വാഷിങ്ടണ്‍: ഇറാനുമായുള്ള അമേരിക്കയുടെ സമാധാന ചര്‍ച്ചകള്‍ ചോര്‍ത്താന്‍ ഇസ്രഈല്‍ തീവ്രശ്രമം നടത്തുന്നതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഇസ്രഈല്‍ വര്‍ഷങ്ങളായി നിരീക്ഷിക്കുന്ന പശ്ചാത്തലത്തില്‍, ഇസ്രഈലില്‍ നിന്നുള്ള സുരക്ഷാഭീഷണി ഏറ്റവും ഉയര്‍ന്ന തോതിലാണെന്ന് പെന്റഗണിന്റെ രഹസ്യാന്വേഷണ വിഭാഗമായ ‘ഡി.ഐ.എ’ വിലയിരുത്തുന്നു. അമേരിക്കന്‍ പത്രങ്ങളായ ന്യൂയോര്‍ക്ക് ടൈംസും എന്‍.ബി.സി ന്യൂസുമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ആശയവിനിമയങ്ങള്‍ ടെല്‍ അവീവില്‍ നിന്ന് ചോര്‍ത്താന്‍ ശ്രമം നടന്നതായാണ് സംശയിക്കുന്നത്.
ട്രംപിന്റെ ഉന്നത ഇറാന്‍ ചര്‍ച്ചക്കാരനായ സ്റ്റീവ് വിറ്റ്കോഫ്, പെന്റഗണിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍ എല്‍ബ്രിഡ്ജ് എ. കോള്‍ബി, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി മൈക്കല്‍ പി. ഡിമിനോ നാലാമന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ഇസ്രഈലിന്റെ നിരീക്ഷണ വലയത്തിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇസ്രഈലില്‍ പ്രവര്‍ത്തിക്കുന്ന ചില അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ ഫോണുകളില്‍ ആശയവിനിമയം ചോര്‍ത്തുന്ന സോഫ്റ്റ്വെയറുകള്‍ കണ്ടെത്തിയതോടെയാണ് ചാരവൃത്തിയുടെ വ്യാപ്തി വ്യക്തമായത്.
നിലവില്‍ യു.എസിന്റെ മറ്റേതൊരു സഖ്യകക്ഷിയേക്കാളും, ചില ശത്രുരാജ്യങ്ങളേക്കാളും ഉയര്‍ന്ന ഭീഷണിയാണ് ഇസ്രഈല്‍ ഉയര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ കൊറിയ മാത്രമാണ് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതിന് അടുത്തെങ്കിലും എത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് നടത്തുന്ന ചര്‍ച്ചകളില്‍ ട്രംപിന്റെ തന്ത്രങ്ങളും മാറിക്കൊണ്ടിരിക്കുന്ന നിലപാടുകളും മനസ്സിലാക്കാനാണ് ഇസ്രഈല്‍ ഈ ചാരവൃത്തി നടത്തിയതെന്നാണ് സൂചന.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാനെതിരെ യു.എസും ഇസ്രഈലും ആരംഭിച്ച സംയുക്ത യുദ്ധം മൂന്ന് മാസത്തിലേറെയായി തുടരുകയാണ്. കഴിഞ്ഞ രണ്ട് മാസമായി വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും യുദ്ധ ലക്ഷ്യങ്ങളില്‍ ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ വലിയ ഭിന്നതയുണ്ട്.
ഇറാന്റെ ഭരണകൂടത്തെ മാറ്റാനും ലെബനനിലെ ഹിസ്ബുള്ളയെ തകര്‍ക്കാനും നെതന്യാഹു ആഗ്രഹിക്കുമ്പോള്‍, പാകിസ്ഥാന്‍ വഴി ചര്‍ച്ചകള്‍ നടത്തി ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും യുദ്ധം അവസാനിപ്പിക്കാനുമാണ് ട്രംപ് ശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന ഒരു ഫോണ്‍ സംഭാഷണത്തിനിടെ ട്രംപ് നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
ഇസ്രഈലിന്റെ ഈ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2021ല്‍ ഇസ്രഈല്‍ സൈനിക ഇന്റലിജന്‍സ് ആസ്ഥാനത്ത് ലിസണിംഗ് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു. 2024ല്‍ ഗസ യുദ്ധത്തിന്റെ പേരില്‍ ബൈഡന്‍ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ഇസ്രഈലിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു.
2025ല്‍ ഇസ്രഈലിന്റെ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സിയായ ‘ഷിന്‍ ബെറ്റ്’, യു.എസ് സീക്രെട്ട് സര്‍വീസ് വാഹനത്തില്‍ ചോര്‍ത്തല്‍ ഉപകരണം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ സ്വകാര്യ ജെറ്റുകളും സ്വകാര്യ ഫോണുകളും ഉപയോഗിച്ചതും, സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാതിരുന്നതും ഇസ്രഈലിന് കാര്യങ്ങള്‍ എളുപ്പമാക്കി. വിവരങ്ങള്‍ ചോരുന്നെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഇസ്രഈല്‍ യാത്രകളില്‍ യു.എസ് സൈനികര്‍ ഫോണുകള്‍ ലോക്ക് ചെയ്യുകയും കര്‍ശനമായ രഹസ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയും ഇസ്രഈലും തമ്മില്‍ പ്രതിരോധ-ആയുധ സഹകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍ ചാരവൃത്തി ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് വാഷിങ്ടണിലെ ഇസ്രഈല്‍ എംബസി പ്രതികരിച്ചു. തങ്ങളുടെ ലക്ഷ്യം ശത്രുക്കളാണെന്നും സഖ്യകക്ഷികളല്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പെന്റഗണ്‍ തയ്യാറായിട്ടില്ല.
Content Highlight: US Intelligence: Israel making intense efforts to intercept US-Iran peace talks