വാഷിങ്ടണ്‍: ഇറാന് നേര്‍ക്ക് ആക്രമണങ്ങള്‍ ശക്തമാക്കി യു.എസ്. ഇറാന് നേര്‍ക്ക് പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ആക്രമണങ്ങള്‍ വീണ്ടും ആരംഭിച്ചത്.
കഴിഞ്ഞ ദിവസവും യു.എസ് ഇറാന് നേര്‍ക്ക് ആക്രമണങ്ങള്‍ നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാനും പ്രത്യാക്രമണങ്ങള്‍ നടത്തി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ആക്രമണം ശക്തമാക്കുന്നതായി യു.എസ് പ്രഖ്യാപിക്കുന്നത്.
തങ്ങളുടെ ആക്രമണത്തില്‍ യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ പറഞ്ഞിരുന്നു. കുവൈത്തിലെ യു.എസ് സൈനിക കേന്ദ്രത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തിലായിരുന്നു സൈനികര്‍ കൊല്ലപ്പെട്ടത്.
യു.എസ് സേനാ അംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന ഇറാന്റെ വാദം സെന്റ് കോം നിഷേധിച്ചിട്ടുണ്ട്. മേഖലയില്‍ യു.എസ് സേനാ അംഗങ്ങള്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളില്ലെന്ന് സെന്റ്‌കോം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
എന്നാല്‍ കുവൈത്തിലെ ഷുഐബ തുറമുഖത്തെ യു.എസ് സൈനിക താവളത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ആറ് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 12 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. അപായ മുന്നറിയിപ്പ് ലഭിച്ചിട്ടും യു.എസ് ജനറല്‍മാര്‍ അത് അവഗണിച്ചതാണ് സൈനികര്‍ കൊല്ലപ്പെടാന്‍ കാരണമെന്ന് ആക്രമണത്തെ അതിജീവിച്ചവര്‍ പറഞ്ഞതായും വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.എസ് ആക്രമണങ്ങളെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടയുന്നതായി ഇറാന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മേഖലയിലെ യു.എസ് ഇടപെടല്‍ അവസാനിപ്പിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നായിരുന്നു ഇറാന്റെ പ്രഖ്യാപനം. എന്നാല്‍ ഹോര്‍മുസ് അടച്ചിട്ടില്ലെന്നും ഇപ്പോഴും കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സഞ്ചരിക്കാമെന്നും സെന്റ്‌കോം അവകാശപ്പെട്ടു.
‘അന്താരാഷ്ട്ര സമുദ്ര പാതയിലൂടെ നിയമവിധേയമായി യാത്ര ചെയ്യുന്ന എല്ലാ കപ്പലുകള്‍ക്കും ഹോര്‍മുസിലൂടെ യാത്ര ചെയ്യാം. ഇറാനല്ല ഹോര്‍മുസിനെ നിയന്ത്രിക്കുന്നത്.’ യു.എസ് സൈന്യം മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും സെന്റ്‌കോമിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇറാനിലെ മഹാഷാര്‍ നഗരത്തില്‍ ഒരു കാര്‍ഷിക ജലസേചന കേന്ദ്രത്തിന് നേര്‍ക്കുണ്ടായ യു.എസ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ 140 ഇടത്ത് ആക്രമണം നടത്തിയതായാണ് യു.എസ് പറയുന്നത്. ഹോര്‍മുസിനോട് ചേര്‍ന്ന തെക്കന്‍ തീരമേഖലകളില്‍ ആക്രമണങ്ങളുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബന്ദര്‍ അബ്ബാസ്, സിരിക്, ചബാഹാര്‍, ബന്ദര്‍ എ ദെയ്ര്, അസലുയെഹ് തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണമുണ്ടായത്.
യു.എസ് ആക്രമണങ്ങള്‍ ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇന്നലെ ഇറാന് നേര്‍ക്കുണ്ടായ യു.എസ് ആക്രമണങ്ങളെക്കുറിച്ചാണ് പ്രസ്താവന.
‘ഈ ആക്രമണങ്ങള്‍ യു.എന്‍ ചട്ടങ്ങളുടെ അടിസ്ഥാന തത്വങ്ങളെ പോലും ലംഘിക്കുന്നവയാണ്. മാത്രമല്ല അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതുമാണ്,’ എന്ന് പ്രസ്താവനയില്‍ പറയുന്നു.
ഇറാനില്‍ സൈനിക മേഖലകള്‍ക്കും സിവിലിയന്‍ മേഖലകള്‍ക്കും നേര്‍ക്ക് നടക്കുന്ന യു.എസ് ആക്രമണങ്ങള്‍ ആശങ്കപ്പെടുത്തുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം നിര്‍ത്തിവയ്ക്കുന്നതിനുള്ള ഇടക്കാല ധാരണാപത്രത്തില്‍ കഴിഞ്ഞ മാസം യു.എസും ഇറാനും ഒപ്പുവച്ചിരുന്നു. ധാരണാ പത്രത്തില്‍ ഒപ്പുവച്ച ശേഷം ഇതാദ്യമായാണ് സംഘര്‍ഷം ഇത്രയും രൂക്ഷമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്‍ ഖത്തറിലെ യു.എസ് വ്യോമ താവളങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണം നടത്തിയതായി റോയിറ്റേഴ്‌സിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസ്-ഇറാന്‍ ചര്‍ച്ചകളിലെ മധ്യസ്ഥരായിരുന്ന ഖത്തറിനു നേര്‍ക്ക് ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ആക്രമണമുണ്ടാവുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമേഷ്യയില്‍ ബഹ്‌റൈന്‍, കുവൈറ്റ്, ജോര്‍ദൈന്‍, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തിയതായി ഇറാന്‍ പറയുന്നു. രാജ്യത്തിന്റെ തെക്കന്‍ തീരമേഖലക്ക് നേര്‍ക്കുണ്ടായ യു.എസ് ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ഈ ആക്രമണങ്ങളെന്നും ഇറാന്‍ പറയുന്നു.
പുതിയ ആക്രമണങ്ങള്‍ നടത്തിയതിലൂടെ വെടിനിര്‍ത്തല്‍ കരാര്‍ യു.എസ് ലംഘിച്ചതായി ഇറാന്‍ ആരോപിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ക്രമീകരണങ്ങള്‍ക്ക് യു.എസ് വില കല്‍പിച്ചില്ല. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് 25 ദിവസം മാത്രം പിന്നിട്ടപ്പോളാണ് യു.എസ് അത് ലംഘിക്കുന്നതെന്നും ഇറാന്‍ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, യു.എസ് ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് എണ്ണ വില വര്‍ധിച്ചു. ആഗോള എണ്ണ വിപണിയില്‍ ബെന്റ് ക്രൂഡ് വില മൂന്ന് ശതമാനം ഉയര്‍ന്ന് ബാരലിന് 78 ഡോളറായി.
Content Highlights: US Fresh Attacks on Iran, Iran Condemns US Attacks