| Monday, 2nd March 2026, 7:51 pm

യു.എസ്-ഇസ്രഈല്‍ ആക്രമണം: പരിക്കേറ്റ ആയത്തുല്ല ഖാംനഇയുടെ പങ്കാളിയും കൊല്ലപ്പെട്ടു

അനിത സി

ടെഹ്‌റാന്‍: യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ പങ്കാളി മന്‍സൂറ ഖോജസ്‌തെ ബാഗര്‍സാദെ(79)യും മരണപ്പെട്ടു.

ഖാംനഇ കൊല്ലപ്പെട്ട ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മന്‍സൂറയുടെ മരണം. ഇവര്‍ കോമയിലായിരുന്നെന്ന് ഇറാന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ അടുത്ത പരമോന്നത നേതാവാകുമെന്ന് കരുതപ്പെടുന്ന മുജ്തബ ഖാംനഇയുടെ മാതാവാണ് മന്‍സൂറ.

ശനിയാഴ്ച നടന്ന യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ ആയത്തുല്ല ഖാംനഇ, മകള്‍, മരുമകള്‍, പേരക്കുട്ടി തുടങ്ങിയവരും കൊല്ലപ്പെട്ടിരുന്നു.

ഖാംനഈക്ക് പുറമെ, പ്രതിരോധമന്ത്രി അമിര്‍ നാസിര്‍ സദെ, ഐ.ആര്‍.ജി.സി തലവന്‍ മുഹമ്മദ് പക്പുര്‍, സായുധ സേന മേധാവി റഹി മൗസവി തുടങ്ങിയ പ്രമുഖര്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ജി.സി.സി രാജ്യങ്ങളിലുള്‍പ്പടെയുള്ള അമേരിക്കന്‍ സൈനികാ താവളങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്.

യുദ്ധം അവസാനിപ്പിക്കാനായി ചര്‍ച്ചകള്‍ക്ക് ഞായറാഴ്ചയോടെ ഇറാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്ച നിലപാടില്‍ മാറ്റം വരുത്തി. യു.എസുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.

ഇറാനെതിരായ ആക്രമണം ഉടനെ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് യു.എസ്. സൈനിക ആക്രമണം നാലോ അഞ്ചോ ആഴ്ച തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചിരുന്നു.

ഈ യുദ്ധം തുടങ്ങിയത് തങ്ങളല്ലെന്നും എന്നാല്‍ അവസാനിപ്പിക്കുന്നത് തങ്ങളായിരിക്കുമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഇറാനെതിരെ ഭീഷണി മുഴക്കിയിരുന്നു.

Content Highlight: US-Israeli attack: Ayatollah Khamenei’s partner, who was injured, also killed

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more