വാഷിങ്ടണ്‍: ഇറാനെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആറ് കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ഇറാനില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങളും മറ്റും വാങ്ങിയെന്ന് ആരോപിച്ചാണ് ഈ തീരുമാനം.
ഇറാന്‍ എണ്ണവിത്പനയില്‍ നിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കാനും സ്വന്തം ജനങ്ങളെ അടിച്ചമര്‍ത്താനും ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാണ് യു.എസ് ഈ കടുത്ത തീരുമാനത്തില്‍ എത്തിയത്.
‘പ്രസിഡന്റ് ട്രംപ് പറഞ്ഞത് പോലെ ഇറാനിയന്‍ എണ്ണയോ പെട്രോകെമിക്കലുകളോ വാങ്ങുന്ന ഏതൊരു രാജ്യമോ വ്യക്തിയോ യു.എസ് ഉപരോധത്തിന്റെ അപകടസാധ്യതയ്ക്ക് വിധേയരാകുന്നു. അതിന് പുറമെ അവരെ അമേരിക്കയുമായി ബിസിനസ് നടത്താന്‍ പിന്നീട് അനുവദിക്കില്ല,’ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
ആറ് ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ ചൈന, യു.എ.ഇ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ ആസ്ഥാനമായുള്ള ഇരുപതോളം കമ്പനികള്‍ക്കെതിരെയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉപരോധം ഏര്‍പ്പെടുത്തിയത്.
ആല്‍കെമിക്കല്‍ സൊലൂഷ്യന്‍സ്, കാഞ്ചന്‍ പോളിമേഴ്‌സ്, ജൂപിറ്റര്‍ ഡൈ കെം, റാംനിക്ലാല്‍ എസ് ഗോസാലിയ ആന്‍ഡ് കമ്പനി, ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ്, പെഴ്‌സിസ്റ്റന്റ് പെട്രോകെം തുടങ്ങിയ കമ്പനികളാണ് ഇന്ത്യന്‍ ആസ്ഥാനമായ കമ്പനികള്‍.
ഇറാനിയന്‍ അസംസ്‌കൃത എണ്ണ, പെട്രോളിയം ഉത്പന്നങ്ങള്‍, പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയും വാങ്ങലും സുഗമമാക്കിയ ടെര്‍മിനല്‍ ഓപ്പറേറ്റര്‍, വെസല്‍ മാനേജ്മെന്റ് കമ്പനികള്‍, മൊത്തവ്യാപാരികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിട്ടുണ്ട്.
Content Highlight: US imposes sanctions on six India-based companies as part of toughening stance against Iran