ന്യൂദൽഹി: വെനസ്വേലയിൽ അമേരിക്ക നടത്തിവരുന്ന സൈനിക നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്.ഐ അഖ്യലേന്ത്യ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ എ.എ. റഹീം.
അന്താരാഷ്ട്ര നീതി ന്യായവ്യവസ്ഥയ്ക്കും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറുകൾക്കും വിരുദ്ധമായ ‘പൈശാചികമായ ആക്രമണമാണ്’ വെനസ്വേലയിൽ അമേരിക്ക അഴിച്ചുവിട്ടിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
പ്രധാന ആരോപണങ്ങൾ
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം: കാരക്കാസിലും മറ്റ് പ്രദേശങ്ങളിലും അമേരിക്ക നടത്തിയ ബോംബാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് എ.എ. റഹീം പറഞ്ഞു.
അട്ടിമറി ശ്രമങ്ങൾ: വെനസ്വേലയിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ അമേരിക്ക വർഷങ്ങളായി ശ്രമിക്കുന്നു. ഇത് പരാജയപ്പെട്ടപ്പോഴാണ് പ്രസിഡന്റിനെയും പത്നിയെയും തട്ടിക്കൊണ്ടുപോകുന്ന സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യം എണ്ണ ഖനികൾ: ഈ ആക്രമണത്തിന് പിന്നിലെ പ്രധാന ലക്ഷ്യം വെനസ്വേലയിലെ എണ്ണ സമ്പത്ത് കൈക്കലാക്കി അധികാരം സ്ഥാപിക്കലാണെന്നും റഹീം ചൂണ്ടിക്കാട്ടി.
‘ഇന്ത്യയും സുരക്ഷിതമല്ല’
ഇന്ത്യയും മറ്റു രാജ്യങ്ങളും സുരക്ഷിതമല്ല ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ അപകടകരമായ പ്രവണതയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇത്തരം സാമ്രാജ്യത്വ നീക്കങ്ങളിൽ നിന്നും ഇന്ത്യയോ മറ്റ് രാജ്യങ്ങളോ സുരക്ഷിതരല്ലെന്ന് നാം തിരിച്ചറിയണം. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഈ ക്രൂരമായ നീക്കത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അമേരിക്കൻ ഇടപെടലിനെതിരെ ലോകവ്യാപകമായ പ്രതിരോധം ഉയരുമെന്ന പ്രത്യാശയും എ.എ റഹീം പങ്കുവെച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വെനസ്വേലയിൽ അമേരിക്ക അഴിച്ചു വിട്ടിരിക്കുന്നത് ഒരു അന്താരാഷ്ട്ര നീതി ന്യായവ്യവസ്ഥയ്ക്കും നിരക്കാത്ത പൈശാചികമായ ആക്രമണമാണ്. കാരക്കാസിലും മറ്റ് പ്രദേശങ്ങളിലും അവർ നടത്തിയ ബോംബാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അടിസ്ഥാന തത്വങ്ങളുടെ ഗുരുതരമായ ലംഘനമാണ്. വർഷങ്ങളോളം വെനസ്വേലയിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ അമേരിക്ക നടത്തിവരുന്ന ശ്രമങ്ങൾ ലക്ഷ്യം കാണാത്തതിനെ തുടർന്നാണ് ഇപ്പോൾ രാജ്യത്തിൻ്റെ പ്രസിഡൻ്റിനെയും ഭാര്യയേയും തട്ടിക്കൊണ്ട് പോയതും,ഈ ആക്രമണവും.ഇതിന് പിന്നിലെ ലക്ഷ്യം വെനസ്വേലയിൽ ഉള്ള എണ്ണ ഖനികൾ പിടിച്ചെടുത്ത് തങ്ങളുടെ അധികാരം സ്ഥാപിച്ചെടുക്കൽ ആണെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്. ഒരു രാജ്യത്തിൻ്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഇത്തരത്തിൽ ഉള്ള അമേരിക്കൻ ഇടപെടൽ അപകടകരമായ ഒരു പ്രവണതയാണ് സൂചിപ്പിക്കുന്നത്. ആ അപകടത്തിൽ നിന്നും ഇന്ത്യയോ മറ്റൊരു രാജ്യമോ സുരക്ഷിതമല്ല എന്നും നാം ഓർക്കേണ്ടിയിരിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ ഏറ്റവും പുതിയതും, സമാനതകളില്ലാത്തവണ്ണം ക്രൂരവുമായ ഈ നീക്കത്തിനെതിരെ ലോകം മുഴുവനും പ്രതിരോധം ഉയരുക തന്നെ ചെയ്യും.