| Tuesday, 3rd March 2026, 3:34 pm

ഇറാനിലെ യു.എസ്-ഇസ്രഈല്‍ ആക്രമണം; ജന്ദര്‍മന്ദറില്‍ പ്രതിഷേധിച്ച് ഇടത് സംഘടനകള്‍, മോദിക്കെതിരെ പ്രതിഷേധിക്കരുതെന്ന് ഹിന്ദുത്വര്‍

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: ഇറാനിലെ യു.എസ്-ഇസ്രഈല്‍ ആക്രമണത്തിനെതിരെ ജന്ദര്‍മന്ദറില്‍ ഇടത് സംഘടനകളുടെ പ്രതിഷേധം. സി.പി.ഐ, സി.പി.ഐ.എം, എസ്.യു.സി.എല്‍, ആര്‍.ഡബ്ല്യൂ,പി.ഐ എന്നീ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.

സി.പി.ഐ.എം മുന്‍ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് പരിപാടി ഉദ്ഘടനം ചെയ്തത്. ഇറാന്റെ ദേശീയ പരമാധികാരത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും മുഴുവന്‍ അന്താരാഷ്ട്ര ഉടമ്പടികളുടെയും നഗ്‌നമായ ലംഘനമാണെന്ന് ഇറാനില്‍ നടന്നതെന്ന് സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

ഇറാനിലേത് യു.എസിന്റേയും ഇസ്രഈലിന്റേയും നിയമവിരുദ്ധവും സാമ്രാജ്യത്വപരവുമായ ആക്രമണമാണെന്നും സി.പി.ഐ.എം പറഞ്ഞു. പശ്ചിമേഷ്യയില്‍ സമാധാനം അപകടത്തിന്റെ മുനമ്പിലാണെന്ന് സി.പി.ഐ നേതാക്കളും ചൂണ്ടിക്കാട്ടി.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ കൊലപാതകത്തെ അപലപിച്ച നേതാക്കള്‍, ഇത്തരം ആക്രമണങ്ങള്‍ ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും അപകടമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ഇറാനെതിരായ ഏകപക്ഷീയമായ സൈനിക ആക്രമണത്തെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കണമെന്നും ഇടത് സംഘടനകള്‍ ആവശ്യപ്പെട്ടു.

ഇടത് വിദ്യാര്‍ത്ഥി നേതാക്കള്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധം സംഘടിപ്പിക്കുന്നതിനായി വളരെ കുറച്ച് സമയം മാത്രമാണ് ഇടത് സംഘടനകള്‍ക്ക് ലഭിച്ചത്.

ഇതിനിടെ ദല്‍ഹിയില്‍ മോദിക്കെതിരെ പ്രതിഷേധം വേണ്ടെന്ന് ആഹ്വാനം ചെയ്ത് ഹിന്ദുത്വസംഘടനകള്‍ രംഗത്തെത്തി. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയാണ് ഹിന്ദുത്വവാദികള്‍ ആക്രോശിച്ചത്.

സമരക്കാരുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ചാണ് ഹിന്ദുത്വര്‍ ജന്ദര്‍മന്ദറില്‍ എത്തിയത്. തുടര്‍ന്ന് പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്ന മോദി അടക്കമുള്ള രാഷ്ട്രത്തലവന്മാരുടെ ചിത്രങ്ങള്‍ ഇവര്‍ വലിച്ചുകീറി. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ശരിയല്ലെന്നാണ് ഹിന്ദുത്വവാദികളുടെ വാദം.

പ്രതിഷേധക്കാരും മോദി അനുകൂലികളും തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി. പിന്നീട് അനുവദിച്ച സമയം അതിക്രമിച്ചുവെന്ന് പറഞ്ഞ് പ്രതിഷേധക്കാരെ പുറത്താക്കുകയും ചെയ്തു.

Content Highlight: US-Israeli attack on Iran; Left organizations protest at Jantar Mantar, Hindutva asks not to protest against Modi

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more