ടെഹ്‌റാൻ: അമേരിക്ക പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധങ്ങളെ ‘ഭരണകൂട ഭീകരത’ എന്ന് വിശേഷിപ്പിച്ച് ഇറാൻ. തിങ്കളാഴ്ച അമേരിക്ക പ്രഖ്യാപിച്ച പുതിയ ഉപരോധ നടപടികളെ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
ഈ ഉപരോധങ്ങൾ നടപ്പാക്കാതിരിക്കാൻ മറ്റ് രാജ്യങ്ങൾക്ക് അന്താരാഷ്ട്ര നിയമപ്രകാരം ബാധ്യതയുണ്ടെന്നും, അതിനാൽ അമേരിക്കയുടെ ഈ നടപടികൾ നടപ്പാക്കുന്നതിൽനിന്നും ലോകരാജ്യങ്ങൾ പൂർണമായും വിട്ടുനിൽക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ്’ എന്ന പേരിലാണ് അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചത്. ഇറാനെതിരായ യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതിയ നടപടികളെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിന്റെ എല്ലാ സാമ്പത്തിക സ്രോതസ്സുകളും അടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും, അമേരിക്ക ഇനി ഇറാന്റെ പ്രതിരോധം കൈകാര്യം ചെയ്യുകയല്ല മറിച്ച് അത് പൂർണമായി അവസാനിപ്പിക്കുകയാണെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രഖ്യാപിച്ചിരുന്നു.
യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്തിരുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇറാന്റെ ഈ പ്രസ്താവന പുറത്തുവന്നത്. ഹോർമുസ് കടലിടുക്കിന്റെ നിലവിലെ സ്ഥിതിയാണ് സമാധാന കരാറിലെ ഏറ്റവും വലിയ തടസ്സമായി തുടരുന്നത്.
ഇതിനിടെ, ഇറാനുമായുള്ള വ്യാപാരബന്ധങ്ങൾ അവസാനിപ്പിക്കാത്ത രാജ്യങ്ങൾക്കെതിരെ രണ്ടാംഘട്ട ഉപരോധം ഏർപ്പെടുത്തുമെന്ന് തിങ്കളാഴ്ച ഡൊണാൾഡ് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഇക്കണോമിക് ഡി-ഡേ’ എന്നാണ് അവർ ഈ നടപടിയെ വിശേഷിപ്പിച്ചത്.
ഇറാനെതിരായ അമേരിക്കൻ ഉപരോധങ്ങൾ നടപ്പാക്കുന്നതിൽനിന്ന് എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമപ്രകാരം വിട്ടുനിൽക്കേണ്ടതുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഇത്തരം ഉപരോധങ്ങളിൽ പങ്കാളികളാകുന്നത് സ്വതന്ത്ര രാജ്യങ്ങൾക്കുമേൽ ഒരു രാജ്യത്തിന്റെ നിയമവിരുദ്ധമായ താത്പര്യം അടിച്ചേൽപ്പിക്കുന്നതിൽ കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
പുതിയ അമേരിക്കൻ നടപടികൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ് എന്നും ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ആരോഗ്യത്തെയും ഉപജീവനത്തെയും ഇത് ഗുരുതരമായി അപകടത്തിലാക്കുമെന്നും ഇറാൻ വിമർശിച്ചു. നിയമവാഴ്ച സംരക്ഷിക്കാൻ മറ്റ് രാജ്യങ്ങളോടും യു.എൻ സ്ഥാപനങ്ങളോടും ഇറാൻ ആവശ്യപ്പെട്ടു.
രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന തത്വവും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം തടയരുതെന്ന വ്യവസ്ഥയും ഇത്തരം നടപടികൾ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയ മന്ത്രാലയം, ഇടപെടൽ, സൗഹൃദബന്ധം, സഹകരണം എന്നിവ സംബന്ധിച്ച് 1970ലും 1981ലും യു.എൻ ജനറൽ അസംബ്ലി പാസാക്കിയ പ്രമേയങ്ങൾ പരാമർശിക്കുകയും ചെയ്തു.
അടിസ്ഥാനരഹിതമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒന്നര വർഷമായി അമേരിക്കയും ഇസ്രാഈൽ ഇറാനെതിരെ നടത്തുന്ന ആക്രമണാത്മക യുദ്ധത്തിന്റെ തുടർച്ചയാണ് ഈ സാമ്പത്തിക യുദ്ധ പ്രഖ്യാപനമെന്ന് ഇറാൻ വിമർശിച്ചു. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ്’ എന്നത് ഇറാനിയൻ ജനതയെ ദുരിതത്തിലാക്കാനും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കാനുമുള്ള പദ്ധതിയാണ്. ഇത് പദ്ധതി തയ്യാറാക്കിയവരുടെയും നടപ്പാക്കിയവരുടെയും കുറ്റകരമായ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണെന്നും, അതിനാൽ ഇത് ഒരു അന്താരാഷ്ട്ര കുറ്റകൃത്യത്തിനും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യത്തിനും തുല്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
2018ൽ അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച ഉത്തരവിനെയും അമേരിക്കൻ ഉപരോധങ്ങൾ ലംഘിക്കുന്നതായി ഇറാൻ ചൂണ്ടിക്കാട്ടി. ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ സ്വതന്ത്ര വ്യാപാരത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങൾ നീക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
അമേരിക്കയും ഇസ്രാഈലും നടത്തുന്ന സൈനിക, സാമ്പത്തിക, ഹൈബ്രിഡ് ആക്രമണ ഭീഷണികളിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ലഭ്യമായ എല്ലാ ശേഷികളും ഉപയോഗിക്കുമെന്ന ഇറാൻ ജനതയുടെ ദൃഢനിശ്ചയം മന്ത്രാലയം ആവർത്തിക്കുകയും ചെയ്തു.
Content Highlight:‘US Engaging in State Terrorism’: Iran Urges Countries Not to Implement Sanctions.