| Saturday, 7th February 2026, 8:52 am

യു.എസ്-ഇന്ത്യ കരാര്‍ കര്‍ഷകരുടെ താത്പര്യം ഉറപ്പാക്കി; സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും സഹായകം: പിയൂഷ് ഗോയല്‍

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: യു.എസ്-ഇന്ത്യ വ്യാപാര കരാറില്‍ കൂടുതല്‍ വിശദാംശങ്ങളുമായി വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. യു.എസുമായുള്ള കരാര്‍ ഇന്ത്യയിലെ കര്‍ഷകരുടെ താത്പര്യം ഉറപ്പാക്കിയെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

രാജ്യത്തെ കാര്‍ഷിക, ക്ഷീര ഉത്പന്നങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കയുമായുള്ള ഇടക്കാല വാണിജ്യ കരാര്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് 30 ട്രില്യണ്‍ യു.എസ് ഡോളറിന്റെ വിപണിയിലേക്കുള്ള പ്രവേശനം സാധ്യമാക്കുമെന്നാണ് പിയൂഷ് ഗോയലിന്റെ വാദം.

ഈ കരാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗോയല്‍ പറഞ്ഞു. മാത്രമല്ല, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമാണ് യു.എസുമായുള്ള വാണിജ്യ കരാര്‍ കൂടുതല്‍ സഹായകമാകുകയെന്നും മന്ത്രി എഴുതി.

ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍, പാദരക്ഷകള്‍, പ്ലാസ്റ്റിക്, റബ്ബര്‍ ഉത്പന്നങ്ങള്‍, ജൈവ രാസവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, തെരഞ്ഞെടുത്ത യന്ത്രങ്ങള്‍ എന്നിവയ്ക്ക് വലിയ വിപണിയാണ് ലഭ്യമാകുക.

ചോളം, ഗോതമ്പ്, അരി, സോയ, കോഴി, പാല്‍, ചീസ്, എത്തനോള്‍, പുകയില, പച്ചക്കറികള്‍, മാംസം മുതലായവയുടെ തീരുവ കുറയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്തെ ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍സ്, രത്‌നങ്ങള്‍, വജ്രങ്ങള്‍, വിമാന ഭാഗങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള ഉത്പന്നങ്ങളുടെ തീരുവ പൂജ്യത്തിലെത്തുമെന്നും അദ്ദേഹം പറയുന്നു.

വിമാന ഭാഗങ്ങള്‍ക്ക് സെക്ഷന്‍ 232 പ്രകാരം ഇളവ് ലഭിക്കുകയെന്നും മന്ത്രി അറിയിച്ചു. ഇതിലൂടെ ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുമെന്നും മെയ്ക്ക് ഇന്‍ ഇന്ത്യ കൂടുതല്‍ ശക്തിപ്പെടുമെന്നും പിയുഷ് ഗോയല്‍ പറഞ്ഞു.

വികസിത് ഭാരതത്തിലേക്കുള്ള യാത്രയുടെ ഭാഗമാണ് യു.എസുമായുള്ള ഇന്ത്യന്‍ വാണിജ്യ കരാറെന്നും പിയുഷ് ഗോയല്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ യു.എസുമായുള്ള കരാര്‍ സംബന്ധിച്ച് മന്ത്രി വ്യക്തത നല്‍കിയിരുന്നില്ല. സാങ്കേതിക നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നും അതിനുശേഷം വിശദാംശങ്ങള്‍ പുറത്തുവിടുമെന്നുമായിരുന്നു മന്ത്രി അറിയിച്ചത്.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് യു.എസുമായുള്ള കരാര്‍ തയ്യാറാക്കിയത്. ഈ കരാര്‍ കാര്‍ഷിക-ക്ഷീര-മത്സ്യ മേഖലകളെ സംരക്ഷിക്കുന്നതാണെന്നും മന്ത്രി പറഞ്ഞിരുന്നു.

യു.എസ് മറ്റ് രാജ്യങ്ങളുമായി ഉണ്ടാക്കിയതിനേക്കാള്‍ മികച്ച കരാറാണ് ഇന്ത്യയുമായി ഒപ്പുവെച്ചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Content Highlight: US-India agreement ensures interests of farmers; will be helpful for women and youth: Piyush Goyal

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more