| Wednesday, 25th June 2025, 7:40 am

ഇറാന്റെ ആണവകേന്ദ്രങ്ങളെ തകര്‍ക്കാന്‍ അമേരിക്കക്ക് സാധിച്ചിട്ടില്ല: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇറാന്റെ ആണവ പദ്ധതികളെ വൈകിപ്പിക്കാന്‍ മാത്രമേ സാധിച്ചിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

12 ദിവസം നീണ്ടുനിന്ന ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാനെ വൈകിപ്പിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. 30,000 പൗണ്ട് ബോംബുകള്‍ വിന്യസിച്ചത് ഇറാന്റെ ആണവ പദ്ധതിയെ തകര്‍ത്തുകളഞ്ഞുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇതിനെ തിരുത്തുന്നതാണ് നിലവില്‍ വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്നാണ് വിവരം.

കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങള്‍ക്കടുത്താണ് ആക്രമണമുണ്ടായതെന്നും ഭൂഗര്‍ഭ അറകള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഇറാന്റെ യൂറേനിയം ശേഖരം ഇല്ലാതാക്കാന്‍ ആക്രമണത്തിന് കഴിഞ്ഞിട്ടില്ലെന്നും ഭൂഗര്‍ഭ ആഴത്തില്‍ കുഴിച്ചിട്ടിരിക്കുന്ന രാജ്യത്തിന്റെ ആണവ പദ്ധതിക്ക് ഒന്നോ രണ്ടോ മാസത്തെ കാലതാമസമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും മറ്റ് റിപ്പോര്‍ട്ടുകളുമുണ്ട്.

അതേസമയം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നാണ് വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്. ഇറാന്റെ ആണവ പദ്ധതി തകര്‍ത്തുവെന്നാണ് ട്രംപ് ഭരണകൂടം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗണ്‍സിലിനെ അറിയിച്ചത്. ഇറാനെതിരായ ആക്രമണങ്ങള്‍ ആണവ ഭീഷണി ഇല്ലാതാക്കിയെന്നും ഇറാന്റെ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും പറഞ്ഞു.

ഇസ്രഈല്‍- ഇറാന്‍ ആക്രമണത്തിനിടെ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈലിന്റെ സഖ്യകക്ഷിയായ അമേരിക്കയും ആക്രമണം നടത്തിയിരുന്നു. ഇറാനിലെ ഫെര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് നേരത്തെ തന്നെ ഇറാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

പിന്നാലെ ഖത്തറിലെ യു.എസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തി. ഇതിന് പിന്നാലെയാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ ട്രംപിന്റെ നിര്‍ദേശപ്രകാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇറാന്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിത്.

ഇന്നലെ (ചൊവ്വ) രാവിലെയോടെയാണ് ദിവസങ്ങള്‍ നീണ്ടുനിന്ന ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷം അവസാനിപ്പിച്ചുകൊണ്ട് അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വെടിനിര്‍ത്തലിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാചിച്ചതിനാലാണ് ഇറാന്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.

12 ദിവസത്തെ നേര്‍ക്കുനേര്‍ ആക്രമണത്തിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ജൂണ്‍ 13ന് ഇസ്രഈല്‍ ആരംഭിച്ച ആക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇസ്രഈല്‍ ആക്രമണത്തില്‍ 950 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മരിച്ചവരില്‍ 380 സാധാരണക്കാരും 253 സേനാംഗങ്ങളുമാണെന്നാണ് വിവരം. 3450 ഓളം പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റു.

Content Highlight: US has not been able to destroy Iran’s nuclear facilities: Intelligence report

We use cookies to give you the best possible experience. Learn more