| Wednesday, 14th January 2026, 2:44 pm

വെനസ്വേലന്‍ ബന്ധമുള്ള ഡസന്‍കണക്കിന് കപ്പലുകള്‍ പിടിച്ചെടുക്കാനുള്ള വാറണ്ടുകള്‍ ഫയല്‍ ചെയ്ത് അമേരിക്ക

മുഹമ്മദ് നബീല്‍

വാഷിങ്ടണ്‍: വെനസ്വേല എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട ഡസന്‍ കണക്കിന് ടാങ്കറുകള്‍ പിടിച്ചെടുക്കാന്‍ വാറണ്ടുകള്‍ ഫയല്‍ ചെയ്ത് യു.എസ്. തെക്കേ അമേരിക്കയിലേക്കും പുറത്തേക്കുമുള്ള എണ്ണ കയറ്റുമതിയുടെ നിയന്ത്രണം വാഷിങ്ടണ്‍ കേന്ദ്രികരിക്കുന്നതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എണ്ണ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചരക്കുകളും കപ്പലുകളും പിടിച്ചെടുക്കാനും കണ്ടുകെട്ടാനും വേണ്ടി യു.എസ് സര്‍ക്കാര്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ ജില്ലാ കോടതികളില്‍ ഒന്നിലധികം സിവില്‍ ജപ്തി നടപടികള്‍ ഫയല്‍ ചെയ്തിട്ടുന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ചകളില്‍ അന്താരാഷ്ട്ര ജലപാതയില്‍ വെച്ച് അഞ്ച് കപ്പലുകള്‍ യു.എസ് സൈന്യവും കോസ്റ്റ് ഗാര്‍ഡും പിടിച്ചെടുത്തിരുന്നു .വെനസ്വേലന്‍ എണ്ണ കൊണ്ടുപോകുന്നതോ, മുന്‍കാലങ്ങളില്‍ കൊണ്ടുപോയിരുന്നതോ ആയ കപ്പലുകളാണ് പിടിച്ചെടുത്തത്.

തടഞ്ഞ കപ്പലുകള്‍ പലതും യു.എസ് ഉപരോധത്തിന് വിധേയമായിരുന്നു അല്ലെങ്കില്‍ ഉപരോധം നേരിടുന്ന ഇറാന്‍, റഷ്യ, വെനസ്വല എന്നിവിടങ്ങളില്‍ നിന്നുള്ള ‘ഷാഡോ ഫ്‌ലീറ്റിന്റെ’ ഭാഗമായിരുന്നു.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള വാഷിംഗ്ടണിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഈ പിടിച്ചെടുക്കലുകള്‍. ജനുവരി 3 ന് യു.എസ് സൈന്യം അദ്ദേഹത്തെ പിടികൂടുകയും ചെയ്തു.

വെനസ്വേലയിലെ തകര്‍ന്ന എണ്ണ വ്യവസായം പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്നതായും, എണ്ണ സ്രോതസ്സുകള്‍ നിയന്ത്രിക്കാന്‍ പദ്ധതിയിടുന്നതായും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഓഫീസ് പ്രതികരിച്ചിരുന്നു.

ഡിസംബറില്‍ വെനസ്വേലയില്‍ നിന്നുമുള്ള എണ്ണകയറ്റുമതിക്ക് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കന്‍ മേല്‍നോട്ടത്തില്‍ ഈ ആഴ്ച കയറ്റുമതി പുനരാരംഭിച്ചു.

വെനിസ്വേലന്‍ ക്രൂഡ് ഓയില്‍ പ്രധാനമായും വാങ്ങുന്ന ചൈനയിലേക്ക് കൊണ്ടുപോകുന്ന നിരവധി ടാങ്കറുകള്‍ ഇപ്പോഴും കടലില്‍ ഉണ്ട്. വെനിസ്വേലയുമായോ ഇറാനുമായോ എണ്ണ വ്യാപാരം നടത്തിയതിന് യു.എസ് ഈ കപ്പലുകളില്‍ പലതിനും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
‘ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന സമയത്തും സ്ഥലത്തും വെനിസ്വേലന്‍ എണ്ണ കൊണ്ടുപോകുന്ന എല്ലാ ഡാര്‍ക്ക് ഫ്‌ലീറ്റ് കപ്പലുകളെയും ആക്രമിക്കുകയും നിരോധിക്കുകയും ചെയ്യും’ എന്നാണ് പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ വെള്ളിയാഴ്ച എക്സില്‍ കുറിച്ചത്.

Content Highlight: U.S files for warrants to seize dozens more Venezuela-linked oil tankers, sources

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more