ടെഹ്റാന്: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ ഇസ്രഈല്‍ രാഷ്ട്രീയത്തില്‍ വിമര്‍ശനം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അമേരിക്കയിലെ സ്വാധീനം കുറഞ്ഞുവരുന്നത് ഇസ്രഈലിന്റെ ദേശീയ സുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നേതാക്കളും വിദഗ്ധരും മുന്നറിയിപ്പ് നല്കി. അതേസമയം, അധികാരത്തിലെത്തിയാല്‍ അമേരിക്കയുമായുള്ള ബന്ധം പുനസ്ഥാപിക്കുമെന്ന് ഇസ്രഈല്‍ നേതാവ് ഗാദി ഐസന്‍കോട്ട് വ്യക്തമാക്കി.
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം നെതന്യാഹുവിനൊപ്പം ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ഇല്ലാതാക്കിയെന്ന് മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി യായര്‍ ലാപിഡും പറഞ്ഞു. മധ്യ-വലതുപക്ഷ സഖ്യമായ ടുഗെദറിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ലാപിഡ്, നെതന്യാഹു പ്രധാനമന്ത്രിയായി തുടരുന്നത് രാജ്യത്തിന്റെ സുരക്ഷയെയും ജനാധിപത്യത്തെയും അപകടത്തിലാക്കുമെന്നും അന്താരാഷ്ട്ര തലത്തില്‍ ഇസ്രഈലിനെ ഒറ്റപ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്കി.
‘നെതന്യാഹു പ്രധാനമന്ത്രിയായി തുടരുന്നത് ഇസ്രഈലിന് താങ്ങാനാവില്ല. അത് രാജ്യത്തിന്റെ സുരക്ഷയെയും ജനാധിപത്യത്തെയും അപകടത്തിലാക്കും. ലോകത്ത് നമ്മളെ ഒറ്റപ്പെടുത്തുകയും ചെയ്യും,’ ലാപിഡ് എക്സില്‍ കുറിച്ചു.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പുരോഗമന ഡെമോക്രാറ്റുകള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം വിജയിച്ചതിന് പിന്നാലെ ഇടതുപക്ഷ ഡെമോക്രാറ്റ്സ് സഖ്യത്തിന്റെ നേതാവ് യായര്‍ ഗോലനും നെതന്യാഹുവിനെതിരെ രംഗത്തെത്തി. അമേരിക്കയിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്കിടയില്‍ നെതന്യാഹു ‘വിഷബാധയുള്ളവനായി’ മാറിയെന്ന് അദ്ദേഹം ആരോപിച്ചു.
നെതന്യാഹു അധികാരത്തില്‍ തുടരുന്നത് ഇസ്രഈലിനെ അന്താരാഷ്ട്ര ഉപരോധങ്ങളിലേക്കും ഒറ്റപ്പെടലിലേക്കും അമേരിക്കയുമായുള്ള തര്‍ക്കത്തിലേക്കും നയിക്കുമെന്നും ഗോലന്‍ മുന്നറിയിപ്പ് നല്കി. നെതന്യാഹു നയിക്കുന്ന ‘ബഹിഷ്കരിക്കപ്പെട്ട, പിന്നാക്കം നില്ക്കുന്ന, ഒറ്റപ്പെട്ട’ രാജ്യമാണോ അതോ ‘ശക്തവും പുരോഗമനപരവും സ്വതന്ത്രവും സുരക്ഷിതവുമായ’ ഇസ്രഈലാണോ വേണ്ടതെന്ന് രാജ്യം തീരുമാനിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘നെതന്യാഹു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അദ്ദേഹം ഇസ്രഈലിന് അപകടകരമാണ്. സമയം കളയാതെ മാറ്റത്തിനായുള്ള സര്‍ക്കാര്‍ രൂപീകരിക്കണം,’ ഗോലന്‍ എക്സില്‍ കുറിച്ചു.
ഡെമോക്രാറ്റ്സ് എം.പി ഗിലാദ് കരീവും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുമായി ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ തള്ളിപ്പറഞ്ഞു. ഇസ്രഈലിലെയും അമേരിക്കയിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മനസിലാക്കാത്തവരാണ് ഇപ്പോഴും നെതന്യാഹുവുമായി ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
തലമുറകളായി അമേരിക്ക ഇസ്രഈലിന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷിയാണ്. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പ്രസിഡന്റുമാരുടെ ഭരണകാലത്തും 1970കള്‍ മുതല്‍ പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായം അമേരിക്ക ഇസ്രഈലിന് നല്‍കിയിട്ടുണ്ട്. എന്നാല്‍, മുന്‍ നേതാക്കളെപ്പോലെ ഇരുപാര്‍ട്ടികളുമായും ഒരുപോലെ ബന്ധം പുലര്‍ത്തുന്നതിന് പകരം നെതന്യാഹു പരസ്യമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മാത്രം പിന്തുണച്ചത് ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കി.
2023ലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗസയില്‍ ഇസ്രഈല്‍ സൈനിക നടപടി ആരംഭിച്ചതോടെ ഡെമോക്രാറ്റുകളിലും ചില റിപ്പബ്ലിക്കന്‍ നേതാക്കളിലും ഇസ്രഈലിനുള്ള പിന്തുണ കുറഞ്ഞു. ഈ വര്‍ഷം ട്രംപും നെതന്യാഹുവും ചേര്‍ന്ന് ഇറാനെതിരെ ആക്രമണം നടത്തിയതോടെ പിന്തുണ വീണ്ടും ഇടിഞ്ഞു. അമേരിക്കയുടെ സൈനിക സഹായം ഇസ്രഈലിന് നല്‍കുന്നതിനെ വിമര്‍ശിച്ച് നിരവധി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തുകയും ചെയ്തു.
നെതന്യാഹുവിനെ പിന്തുണച്ചിരുന്ന ട്രംപ്, തെരഞ്ഞെടുപ്പ് ദിനത്തില്‍ ഇസ്രഈലിനുള്ള പ്രതിവര്‍ഷം നാല് ബില്യണ്‍ ഡോളറിന്റെ സഹായം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റുകള്‍ ഉപയോഗിക്കുന്ന ‘ദുര്‍ബലമായ പ്രചാരണ ആയുധം’ ഇല്ലാതാക്കാനാണ് ഈ നീക്കമെന്നും ട്രംപ് പറഞ്ഞു.
ഇതോടെ അമേരിക്കയുമായുള്ള ബന്ധം പുനസ്ഥാപിക്കുമെന്ന് ഐസന്‍കോട്ട് വ്യക്തമാക്കി. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: US Election Results: Israeli political leaders warn that the decline in Netanyahu’s influence in the US could lead to serious consequences