ന്യൂദല്‍ഹി: യു.എസുമായുള്ള വ്യാപാര കരാറിലൂടെ രാജ്യത്തെ കര്‍ഷകരെ മോദി സര്‍ക്കാര്‍ ബലികഴിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല.
വ്യാപാര കരാറുകള്‍ സാമ്പത്തിക പുരോഗതിയിലേക്കുള്ള മാര്‍ഗമാണെന്നും ആ കരാറുകള്‍ ഒരിക്കലും രാജ്യത്തിന്റേയും പൊതുജനങ്ങളുടെയും താത്പര്യങ്ങള്‍ ബലികൊടുക്കില്ലെന്നും സുര്‍ജേവാല പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ എന്‍.ഡി.എ സര്‍ക്കാര്‍ പരസ്യമായി അട്ടിമറിച്ചുവെന്നും സുര്‍ജേവാല പറഞ്ഞു. രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉറച്ചുനില്‍ക്കുന്നതിന് പകരം ഇന്ത്യയുടെ പരമാധികാരത്തിലും സ്വാശ്രയത്തിലും കേന്ദ്രം വിട്ടുവീഴ്ച ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ 1.44 ബില്യണ്‍ ജനങ്ങള്‍ യു.എസുമായുള്ള കരാര്‍ അംഗീകരിക്കില്ലെന്നും സുര്‍ജേവാല പറഞ്ഞു. ഇന്ത്യയിലേത് നിസഹായ സര്‍ക്കാരോ അതോ ശക്തമായ സര്‍ക്കാരോ, ഇത് സ്വാശ്രയ ഇന്ത്യയോ അതോ അമേരിക്കയെ ആശ്രയിക്കുന്ന ഇന്ത്യയോ എന്നീ ചോദ്യങ്ങളും കോണ്‍ഗ്രസ് എം.പി ഉന്നയിച്ചു.
അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തെ കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കുമെന്നും സുര്‍ജേവാല ചൂണ്ടിക്കാട്ടി.
2025-26ല്‍ ഇന്ത്യയുടെ ധാന്യ ഉത്പാദനം 43 ദശലക്ഷം മെട്രിക് ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷ. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം ഡി.ഡി.ജി ധാന്യങ്ങള്‍ ഉത്പാദനിപ്പിക്കുന്നുണ്ട്.
അമേരിക്കയാണെങ്കില്‍ 425 ദശലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് വിറ്റഴിക്കാന്‍ ഇന്ത്യ പോലുള്ളൊരു വിപണി യു.എസിന് ആവശ്യമാണെന്നും സുര്‍ജേവാല ചൂണ്ടിക്കാട്ടി. അങ്ങനെയിരിക്കെ യു.എസില്‍ നിന്നുള്ള ഡ്യൂട്ടി ഫ്രീ ചോളം ഇന്ത്യന്‍ വിപണിയിൽ എത്തിയാല്‍ രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നടത്തിയ അവകാശവാദവും കോണ്‍ഗ്രസ് നേതാവ് പരാമര്‍ശിച്ചു. 2024ലെ യു.എസ് ഉപരോധത്തെ തുടര്‍ന്ന് ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയിരുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത് ഇറാന്‍ ഇന്ത്യക്ക് എണ്ണ വിറ്റിരുന്നത് ഡോളറിലാണെന്നും സുര്‍ജേവാല ഓര്‍മിപ്പിച്ചു.
ഇന്ത്യയിലെ എണ്ണ ഇറക്കുമതി രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയുടെ ഭാഗമാണ്. അതിന്റെ 40 ശതമാനവും റഷ്യയില്‍ നിന്നാണ്. 11 ശതമാനം ഇറാനില്‍ നിന്നും. അതായത് ഇന്ത്യയ്ക്ക് ആവശ്യമുള്ള 51 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നത് ഈ രണ്ട് രാജ്യങ്ങളില്‍ നിന്നാണ്.
2022 ഫെബ്രുവരി മുതല്‍ 2026 ജനുവരി വരെ, ഇന്ത്യ റഷ്യയില്‍ നിന്ന് 168 ബില്യണ്‍ യു.എസ് ഡോളറിന്റെ എണ്ണ ഇറക്കുമതി ചെയ്തു. വിലക്കുറവ് കാരണം ഏകദേശം 20 ബില്യണ്‍ യു.എസ് ഡോളറിന്റെ ലാഭമാണ് ഇന്ത്യക്കുണ്ടായത്. എന്നാല്‍ യു.എസുമായുള്ള കരാര്‍ അനുസരിച്ച് ഇന്ത്യന്‍ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങേണ്ടി വരുമെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ
Content Highlight: US-India deal sacrificed farmers: Surjewala