| Saturday, 23rd May 2026, 7:45 am

യു.എസ് - ഇറാന്‍ സമാധാന ചര്‍ച്ച: ഖത്തര്‍ മധ്യസ്ഥതരായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: യു.എസ് – ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പങ്കാളിയാവാന്‍ ഖത്തര്‍ പ്രതിനിധി സംഘം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. യു.എസുമായി ഏകോപിച്ചാണ് ഖത്തര്‍ ചര്‍ച്ചകളില്‍ പങ്കാളിയാവുന്നത്. ചര്‍ച്ചകളില്‍ ഖത്തര്‍ മധ്യസ്ഥത വഹിക്കും എന്നാണ് വിവരമെന്ന് ഇക്കാര്യത്തില്‍ നേരിട്ട് അറിവുള്ളവരെ അധികരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിന്റെ പ്രതിനിധി സംഘം വെള്ളിയാഴ്ചയോടെ ടെഹ്‌റാനിലെത്തിയിട്ടുണ്ട്. ‘യുദ്ധം അവസാനിപ്പിക്കുന്ന അന്തിമ കരാറിലേക്കെത്താനായി’ യു.എസിനെ ഖത്തരി സംഘം സഹായിക്കും എന്ന് ഈ വിഷയത്തില്‍ നേരിട്ട് അറിവുള്ളവര്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് ഇറാന്‍-യു.എസ് സമാധാന ചര്‍ച്ച. ഇറാനില്‍ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം നീക്കണമെന്ന് ചര്‍ച്ചകളില്‍ യു.എസും ഇസ്രഈലും പ്രധാന ആവശ്യമായി ഉന്നയിച്ചിരിക്കുന്നു. എന്നാല്‍ ഈ ആവശ്യം ഇറാന്‍ നിരസിച്ചിരുന്നു.

ആണവായുധ നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ ഉയര്‍ന്ന അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനില്‍ നിന്ന് മാറ്റണമെന്നായിരുന്നു യു.എസിന്റെ ആവശ്യം. ഏതൊരു സമാധാന കരാറിലും ഈ വ്യവസ്ഥ ഉള്‍പ്പെടുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രഈലിന് ഉറപ്പ് നല്‍കിയിരുന്നു. ഇത് പ്രകാരമാണ് യുറേനിയം രാജ്യത്തിന് പുറത്തേക്ക് നീക്കണമെന്ന് ഇറാനോട് യു.എസ് ആവശ്യപ്പെട്ടത്.

യുറേനിയം ശേഖരം രാജ്യത്ത് നിന്ന് നീക്കിയാല്‍ യു.എസില്‍ ഇസ്രഈലില്‍ നിന്നോ ഉണ്ടാകാനിടയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള തങ്ങളുടെ ശേഷിയെ ദുര്‍ബലപ്പെടുത്തും എന്ന് യു.എസിന്റെ ആവശ്യം തള്ളിയ ഇറാന്‍ വ്യക്തമാക്കിയിരുന്നു.

യു.എസ് – ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ ഇതുവരെ കരാറുകളൊന്നുമുണ്ടായിട്ടില്ലെന്നാണ് വിവരം. അതേ സമയം ചര്‍ച്ചകളില്‍ പുരോഗതിയുള്ളതായി ഇറാനില്‍ നിന്നുള്ള ഉന്നതരില്‍ നിന്ന് വിവരം ലഭിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് ഉദ്യോഗസ്ഥരില്‍ നിന്നും ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ചില നല്ല സൂചനകളുണ്ടെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
പറഞ്ഞു. എന്നാല്‍ താന്‍ അധികം ശുഭാപ്തിവിശ്വാസി ആവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഏതാനും ദിവസത്തിനുള്ളില്‍ എന്താണ് വരുന്നതെന്ന് കാണാമെന്നും റൂബിയോ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഖത്തറിന്റ മധ്യസ്ഥത സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിലവില്‍ പാകിസ്താനാണ് പ്രാഥമിക ഇടനിലക്കാര്‍ എന്നാണ് റൂബിയോ മറുപടി നല്‍കിയത്. പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ പ്രശംസനീയമായ പ്രകടനമാണ് നടത്തിയതെന്നും റൂബിയോ പറഞ്ഞു. ‘ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ തീര്‍ച്ചയായും മറ്റ് രാജ്യങ്ങള്‍ക്കും താത്പര്യമുണ്ട്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്ക്. തങ്ങള്‍ അവരോടും ചര്‍ച്ച നടത്തും,’ എന്നും റൂബിയോ പറഞ്ഞു.

Content Highlight: US-Iran deal to end war: Qatar may engage in talks

We use cookies to give you the best possible experience. Learn more