| Thursday, 23rd October 2025, 12:47 pm

റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു.എസ്; ക്രൂഡ് ഓയില്‍ വിലയില്‍ കുതിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ റഷ്യന്‍ എണ്ണയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി യു.എസ്. റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികള്‍ക്കെതിരെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തി. റോസ്‌നെഫ്റ്റ്, ലുക്കോയില്‍ എന്നീ കമ്പനികള്‍ക്കെതിരെയാണ് നടപടി.

ബുധനാഴ്ച യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഉപരോധം പ്രഖ്യാപിച്ചതായി മാധ്യമങ്ങളെ അറിയിച്ചു. നവംബര്‍ 21 വരെ റഷ്യന്‍ എണ്ണക്കമ്പനികളുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവെക്കുമെന്ന് പ്രസ്താവനയിലൂടെ ബെസെന്റ് അറിയിച്ചു. അര്‍ത്ഥശൂന്യമായ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറല്ലാത്തതിനാലാണ് ഉപരോധമെന്ന് അദ്ദേഹം വിശദീകരിച്ചു.

അതേസമയം, യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു. ബ്രെന്റ് ക്രൂഡിന് 3.8 ശതമാനം വിലവര്‍ധിച്ച് ബാരലിന് 64.95 യു.എസ് ഡോളറിനാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച മാത്രം 2 ശതമാനം വില വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 60 ഡോളറിനാണ് തിങ്കളാഴ്ച വ്യാപാരം നടന്നിരുന്നത്. ഈ നിരക്കിലാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കണ്ടിട്ടില്ല. റഷ്യയുടെ വരുമാനത്തിന് വലിയ തിരിച്ചടി നല്‍കുന്ന സമ്മര്‍ദ തന്ത്രത്തിലൂടെ യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാനാണ് യു.എസിന്റെ നീക്കങ്ങള്‍.

ഇതിന്റെ റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ ട്രംപ് ഭീമമായ തീരുവ ചുമത്തിയിരുന്നു.

ഉക്രൈനില്‍ സമാധാനം പുനസ്ഥാപിക്കാനായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും കൂടുതല്‍ രാജ്യങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു.

അതേസമയം, യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യന്‍ കമ്പനികളുമായി എണ്ണ വ്യാപാരം നടത്തുന്നുണ്ടോ എന്നത് സംബന്ധിച്ച് ഇന്ത്യന്‍ എണ്ണ കമ്പനികളും വിശദമായ പരിശോധന നടത്തുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ റോസ്‌നെഫ്റ്റില്‍ നിന്നും ലുക്കോയിലില്‍ നിന്നും എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാനായി രേഖകള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യന്‍ കമ്പനികളില്‍ നിന്നും നേരിട്ട് കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികള്‍ എണ്ണവാങ്ങുന്നത് അപൂര്‍വമായാണ്. ഇടനിലക്കാരുമായാണ് കമ്പനികളുടെ ഇടപാടുകള്‍.

Content Highlight: US imposes sanctions on two of Russia’s largest oil companies; crude oil prices surge

We use cookies to give you the best possible experience. Learn more