| Sunday, 8th February 2026, 4:05 pm

യു.എസ്-ഇന്ത്യ വ്യാപാര കരാര്‍; രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമെന്ന് സി.പി.ഐ.എം

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ രാജ്യത്തിന്റെ പരമാധികാരത്തിന് ഗുരുതരമായി ഭീഷണി ഉയര്‍ത്തുന്നുവെന്ന് സി.പി.ഐ.എം ദേശീയ നേതൃത്വം. യു.എസുമായുള്ള കരാറിന്റെ പൂര്‍ണരൂപം ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നും പരസ്യമാക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും ജനതയുടെയും താത്പര്യങ്ങള്‍ക്ക് ഹാനികരമായ കരാറുകളില്‍ ഒപ്പുവെക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയും യു.എസും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയ്ക്ക് വലിയ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഈ ഇളവുകള്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും കൃഷിക്കും ദേശീയ പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു.

കരാറിലെ ‘സീറോ താരിഫ്’ വ്യവസ്ഥകള്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആപ്പിള്‍ കര്‍ഷകരുടെയും പരുത്തി, സോയ കര്‍ഷകരുടെയും ഉപജീവനമാര്‍ഗത്തെ മോശമായി ബാധിക്കുമെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

നേരത്തെ ന്യൂസിലാന്‍ഡ് പോലുള്ള രാജ്യങ്ങളുമായി ഒപ്പുവെച്ച വ്യാപാര കരാറുകള്‍ കാരണം, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആപ്പിള്‍ കര്‍ഷകര്‍ ദുരിതത്തിലാണെന്നും സി.പി.ഐ.എം പറയുന്നു. വര്‍ധിച്ചുവരുന്ന ഉത്പാദന ചെലവ് രാജ്യത്തെ പരുത്തി കര്‍ഷകരെ ദുരിതത്തിലാക്കുമെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുള്‍പ്പെടെയുള്ള ഇന്ത്യന്‍ നയങ്ങളുടെ നിയന്ത്രണം ഇപ്പോള്‍ യു.എസിന് ആയതിനാല്‍, ഈ കരാര്‍ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിന് ഏറ്റ പ്രഹരമാണെന്നും സി.പി.ഐ.എം പ്രതികരിച്ചു.

ട്രംപിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ലജ്ജാകരമായ കീഴടങ്ങലാണ് നടത്തിയിരിക്കുന്നതെന്നും വിമര്‍ശനമുണ്ട്.

ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമാകുന്ന അമേരിക്കന്‍ നയങ്ങളെ ആശ്രയിക്കുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും സി.പി.ഐ.എം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഇറക്കുമതിക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം  അധിക തീരുവ ഒഴിവാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. തീരുവ 18 ശതമാനമായി കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ അധിക തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

കൂടാതെ, ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ട്രംപ് സര്‍ക്കാര്‍ പുതിയ സമിതിയ്ക്കും രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സി.പി.ഐ.എമ്മിന്റെ പ്രതികരണം.

Content Highlight: US-India trade deal; CPI(M) calls it an attack on the country’s sovereignty

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more