| Saturday, 18th April 2026, 11:17 am

യു.എസും ഇസ്രഈലും ബോംബിട്ട് തകര്‍ത്ത ആറ് പാലങ്ങള്‍ 96 മണിക്കൂറിനുള്ളില്‍ പുനര്‍നിര്‍മ്മിച്ചു: ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: യുഎസ്-ഇസ്രഈല്‍ സൈന്യം 40 ദിവസം നീണ്ടുനിന്ന ശക്തമായ വ്യോമാക്രമണത്തിലൂടെ തകര്‍ത്ത ആറ് തന്ത്രപ്രധാനമായ പാലങ്ങളും അനുബന്ധ ഗതാഗത സംവിധാനങ്ങളും വെറും 96 മണിക്കൂറിനുള്ളില്‍ പുനര്‍നിര്‍മിച്ചെന്ന് ഇറാന്‍.

രാജ്യത്തെ റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ളവ തകര്‍ത്ത് ജനജീവിതം സ്തംഭിപ്പിക്കുക എന്ന യു.എസ്-ഇസ്രഈല്‍ നീക്കത്തെയാണ് തദ്ദേശീയ സാങ്കേതിക വിദ്യയിലൂടെ രാജ്യം പ്രതിരോധിച്ചതെന്ന് ഇറാന്‍ അവകാശപ്പെട്ടു.

യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന ആറ് റെയില്‍വേ പാലങ്ങള്‍ ഇറാനിയന്‍ എഞ്ചിനീയര്‍മാര്‍ വെറും 96 മണിക്കൂറിനുള്ളില്‍ പുനര്‍നിര്‍മ്മിച്ച് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിച്ചതായി ബള്‍ഗേറിയയിലെ ഇറാന്‍ എംബസി 2026 ഏപ്രില്‍ 13നാണ് സോഷ്യല്‍ മീഡിയയിലൂടെ് അറിയിച്ചത്.

വെറും 40 മണിക്കൂറിനുള്ളില്‍ ഇറാന്‍ നടത്തിയ ഈ പുനര്‍നിര്‍മ്മാണം ഒരു യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കമായിരുന്നെന്നും വിദേശ കമ്പനികളെയോ പുറത്തുനിന്നുള്ള സഹായങ്ങളെയോ ഒട്ടും ആശ്രയിക്കാതെ, സ്വന്തം രാജ്യത്തിന്റെ കരുത്തിലും സാങ്കേതിക വിദ്യയിലുമാണ് ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണെന്നും ഇറാന്‍ പറഞ്ഞു.

കഴിഞ്ഞ ദശകങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്ന ലോകത്തെ പ്രധാന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോട് കിടപിടിക്കുന്നതാണ് ഇറാന്റെ ഈ നേട്ടം. എന്നാല്‍ പല കാര്യങ്ങളിലും ഇറാന്‍ അവയെ മറികടക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2026 ഫെബ്രുവരി 28ന് ആരംഭിച്ച സംയുക്ത ആക്രമണത്തില്‍ ഇറാന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുക എന്നതായിരുന്നു യു.എസും ഇസ്രഈലും ലക്ഷ്യമിട്ടത്. ടെഹ്റാന്‍, അല്‍ബോര്‍സ്, കോം, ഇസ്ഫഹാന്‍, സഞ്ജാന്‍ തുടങ്ങിയ പ്രധാന പ്രവിശ്യകളിലെ പത്തോളം റെയില്‍വേ ലൈനുകളെയും പാലങ്ങളേയും യു.എസ് യുദ്ധവിമാനങ്ങള്‍ ലക്ഷ്യം വെച്ചിരുന്നു.

ഇറാനെ ‘ശിലായുഗത്തിലേക്ക്’ മടക്കിക്കൊണ്ടുപോകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയപ്പോള്‍, രാജ്യത്തെ വിതരണ ശൃംഖലകള്‍ വിച്ഛേദിച്ച് ജനങ്ങളുടെ മനോവീര്യം തകര്‍ക്കുക എന്നതായിരുന്നു ഇസ്രഈല്‍ തന്ത്രം.

എന്നാല്‍ അതിവേഗ പുനര്‍നിര്‍മ്മാണത്തിലൂടെ രാജ്യത്തെ പ്രധാന ഘടനകള്‍ ഇറാന്‍ വീണ്ടെടുത്തു. അവയില്‍ പ്രധാനപ്പെട്ടതാണ് ഇവയാണ്.

യഹ്യ അബാദ് റെയില്‍വേ പാലം. ബന്ദര്‍ അബ്ബാസ് തുറമുഖത്തെ ടെഹ്റാനുമായി ബന്ധിപ്പിക്കുന്ന നിര്‍ണ്ണായക റൂട്ടാണ് ഇത്.

കോം റെയില്‍വേ പാലം. തെക്കന്‍ ചരക്ക് റൂട്ടുകളുടെ പ്രധാന പാതയാണ് ഇത്. മറ്റൊന്ന് സഞ്ജാന്‍-മിയാനെ പാലമാണ്. തുര്‍ക്കിയുമായുള്ള അന്താരാഷ്ട്ര വ്യാപാര ഇടനാഴിയുടെ ഭാഗമാണ് ഇത്. മറ്റൊന്ന് കരാജ് റെയില്‍വേ പാലമാണ്. ടെഹ്റാന്‍-തബ്രിസ് പാതയിലെ ഏറ്റവും തിരക്കേറിയ ഭാഗം കൂടിയാണ് ഇത്.

മറ്റൊന്ന് ക്വാലെ നൗ പാലമാണ്. മഷ്ഹദ് തീര്‍ത്ഥാടന നഗരത്തിലേക്കുള്ള യാത്രക്കാരുടെ പ്രധാന പാതയായാണ് ഇത് അറിയപ്പെടുന്നത്. തന്ത്രപ്രധാനമായ പാതയെന്ന് അറിയപ്പെടുന്ന ചാര്‍ബാഗ് പാലവും ഇസ്രഈല്‍-യു.എസ് ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇതും പുനര്‍നിര്‍മിച്ചവയില്‍ ഉള്‍പ്പൈട്ടതായി ഇറാന്‍ അവകാശപ്പെട്ടു.

കോമിന് സമീപമുള്ള പ്രധാന പാലം വെറും 40 മണിക്കൂറിനുള്ളില്‍ ഗതാഗതത്തിന് തുറന്നുകൊടുത്തു എന്നത് എഞ്ചിനീയറിങ് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.

72 മണിക്കൂറിനുള്ളില്‍ കാഷാനിലെ യഹ്യ അബാദ് പാലത്തിലൂടെ ആദ്യ ട്രെയിന്‍ കടന്നുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

വിദേശ സഹായമില്ലാതെ ഇറാന്‍ കൈവരിച്ച ഈ വേഗതയ്ക്ക് പിന്നില്‍ ദശാബ്ദങ്ങളായി അവര്‍ വികസിപ്പിച്ചെടുത്ത ‘ത്രീ-സ്റ്റേജ് തിയറി’ആണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

അതില്‍ ആദ്യത്തേത് അടിയന്തര ഘട്ടം. ഇതില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും ഡ്രോണ്‍ സര്‍വേയിലൂടെ നാശനഷ്ടങ്ങള്‍ വിലയിരുത്താനും പ്രീ-ഫാബ്രിക്കേറ്റഡ് മോഡുലാര്‍ സ്പാനുകള്‍ സ്ഥാപിക്കാനുമാണ് ഈ സമയം ഉപയോഗിക്കുക.

അടുത്തത് ഹ്രസ്വകാല സ്റ്റെബിലൈസേഷനാണ്. ഹൈ-സ്‌ട്രെങ്ത് ബോള്‍ട്ടിങ്, സ്റ്റീല്‍ ബ്രേസിങ് എന്നിവയിലൂടെ തകര്‍ന്ന തൂണുകള്‍ താത്കാലികമായി ബലപ്പെടുത്തി റെയില്‍ ഗതാഗതം പുനരാരംഭിക്കുന്ന ഘട്ടമാണ്ിത്. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ 80 ശതമാനം ശേഷിയുള്ള സ്ഥിരമായ ഘടനകളിലേക്ക് ഇവ മാറ്റപ്പെടും.

റെയില്‍വേയ്ക്ക് പുറമെ റോഡുകളും ഊര്‍ജ്ജ നിലയങ്ങളും സമാനമായ വേഗതയില്‍ പുനഃസ്ഥാപിക്കപ്പെടുന്നുണ്ടെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കുന്നുണ്ട്.

‘അടിയന്തര സാഹചര്യങ്ങളില്‍ റോഡുകള്‍ വേഗത്തില്‍ അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യമായ യന്ത്രങ്ങളും സൗകര്യങ്ങളും വിന്യസിക്കണം എന്നത് ഇപ്പോള്‍ എല്ലാ കരാറുകളിലും നിര്‍ബന്ധിത വ്യവസ്ഥയാക്കിയിട്ടുണ്ടെന്ന് റോഡ്-നഗരവികസന ഉപമന്ത്രി വ്യക്തമാക്കി

തബ്രിസ്-സഞ്ജാന്‍ ഫ്രീവേയിലെ പാലങ്ങള്‍ തകര്‍ന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ബദല്‍ റൂട്ടുകള്‍ സജ്ജമാക്കി. അഞ്ച് തവണ ബോംബാക്രമണം നേരിട്ട പൂനെ ടണല്‍ പ്രദേശം ഇപ്പോള്‍ ‘റെസിസ്റ്റന്‍സ് ടണല്‍’ എന്നാണ് അറിയപ്പെടുന്നത്.

99 വൈദ്യുതി സബ്‌സ്റ്റേഷനുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടും ഒരു ഘട്ടത്തില്‍ പോലും പൊതുജനത്തിനുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടില്ല എന്നത് രാജ്യത്തിന്റെ മികച്ച പ്രതിരോധത്തിന് തെളിവാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

സ്വയംപര്യാപ്തതയുടെ വിജയമാണ് ഇതെന്നും വിപ്ലവത്തിന് മുമ്പ് അമേരിക്കന്‍ കമ്പനികളെ ആശ്രയിച്ചിരുന്ന ഇറാന്‍, ഇന്ന് സിമന്റ് ഉത്പ്പാദനത്തില്‍ ലോകത്ത് ആറാം സ്ഥാനത്തും സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ പത്താം സ്ഥാനത്തുമാണ്.

ഈ തദ്ദേശീയമായ കരുത്താണ് മാസങ്ങള്‍ വേണ്ടിവരുന്ന അറ്റകുറ്റപ്പണികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അവരെ സഹായിച്ചതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

‘ഒരു പാലം പണിയാന്‍ എത്ര സമയമെടുക്കും? ഇറാനില്‍ അത് 40 മുതല്‍ 100 മണിക്കൂര്‍ വരെയാണ്,’ എന്നാണ് യു.കെയിലെ ഇറാന്‍ എംബസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഈ നേട്ടം കേവലം ഒരു അറ്റകുറ്റപ്പണിയല്ല, മറിച്ച് തകര്‍ക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രത്തിന്റെ ആത്മവീര്യത്തിന്റെ അടയാളമാണ്.

തകര്‍ന്ന കെട്ടിടങ്ങള്‍ പൂര്‍ണമായി പണിതീര്‍ക്കാന്‍ മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ സമയമെടുത്തേക്കാമെന്ന് സര്‍ക്കാര്‍ വക്താവ് ഫത്തേമെ മൊഹജെറാനി അറിയിച്ചു. എന്നാല്‍ രാജ്യത്തെ തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ റെയില്‍വേ പാതകള്‍ ഇതിനോടകം തന്നെ പുനഃസ്ഥാപിച്ചു കഴിഞ്ഞെന്നും അവര്‍ അറിയിച്ചു.

Content Highlight: US-Israel bombed 6 bridges – Iranian engineers rebuilt them in 96 hosur Says Iran

We use cookies to give you the best possible experience. Learn more