| Thursday, 30th July 2026, 10:45 pm

അമേരിക്കയ്ക്ക് വമ്പന്‍ തിരിച്ചടി! സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ ഇടിവ്, ആശങ്കയായി പണപ്പെരുപ്പവും

ആദർശ് എം.കെ.

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ വളര്‍ച്ചാ നിരക്കില്‍ രണ്ടാം പാദത്തില്‍ കുറവ് രേഖപ്പെടുത്തി. പണപ്പെരുപ്പവും വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വലിയ തോതില്‍ സമ്മര്‍ദത്തിലാക്കിയെന്നാണ് റിപ്പോര്‍ട്ട്.

2026ന്റെ രണ്ടാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 1.5% നിരക്കിലാണ് വളര്‍ന്നത്. ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയ 2.1% വളര്‍ച്ചയേക്കാള്‍ കുറവാണിത്. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്ന 2.1% വളര്‍ച്ചാ നിരക്കിന് താഴെയാണ് നിലവിലെ വളര്‍ച്ചയെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സമ്പദ്‌വ്യവസ്ഥയില്‍ മന്ദഗതിയുണ്ടെങ്കിലും ഉപഭോക്തൃ ചെലവ് 3.2% എന്ന മികച്ച നിരക്കില്‍ വര്‍ധിച്ചു. ഒന്നാം പാദത്തില്‍ ഇത് വെറും 0.5% മാത്രമായിരുന്നു. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം ഉയര്‍ന്ന നികുതി റീഫണ്ടുകളും ഫിഫ ലോകകപ്പ് പോലുള്ള വലിയ ആഗോള ഇവന്റുകളുമാണ് ഈ വര്‍ധനവിന് പ്രധാന കാരണമായത്.

ഐ.ടി രംഗത്തെ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ രാജ്യത്തെ ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്. ബിസിനസ് ഉപകരണങ്ങള്‍ക്കായുള്ള നിക്ഷേപത്തില്‍ 15.2% വര്‍ധനവുണ്ടായി. അതേസമയം, എ.ഐ സാങ്കേതികവിദ്യയുടെ വികസനത്തിനും നിര്‍മാണത്തിനുമായി സെമി കണ്ടക്ടറുകളും കമ്പ്യൂട്ടര്‍ പാര്‍ട്‌സും വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മിയുടെ വര്‍ധനവിനും വഴിയൊരുക്കി.

മെയ് മാസത്തില്‍ അമേരിക്കയുടെ വ്യാപാരക്കമ്മി 42.2% വര്‍ധിച്ച് 77.6 ബില്യണ്‍ ഡോളറിലെത്തി. ഇത് ജി.ഡി.പി വളര്‍ച്ചയില്‍ 1.01 ശതമാനത്തിന്റെ കുറവുണ്ടാക്കാന്‍ കാരണമായി.

പണപ്പെരുപ്പം അളക്കുന്ന പേഴ്‌സണല്‍ കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (പി.സി.ഇ) സൂചിക രണ്ടാം പാദത്തില്‍ 5.1% ആയി ഉയര്‍ന്നു. അതേസമയം, പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. നിലവില്‍ പലിശ നിരക്ക് 3.50% – 3.75% പരിധിയിലാണ് തുടരുന്നത്.

ഇറാനുമായുള്ള സംഘര്‍ഷങ്ങള്‍ കാരണം ആഗോളതലത്തില്‍ എണ്ണവില ഗണ്യമായി വര്‍ധിച്ചു. അമേരിക്കയില്‍ ഒരു ഗാലണ്‍ പെട്രോളിന്റെ ശരാശരി വില നിലവില്‍ 4 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്.

സാമ്പത്തിക മന്ദഗതിക്കിടയിലും അമേരിക്കയിലെ തൊഴില്‍ വിപണി ശക്തമായി തുടരുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസമാകുന്നുണ്ട്. തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകളുടെ എണ്ണം ചരിത്രപരമായ കുറഞ്ഞ നിരക്കിലാണുള്ളത്.

ജി.ഡി.പി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മൈക്രോസോഫ്റ്റ് അടക്കമുള്ള വന്‍കിട ടെക് കമ്പനികളുടെ മികച്ച പ്രകടനമാണ് വിപണിക്ക് കരുത്തായത്.

എന്നാല്‍ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണവില ഔണ്‍സിന് 4,108.30 ഡോളറായി ഉയര്‍ന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഉയര്‍ന്ന പണപ്പെരുപ്പവും വരും മാസങ്ങളിലും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയായി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Content Highlight: US GDP growth is slowing as inflation and the trade deficit put the economy under pressure.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more