വാഷിങ്ടണ്‍: ‘മൂന്നാം ലോകരാജ്യങ്ങള്‍ക്ക്’ സമ്പൂര്‍ണ കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കയെ സ്‌നേഹിക്കാന്‍ കഴിയാത്തവരെ രാജ്യത്ത് നിന്നും പുറത്താക്കുമെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിന് സമീപത്തുണ്ടായ വെടിവെപ്പില്‍ ഒരു നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ട്രംപ് തന്റെ തീരുമാനം കടുപ്പിക്കുന്നത്.
കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് യു.എസ് സര്‍ക്കാര്‍ കുടിയേറ്റ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അഫ്ഗാനിസ്ഥാന്‍, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനി, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുർക്മെനിസ്ഥാൻ, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കാണ് ഈ നിയന്ത്രണം ബാധകമാകുക.
മുന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയ നിയമവിരുദ്ധ പ്രവേശനങ്ങളെല്ലാം ഇതോടെ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് ഈ തീരുമാനത്തില്‍ എത്തിയത്.
യു.എസ് പൗരന്മാരല്ലാത്തവര്‍ക്കുള്ള മുഴുവന്‍ ഫെഡറല്‍ ആനുകൂല്യങ്ങളും അവസാനിപ്പിക്കും, സബ്സിഡികള്‍ തടസപ്പെടുത്തും, ആഭ്യന്തര സമാധാനത്തിന് തുരങ്കം വെയ്ക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കും, അമേരിക്കയ്ക്ക് ഭീഷണിയാകുന്ന ഏതൊരു പൗരനെയും നാടുകടത്തും തുടങ്ങിയ പ്രഖ്യാപനങ്ങളും ട്രംപ് നടത്തി.
അമേരിക്കയിലെ സാമൂഹിക അപര്യാപ്തതയ്ക്ക് കാരണം അഭയാര്‍ത്ഥി ജനസംഖ്യയാണെന്നും ട്രംപ് ആരോപിച്ചു. യു.എസ് പൗരന്മാരെയും പ്രസിഡന്റ് വിമര്‍ശിച്ചു.
‘ലോകത്തുടനീളമുള്ള ചില വിഡ്ഢി രാജ്യങ്ങളെപോലെ നമ്മുടെ രാജ്യത്തെ വിഭജിക്കാനും തകര്‍ക്കാനും കൊള്ളയടിക്കാനും പരിഹസിക്കാനും കൂട്ടുനിന്ന അമേരിക്കന്‍ പൗരന്മാര്‍ക്കും ദേശസ്‌നേഹികള്‍ക്കും നന്ദി അറിയിക്കുന്നു,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അതേസമയം വൈറ്റ് ഹൗസിന് സമീപത്തുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സാറാ ബെക്‌സ്‌ട്രോം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ആന്‍ഡ്രൂ വോള്‍ഫിന്‍ എന്നയാള്‍ പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്.
അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ റഹ്‌മാനുള്ള ലക്ന്‍വാള്‍ എന്നയാളാണ് യു.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന് സുരക്ഷാ സേന സ്ഥിരീകരിച്ചിരുന്നു. ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം (Operation Allies Welcome) എന്ന് പേരിട്ട യു.എസ് പദ്ധതിയിലൂടെയാണ് പ്രതി അമേരിക്കയില്‍ എത്തിയതെന്നാണ് വിവരം.
2021ലാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തത്. ഇക്കാലയളവില്‍ യു.എസ് സൈന്യവും അഫ്ഗാനില്‍ നിന്ന് പിന്മാറിയിരുന്നു. ശേഷം ‘ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം’ പദ്ധതിയിലൂടെ പ്രസിഡന്റ് ജോ ബൈഡന്‍ അഫ്ഗാനികളെ യു.എസിലേക്ക് സ്വാഗതം ചെയ്തിരുന്നു.
Content Highlight: US imposes complete immigration ban on ‘Third World’ countries including Afghanistan