| Saturday, 1st March 2025, 1:43 pm

ഗസയെ ആക്രമിച്ചത് പോരാ; ഇസ്രഈലിന് മൂന്ന് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനൊരുങ്ങി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ജോ ബൈഡന് പിന്നാലെ ഇസ്രഈലിന് അധിക ആയുധ സഹായവുമായി നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. ഏകദേശം മൂന്ന് മില്യണ്‍ ഡോളര്‍ വില വരുന്ന ആയുധങ്ങള്‍ കൈമാറാനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. മൂന്ന് ബില്യണ്‍ ഡോളറിന്റെ ബോംബുകള്‍, ഡിമോളിഷിങ് കിറ്റുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ ഇസ്രഈലിന് വില്‍ക്കാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അംഗീകാരം നല്‍കിയതായി വെള്ളിയാഴ്ച പെന്റഗണ്‍ അറിയിച്ചു.

35,500ലധികം എം.കെ 84, ബി.എല്‍.യു 117 ബോംബുകളും 2.04 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 4,000 പ്രെഡേറ്റര്‍ വാര്‍ഹെഡുകളും ഇസ്രഈലിന് വില്‍ക്കുന്നതായാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത്.

ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ക്കായി പ്രതിരോധ വസ്തുക്കളും പ്രതിരോധ സേവനങ്ങളും ഇസ്രഈല്‍ സര്‍ക്കാരിന് ഉടനടി വില്‍ക്കേണ്ട അടിയന്തര സാഹചര്യമുണ്ടായതിനാല്‍ വില്‍പ്പന സംബന്ധിച്ച് കോണ്‍ഗ്രസില്‍ അവലോകം നടത്തിയിട്ടില്ലെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. അടുത്ത വര്‍ഷത്തോട് ഇവയുടെ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് സൂചന.

ഗസയിലെ യുദ്ധത്തില്‍ ഇസ്രഈല്‍ ഉപയോഗിച്ച ഭൂരിഭാഗം ആയുധങ്ങളും അമേരിക്ക സമ്മാനിച്ചവയായിരുന്നു. അടിയന്തര സാഹചര്യം എന്ന ന്യായീകരണം ഉപയോഗിച്ച്, 2028 മുതല്‍ ഇസ്രഈലിന് 675.7 മില്യണ്‍ ഡോളറിന്റെ യുദ്ധോപകരണങ്ങള്‍ വില്‍പ്പന നടത്താന്‍ റൂബിയോ അംഗീകാരം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനുപുറമെ, 295 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഡി.9.ആര്‍, ഡ്.9.ടി കാറ്റര്‍പില്ലര്‍ ബുള്‍ഡോസറുകളുടെ അടിയന്തര വില്‍പ്പനയ്ക്കും റൂബിയോ അംഗീകാരം നല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇസ്രഈലിലേക്കുള്ള ആയുധ വില്‍പ്പന വേഗത്തില്‍ അംഗീകരിക്കുന്നതിനായി ട്രംപ് ഭരണകൂടം ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇത്തരത്തില്‍ അടിയന്തര പ്രഖ്യാപനം നടത്തുന്നത്. കോണ്‍ഗ്രസിന്റെ അവലോകനമില്ലാതെ ഇസ്രഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നതിന് അംഗീകാരം നല്‍കാന്‍ ബൈഡന്‍ ഭരണകൂടവും ഈ അധികാരം ഉപയോഗിച്ചിരുന്നു.

ഇസ്രഈല്‍ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്ക്‌ യു.എസ് നല്‍കുന്ന ആയുധങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ബൈഡന്റെ കാലത്തെ ഉത്തരവ് തിങ്കളാഴ്ച ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു. കൂടാതെ വിദേശരാജ്യങ്ങള്‍ക്ക് യു.എസ് നല്‍കിയിരുന്ന മാനുഷിക സഹായങ്ങളില്‍ ഭൂരിഭാഗവും ട്രംപ് റദ്ദാക്കുകയുണ്ടായി.

Content Highlight: US is ready to sell weapons worth three billion dollars to Israel

We use cookies to give you the best possible experience. Learn more