| Wednesday, 18th June 2025, 9:01 am

ജെറുസലേമിലെ യു.എസ് എംബസി അടച്ച് പൂട്ടി അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ജറുസലേമിലെ യു.എസ് എംബസി അടച്ചു. മേഖലയിലെ സുരക്ഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രഈലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനായാണ് എംബസി മൂന്ന് ദിവസത്തേക്ക് അടച്ചിടുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു.

ജൂണ്‍ 18 ബുധനാഴ്ച മുതല്‍ ജൂണ്‍ 20 വെള്ളിയാഴ്ച വരെ എംബസി അടച്ചിടുമെന്നാണ് അറിയിപ്പ്. ഇതില്‍ ടെല്‍ അവീവിലെയും ജറുസലേമിലെയും കോണ്‍സുലര്‍ വിഭാഗങ്ങളും ഉള്‍പ്പെടുമെന്നും അറിയിപ്പില്‍ പറയുന്നു.

‘സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇസ്രഈല്‍ ഹോം ഫ്രണ്ട് കമാന്‍ഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട്, ജറുസലേമിലെ യു.എസ് എംബസി ബുധന്‍, ജൂണ്‍ 18 മുതല്‍ വെള്ളിയാഴ്ച ജൂണ്‍ 20 വരെ അടച്ചിടും. ഇതില്‍ ജറുസലേമിലെയും ടെല്‍ അവീവിലെയും കോണ്‍സുലാര്‍ വിഭാഗങ്ങളും ഉള്‍പ്പെടുന്നു,’ ഡിപാര്‍ട്ട്‌മെന്റ് എക്‌സില്‍ കുറിച്ചു.

അതേസമയം ഇന്ന് പുലര്‍ച്ചയെയും ഇറാനും ഇസ്രഈലും തമ്മിലുള്ള ആക്രമണം തുടരുന്നതായാണ് വിവരം. ഇസ്രഈലിന് നേരെ 10 ബാലിസ്റ്റിക് മിസൈലുകള് ഇറാന്‍ തൊടുത്തുവിട്ടുവെന്നും മിക്കതും ഇസ്രഈലിന് തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞുവെന്നും ഇസ്രഈല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ടെഹ്റാനിലും കരാജ് നഗരത്തിലും സ്ഫോടനമുണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം അഞ്ച് ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇറാന്റെ ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച കണക്ക് പ്രകാരം 224 പേര്‍ മരിച്ചതായും 1200ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും സാധാരണക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തില്‍ ഇറാനിലെ നിരവധി സൈനിക കമാന്റര്‍മാരെയും ആണവ ശാസ്ത്രജ്ഞന്മാരെയും കൊലപ്പെടുത്തിയതായും ഇസ്രഈല്‍ അവകാശപ്പെടുന്നുണ്ട്. ഇറാന്റെ മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും നശിപ്പിക്കപ്പെട്ടതായും ഇന്ധനം നിറക്കുന്ന വിമാനം ആക്രമിച്ചുവെന്നും ഇസ്രഈല്‍ പറയുന്നുണ്ട്.

‘യാ അലി ഇബ്നു അബി താലിബ്’ എന്ന പേരിലാണ് ഇസ്രഈലിനെതിരെ ഇറാന്‍ ആക്രമണം തുടരുന്നത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ഐ.ആര്‍.ജി.സി എയ്‌റോസ്‌പേസ് വിഭാഗം ഇസ്രഈലിലെ 545 സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: US Embassy in Jerusalem closed for three days

We use cookies to give you the best possible experience. Learn more