| Thursday, 21st August 2014, 1:26 pm

പാകിസ്ഥാനിലെ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭത്തെ പിന്തുണക്കുന്നില്ല; അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തെ പിന്തുണക്കുന്നില്ലെന്ന് അമേരിക്ക.

[] പാകിസ്ഥാന്‍ ഭരണഘടനയെയും തിരഞ്ഞെടുപ്പ് സംവിധാനങ്ങളെയും അനുകൂലിക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് വിഭാഗം വാക്താവ് മേരി ഹാര്‍ഫ് അറിയിച്ചു. ശരിയായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് നവാസ് ഷെരീഫ് അധികാരത്തിയത്. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന് അമേരിക്ക  എതിരാണ്. പാകിസ്ഥാനുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ഹാര്‍ഫ്  വ്യക്തമാക്കി.

അതേസമയം പ്രക്ഷോഭകര്‍ക്ക് നേതൃത്വം കൊടുക്കുന്ന തെഹ്‌രീകെ ഇന്‍സാഫ്, അവാമി തെഹ്‌രീക് നേതാക്കളുമായി പാക് ഭരണകൂടം ചര്‍ച്ചകള്‍ ആരംഭിച്ചു. നവാസ് ഷെരീഫ് രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

സര്‍ക്കാര്‍ റെഡ്‌സോണ്‍ പ്രഖ്യാപിച്ച പാര്‍ലമെന്റ് മന്ദിരം, മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം പ്രക്ഷോഭം വ്യാപിപ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റിന്റെ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ല.

2013 ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ വോട്ട് തിരിമറി നടത്തിയെന്നാണ് ഇംറാന്‍ ഖാന്റെ ആരോപണം.  നവാസ് ഷെരീഫ് സര്‍ക്കാരിന് രാജിവെക്കാന്‍ അനുവദിച്ച 48 മണിക്കൂര്‍ അന്ത്യശാസനം കഴിഞ്ഞതിനെ തുടര്‍ന്നാണ് റാലിക്ക് ഇരുവരും ആഹ്വാനം ചെയ്തത്‌.

റെഡ് സോണ്‍ കേന്ദ്രമാക്കി നടക്കുന്ന പ്രക്ഷോഭത്തില്‍ പതിനായിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്. അതേസമയം നവാസ് ഷെരീഫ് സ്ഥാനമൊഴിയില്ലെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി പാകിസ്താന്‍ മുസ്ലിം ലീഗ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more