| Tuesday, 23rd June 2026, 6:25 pm

ബാലിസ്റ്റിക് മിസൈല്‍ പദ്ധതി, ആണവ വിഷയം എന്നിവയില്‍ അടുത്ത 60 ദിവസത്തിനുള്ളില്‍ അമേരിക്കയും ഇറാനും ചര്‍ച്ച നടത്തും: പാക് പ്രധാനമന്ത്രി

ആദര്‍ശ് എം.കെ.

ഇസ്‌ലമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിനായി പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി.

സ്വിറ്റ്സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കില്‍ നടന്ന ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായതായും വരും ദിവസങ്ങളില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ സാങ്കേതിക ചര്‍ച്ചകളിലേക്ക് കടക്കുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചു.

പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇരുപക്ഷവും ഇനി ആണവ പ്രശ്‌നം, മരവിപ്പിച്ച ആസ്തികള്‍, ബാലിസ്റ്റിക് മിസൈല്‍ വിഷയങ്ങള്‍ എന്നിവ അടുത്ത 60 ദിവസത്തിനുള്ളില്‍ ചര്‍ച്ച ചെയ്യും. ജൂണ്‍ 17ന് ഒപ്പുവെച്ച ധാരണാപത്രം അടുത്ത 60 ദിവസത്തിനുള്ളില്‍ ഒരു ശാശ്വത കരാറായി മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ഷെഹബാസ് ഷെരീഫ് പറഞ്ഞു.

ചര്‍ച്ചകളില്‍ ചരിത്രപരമായ പുരോഗതിയുണ്ടായതായും മുന്നോട്ടുള്ള യാത്രയ്ക്കായി ഒരു റോഡ്മാപ്പിന് ഇരുരാജ്യങ്ങളും സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെ, ചില പ്രധാന വിഷയങ്ങളില്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയവും തങ്ങളുടെ നിലപാട് വ്യക്തമാക്കി.

സ്വിറ്റ്സര്‍ലന്‍ഡില്‍ വാഷിങ്ടണുമായി നടത്തിയ ചര്‍ച്ചകളില്‍ ഇറാന്റെ മിസൈല്‍ ശേഷിയെക്കുറിച്ച് ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബാഗേ പറഞ്ഞു.

കൂടാതെ, അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ തകര്‍ന്ന ആണവ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അന്താരാഷ്ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി (ഐ.എ.ഇ.എ) ഇന്‍സ്‌പെക്ടര്‍മാരെ അനുവദിക്കില്ലെന്നും ഇറാന്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

ധാരണാപത്രം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയും, അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന നാവിക ഉപരോധം പിന്‍വലിക്കുകയും ചെയ്യും.

അതേസമയം, ഇറാന്റെ മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടുനല്‍കുന്നതിനെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ഈ ഫണ്ടുകള്‍ പൂര്‍ണമായും അമേരിക്കന്‍ നിര്‍മിത മാനുഷിക ഉത്പന്നങ്ങള്‍ (പ്രത്യേകിച്ച് ധാന്യം, ഗോതമ്പ്, മെഡിക്കല്‍ സാമഗ്രികള്‍) വാങ്ങാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ട്രംപ് വ്യക്തമാക്കി.

ഇറാന്‍ കരാര്‍ ലംഘിച്ചാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ചര്‍ച്ചകള്‍ വിജയിക്കണമെങ്കില്‍ ഇസ്‌ലമാബാദ് ധാരണാപത്രം പൂര്‍ണമായും പാലിക്കപ്പെടണമെന്നാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞത്.

അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ തങ്ങള്‍ ഭാഗമല്ലെന്നും ലെബനനിലെ ഹിസ്ബുല്ലയ്‌ക്കെതിരായ നീക്കങ്ങള്‍ തുടരുമെന്നും ഇസ്രഈല്‍ വ്യക്തമാക്കി. അമേരിക്കയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ആയുധങ്ങള്‍ക്കായി വിദേശരാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അഭിപ്രായപ്പെട്ടു.

ജൂണ്‍ 19ന് സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ച് ഔദ്യോഗിക ഒപ്പിടല്‍ ചടങ്ങ് നടക്കുമെന്നും അതുവരെ പ്രകോപനപരമായ പ്രസ്താവനകളില്‍ നിന്ന് എല്ലാ കക്ഷികളും വിട്ടുനില്‍ക്കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ പ്രതികരിച്ചത്.

Content Highlight: US, Iran to hold talks on ballistic missile program, nuclear issue in next 60 days: Pakistan PM

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more