| Thursday, 18th June 2026, 10:51 pm

ധാരണാപത്രം പ്രകാരം ഹോര്‍മുസിലെ തടസ്സം നീങ്ങി; പക്ഷേ ലെബനനില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ തുടരുന്നു

സിജൊ

ബെയ്‌റൂട്ട്: യു.എസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ധാരണാ പത്രത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ അവസാനിപ്പിലാണ്. മറ്റൊന്ന് ലെബനനിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കലും. ധാരണാ പത്രം ഹോര്‍മുസില്‍ ഗതാഗതം വീണ്ടും സജീവമാകാന്‍ തുടങ്ങി. എന്നാല്‍ ലെബനനില്‍ ഇപ്പോഴും ഇസ്രഈലിന്റെ ആക്രമണങ്ങള്‍ തുടരുകയാണ്.

യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനുള്ള ധാരണാപത്രം ഡിജിറ്റലായി ഒപ്പുവെച്ചതിന് ശേഷം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സജീവമാവുന്നുണ്ട്‌. കപ്പല്‍ ഗതാഗതം ട്രാക്ക് ചെയ്യുന്ന സേവനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇപ്പോള്‍ ഹോര്‍മുസിലൂടെയുള്ള ചരക്ക് കപ്പലുകള്‍ സഞ്ചരിക്കാന്‍ തുടങ്ങിയതായി വ്യക്തമാക്കുന്നു.

ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ നീക്കും എന്നതാണ് ധാരണാ പത്രത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. യു.എസ് ഇറാന്‍ സംഘര്‍ഷം കാരണം നാല് മാസത്തോളമായി ഹോര്‍മുസിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

സൗദിയുടെ മൂന്ന് എണ്ണ ടാങ്കറുകളാണ് ധാരണാപത്രം ഒപ്പുവച്ച ശേഷം ആദ്യമായി ഹോര്‍മുസ് കടന്നതെന്ന് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 60 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഈ കപ്പലുകളിലുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ധാരണാ പത്രം ഇറാന്റെ കരുത്തിനുള്ള സാക്ഷ്യപത്രമാണെന്ന് ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയാന്‍ അഭിപ്രായപ്പെട്ടു. കരാര്‍ ഒരു ചരിത്രപരമായ രേഖയാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

ലെബനനില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം എന്നതടക്കമുള്ള ഇറാന്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ ധാരണാ പത്രത്തിലുണ്ട്. ലെബനന്‍ അടക്കം നിലവിലെ സംഘര്‍ഷം തുടരുന്ന മേഖലകളിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കണം എന്ന് ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു.

എന്നാല്‍ ധാരണാ പത്രം അംഗീകരിക്കുകയും ഹോര്‍മുസില്‍ ഗതാഗതം സജീവമാവുകയും ചെയ്തിട്ടും ലബനനില്‍ ഇസ്രഈലിന്റെ ആക്രമണം തുടരുകയാണ് ഇപ്പോഴും. വ്യാഴാഴ്ചയും ഇസ്രഈല്‍ ലബനനില്‍ ആക്രമണങ്ങള്‍ നടത്തി. ഇസ്രഈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ രാജ്യത്ത് ഒരാള്‍ കൊല്ലപ്പെട്ടതായി ലെബനീസ് ഔദ്യോഗിക മാധ്യമം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, തെക്കന്‍ ലെബനനിലെ ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രഈല്‍ സൈന്യം ഔദ്യോഗിക പ്രസ്താവനയില്‍ പ്രതികരിച്ചു. സൈന്യത്തിനുള്ള ഭീഷണികളെ ഇല്ലാതാക്കാനാണ് ഈ ആക്രമണങ്ങളെന്നും പ്രസ്താവനയില്‍ അവകാശപ്പെടുന്നു.

ഇറാനുമായുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാനുള്ള യു.എസിന്റെ തീരുമാനത്തിനെതിരെ ഇസ്രഈലില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ട്രംപിന്റെ സമാധാന കരാറിനെ ഇസ്രഈലിലെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എതിര്‍ക്കുന്നുണ്ട്.

ഈ സമാധാന കരാര്‍കൊണ്ട് ഒരു തരത്തിലുള്ള നേട്ടവുമില്ലെന്നും രാജ്യത്തിന്റെ ലക്ഷ്യങ്ങളൊന്നും നടപ്പിലാവില്ലെന്നും ഇസ്രഈല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പറഞ്ഞിരുന്നു. ഇത് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാജയമാണെന്നും ലാപിഡ് പറഞ്ഞിരുന്നു. ധാരണാ പത്രത്തെ ഒരു മോശം കരാറെന്ന് ഇസ്രഈലിലെ യെദിയോട് അഹരനോട്ട് പത്രം വിശേഷിപ്പിച്ചിരുന്നു.

ഇറാനുമായുള്ള യു.എസിന്റ കരാര്‍ ഇസ്രഈലിന് യാതൊരുവിധത്തിലുള്ള സുരക്ഷിതത്വവും നല്‍കുന്നില്ലെന്നും ഇത് ലോകത്തിന് തന്നെ ആപത്താണെന്നും ഇസ്രഈല്‍ ധനകാര്യ മന്ത്രി ബെസലെല്‍ സ്മോട്രിച്ച് ആരോപിച്ചിരുന്നു. ലെബനനെ തുടര്‍ന്നും ആക്രമിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കുമെന്നും സ്മോട്രിച്ച് പറഞ്ഞിരുന്നു.

Content Highlight: US Iran MoU: Hormus Traffic Restored- but Israel attacks on Lebanon Continues

സിജൊ

We use cookies to give you the best possible experience. Learn more