| Friday, 29th May 2026, 10:27 pm

ട്രംപിന് കനത്ത തിരിച്ചടി; വിവാദമായ 1.8 ബില്യണ്‍ ഡോളറിന്റെ ഫണ്ടിന് യു.എസ് കോടതി പൂട്ടിട്ടു

ആദർശ് എം.കെ.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച വിവാദപരമായ 1.776 ബില്യണ്‍ ഡോളറിന്റെ ‘ആന്റി-വെപ്പണൈസേഷന്‍ ഫണ്ട്’ (Anti-Weaponization Fund) താത്കാലികമായി തടഞ്ഞുവെച്ച് യു.എസ് ഫെഡറല്‍ ജഡ്ജ്.

വിര്‍ജീനിയയിലെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോണി ബ്രങ്കേമയാണ് വെള്ളിയാഴ്ച ഫണ്ട് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ഫണ്ട് സ്ഥാപിക്കുന്നതിനോ പ്രവര്‍ത്തിപ്പിക്കുന്നതിനോ ഉള്ള മറ്റ് നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും ഭരണകൂടത്തെ കോടതി വിലക്കി. തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം പണം വിതരണം ചെയ്യപ്പെടുന്നത് തടയാനാണ് ഈ നടപടിയെന്ന് ജഡ്ജി വ്യക്തമാക്കി.

ഈ വിലക്ക് തുടരണമോ എന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ജൂണ്‍ 12ന് കോടതി കൂടുതല്‍ വാദം കേള്‍ക്കും.

ഫെഡറല്‍ ഗവണ്‍മെന്റ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അന്യായമായി അന്വേഷിക്കുകയോ വിചാരണ ചെയ്യുകയോ ചെയ്തു എന്ന് അവകാശപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

തന്റെ നികുതി രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര റവന്യൂ സര്‍വീസിനെതിരെ (ഐ.ആര്‍.എസ്) ട്രംപ് നല്‍കിയിരുന്ന 10 ബില്യണ്‍ ഡോളറിന്റെ കേസ് പിന്‍വലിച്ചതിന് പകരമായാണ് ഈ ഒത്തുതീര്‍പ്പ് ഫണ്ട് രൂപീകരിച്ചത്.

കോടതി ഉത്തരവുകള്‍ക്കും നിയമപരമായ ഒത്തുതീര്‍പ്പുകള്‍ക്കുമായി മാറ്റിവെച്ചിട്ടുള്ള ഫെഡറല്‍ ജഡ്ജ്മെന്റ് ഫണ്ടില്‍ നിന്നുള്ള നികുതിപ്പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് നിയമിക്കുന്ന അഞ്ചംഗ കമ്മീഷനാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായവരെ തീരുമാനിക്കുന്നത്.

ഈ ഫണ്ട് ജനുവരി ആറിലെ ക്യാപിറ്റോള്‍ ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്കും ട്രംപിന്റെ മറ്റ് രാഷ്ട്രീയ അനുയായികള്‍ക്കും പണം നല്‍കാനുള്ള ഒരു സംവിധാനമായി മാറുമെന്ന ആരോപണമാണ് ഫണ്ടിനെതിരെ പ്രധാനമായും ഉയരുന്നത്.

ആര്‍ക്കൊക്കെ പണം നല്‍കി എന്നതിനെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതില്ല എന്നതിനാല്‍ തന്നെ ഇതൊരു ‘സ്ലഷ് ഫണ്ട്’ (Slush Fund) ആണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചല അംഗങ്ങളും ഈ നീക്കത്തെ വിമര്‍ശിച്ചിട്ടുണ്ട്.

‘ഡെമോക്രസി ഫോര്‍വേഡ്’ (Democracy Forward) എന്ന സംഘടനയാണ് ഈ ഫണ്ടിനെതിരെ പ്രധാനമായും കോടതിയെ സമീപിച്ചത്. ജനുവരി ആറിലെ കലാപക്കേസുകള്‍ കൈകാര്യം ചെയ്ത മുന്‍ പ്രോസിക്യൂട്ടര്‍ ആന്‍ഡ്രൂ ഫ്‌ളോയ്ഡ് ഉള്‍പ്പെടെയുള്ളവരാണ് ഹരജിക്കാര്‍.

ഭരണകൂടത്തിന് ഇത്തരമൊരു ഫണ്ട് രൂപീകരിക്കാന്‍ നിയമപരമായ അധികാരമില്ലെന്നാണ് ഹരജിക്കാരുടെ വാദം.

നിലവില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അഞ്ചംഗ കമ്മീഷനെ രൂപീകരിക്കാത്തതിനാല്‍ ഇതുവരെ ആര്‍ക്കും പണം നല്‍കുകയോ അപേക്ഷകള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കോടതിയുടെ പുതിയ ഉത്തരവോടെ ഫണ്ടിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Content highlight: US Federal Judge Blocks Trump’s Federal Anti-Weaponization Fund

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more