലെബനന്‍ പ്രദേശത്തെയും അതിന്റെ സമഗ്രതയേയും ബഹുമാനിക്കാന്‍ അദ്ദേഹം ഇസ്രഈലിനോട് ആവശ്യപ്പെട്ടു.

Content Highlight: US-Israeli attacks on Iran are outside the framework of international law; unacceptable: Emmanuel Macron

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more