| Thursday, 10th November 2016, 5:59 pm

അമേരിക്കന്‍ തിരഞ്ഞെടുപ്പും മാധ്യമങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം മാധ്യമങ്ങളുടെ സ്വാധീനത്തെ പറ്റി വ്യക്തമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്. അവസാന നിമിഷം വരെ ഏറെക്കുറെ എല്ലാ മാധ്യമങ്ങളും പ്രവചിച്ചിരുന്നത് ഹിലരി ജയിക്കുമെന്നായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മണിക്കൂറുകളില്‍ പോലും അവരതില്‍ ഉറച്ചു നിന്നു. ഇത് യാദൃശ്ചികമല്ല.

അമേരിക്കന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തികളായ വാള്‍സ്ട്രീറ്റ്, ആയുധ കമ്പനികള്‍, ഇന്റലിജന്‍സ് ഏജന്‍സി, മാധ്യമങ്ങള്‍ തുടങ്ങിയവരെല്ലാം ഹിലരിക്ക്  വേണ്ടി നില കൊണ്ടവരായിരുന്നു.മാധ്യമങ്ങള്‍ അവരുടെ സ്വന്തം നിലപാടുകള്‍ ജനങ്ങളുടെ നിലപാടായി അവതരിപ്പിക്കുകയായിരുന്നു എന്നതാണ് സത്യം.

ചോംസ്‌കി മുമ്പേ പറഞ്ഞത് പോലെ “സമ്മതങ്ങളുടെ നിര്‍മിതി ( Manufacturing Consent)”ആയിരുന്നു ഇവരെടുത്ത പണി.  പക്ഷേ ട്രമ്പിന്റെ വിജയം പറയുന്നത് മീഡിയയുടെ സ്വാധീനത്തെ വോട്ടര്‍മാര്‍ മറികടന്നുവെന്നാണ്. ഒരു പക്ഷേ ട്രംപിനെ ഏറ്റവുമധികം സഹായിച്ച മാധ്യമം തന്നെ  വികിലീക്ക്‌സ് ആയിരിക്കും.  സോഷ്യല്‍ മീഡിയ പോലുള്ള ബദല്‍ മാധ്യമങ്ങളുടെ പ്രസക്തിയും സാധ്യതയുമാണ് ഇക്കാര്യങ്ങള്‍ കാണിക്കുന്നതെന്ന് തോന്നുന്നു.

ബ്രിട്ടണില്‍ ബ്രക്‌സിറ്റ് വോട്ടിംഗിലും സമാനമായ ഇടപെടലായിരുന്നു മുഖ്യധാരാ മീഡിയയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. ഇത് സംബന്ധമായി മുഖ്യധാരാ ബ്രിട്ടീഷ് പത്രങ്ങളില്‍ വന്ന 2378 വാര്‍ത്തകള്‍ വിശദമായി പരിശോധിച്ച റോയിട്ടേഴ്‌സിന്റെ പഠനം പറയുന്നത് ഇതില്‍ 48 ശതമാനവും  യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് അനുകൂലമായതായിരുന്നപ്പോള്‍ വെറും 27 ശതമാനം മാത്രമാണ്  യൂറോപ്യന്‍ യൂണിയന് അനുകൂലമായി വന്നിരുന്നതെന്നാണ്.

വലിയൊരു വിഭാഗം മാധ്യമങ്ങളും പുലര്‍ത്തിയ പക്ഷപാതിത്തപരമായ സമീപനം പഠനം എടുത്തു കാണിക്കുന്നു. അവസാന നിമിഷം വരെ വലിയ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള പക്ഷത്തിന് വലിയ ഭൂരിപക്ഷം പ്രവചിച്ചിരുന്നെങ്കിലും ഫലം തലനാരിഴ വ്യത്യാസമായിരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ക്കപ്പുറമുള്ള സ്രോതസ്സുകളില്‍ നിന്ന് ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കിയെന്ന് ഇതില്‍ നിന്നും വായിക്കാം.

ലേബര്‍ നേതാവ് കോര്‍ബയിനും ബ്രിട്ടീഷ് മാധ്യമങ്ങളുടെ നിലപാടിനെ ഇതിന്റെ പേരില്‍ വിമര്‍ശിച്ചിരുന്നു. മാധ്യമങ്ങള്‍ ഈ സംവാദം തീര്‍ത്തും സ്വതന്ത്ര കമ്പോള വ്യവസ്ഥയിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഭിന്നിപ്പുമായി ഒതുക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ  പരിസ്ഥിതി, തൊഴില്‍ പ്രശ്‌നങ്ങളും “സോഷ്യല്‍ യൂറോപ്പ് ” എന്ന തങ്ങളുടെ ആശയവും വലിയ തോതില്‍ ചര്‍ച്ചയാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഈ രണ്ട് സംഭവങ്ങളും കാണിക്കുന്നത് മുഖ്യധാരാ മാധ്യമങ്ങളുടെ ദുര്‍ബലമാവുന്ന പിടിയും ഇന്റര്‍നെറ്റും  സോഷ്യല്‍ മീഡിയയും പോലുള്ള ബദല്‍ മാര്‍ഗങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനവുമാണ്. വികസിത രാജ്യങ്ങളില്‍ സ്വാഭാവികമായും ഈ പ്രവണത കൂടുതലാണ് (ഇന്ത്യയില്‍ മോദിക്കനുകൂലമായി നിന്ന മുഖ്യധാരാ മാധ്യമങ്ങളുടെ സ്വാധീനത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ബദല്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചിരുന്നില്ല)

അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍  ഒരു പക്ഷേ ഏറ്റവും പ്രാധാന്യമുള്ളതായിരിക്കും മുഖ്യധാരാ മാധ്യമങ്ങളുടെ ഭീകര തോല്‍വി. തല്‍ക്കാലത്തേക്ക് ഡൊണാള്‍ഡ് ട്രംപെന്ന മഹാദുരന്തമാണതിന്റെ ഗുണഭോക്താവായ തെങ്കിലും ഭാവിയില്‍ മറ്റുള്ളവര്‍ക്ക് കൂടി അത് വലിയൊരു സാധ്യത നല്‍കുന്നുണ്ട്.

ഇത്തവണ തന്നെ നേരിയ വ്യത്യാസത്തിനാണ് ബെര്‍ണി സാന്‍ഡേഴ്‌സിന് അത് നഷ്ടമായതെന്നും ഓര്‍ക്കാം. (ഡെമോഗ്രാഫിക് പാറ്റേണ്‍ നോക്കുകയാണെങ്കില്‍ തൊഴിലാളികള്‍ കൂടുതലുള്ള റെസ്റ്റ് ബെല്‍റ്റാണ് ഹിലാരിയെ ശരിക്കും തോല്‍പിച്ചത്. പതിറ്റാണ്ടുകളായ നിയോ ലിബറല്‍ നയങ്ങളുടെ ദുരന്ത ഫലം നന്നായി അനുഭവിച്ച ഇവരുടെ നെഗറ്റീവ് വോട്ടുകള്‍ കൂടുതലും ട്രംപിന് പോയി. ബെര്‍ണി മെച്ചപ്പെട്ട പ്രകടനമായിരുന്നു ഇവിടങ്ങളില്‍ കാഴ്ചവെച്ചിരുന്നതും )

ഒരു പക്ഷേ ട്രംപിന്റെ ഭരണത്തിന്റെ ഫലമായി ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ബദല്‍ മുന്നേറ്റങ്ങള്‍ ഉയര്‍ന്നു വന്നേക്കാം. പകുതിയോളം വരുന്ന വോട്ട് ചെയ്യാതെ കാലാകാലങ്ങളായി മാറി നില്‍ക്കുന്നവരെ കൂടി ചേര്‍ത്തുള്ള ഒരു മുന്നേറ്റം. അങ്ങനെയൊരു മുന്നേറ്റത്തിലാണ് അമേരിക്കയുടേയും ലോകത്തിന്റെയും പ്രതീക്ഷ.  ജയ്മി കോര്‍ബെയ്‌നും ബെര്‍ണി സാന്‍ഡേഴ്‌സുമെല്ലാം നേതൃത്വം നല്‍കുന്ന ബദല്‍ രാഷ്ട്രീയം.

We use cookies to give you the best possible experience. Learn more