| Wednesday, 14th January 2026, 10:09 am

ഈജിപ്ത്, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ മുസ്‌ലിം ബ്രദര്‍ഹുഡിനെ 'തീവ്രവാദ ഗ്രൂപ്പുകളായി'പ്രഖ്യാപിച്ച് യു.എസ്

നിഷാന. വി.വി

വാഷിങ്ടണ്‍: ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍ എന്നിവിടങ്ങളിലെ മുസ്‌ലിം ബ്രദര്‍ഹുഡ് സംഘടനകളെ തീവ്രവാദ ഗ്രൂപ്പുകളായി പ്രഖ്യാപിച്ച് യു.എസ്.

ഫലസ്തീന്‍ സായുധ സേനയായ ഹമാസിനെ അനുകൂലിക്കുന്നുവെന്നും മധ്യേഷയിലെ ഇസ്രഈല്‍ താത്പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്നുമാരോപിച്ചാണ് നടപടി.

ലോകമെമ്പാടും ഇസ്രഈലിനെ പ്രതിരോധിക്കുന്നവര്‍ക്കെതിരെ വാഷിങ്ടണ്‍ നടപടികള്‍ ശക്തമാക്കുന്നതിനിടെയാണ് മുസ്‌ലിം ബ്രദര്‍ഹുഡിനെതിരായ നടപടി.

ഗ്രൂപ്പുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പ്രക്രിയ ആരംഭിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരം എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ച് ആഴ്ച്ചകള്‍ക്ക് ശേഷമാണ് നടപടി.

ജോര്‍ദാനിലേയും ഈജിപ്തിലേയും മുസ്‌ലിം ബ്രദര്‍ഹുഡ് ഗ്രൂപ്പുകളെ ‘പ്രത്യേക നിയുക്ത ആഗോള ഭീകരര്‍’ (specially designated global terrorists) എന്നാണ് യു.എസ് ട്രഷറി വകുപ്പ് മുദ്രകുത്തിയത്.

ലെബനീസ് സംഘടനയെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിദേശ ഭീകര സംഘടനാ കരിമ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

‘ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ചില വിഭാഗങ്ങള്‍ നിയമാനുസൃത പൗര സംഘടനകളാണെന്ന് അവകാശപ്പെടുന്നുണ്ട് എന്നാല്‍ അവര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ഹമാസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളെ വ്യക്തമായും വലിയ ആവേശത്തോടെയും പിന്തുണയ്ക്കുന്നു,’ യു.എസ് ട്രഷറി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ നടപടിയെ സംഘം ശക്തമായി എതിര്‍ക്കുന്നുവെന്നും ലോകമെമ്പാടുമുള്ള ദശലക്ഷ കണക്കിന് മുസ്‌ലിങ്ങളെ ദ്രോഹിക്കുന്ന ഈ തീരുമാനത്തെ എതിര്‍ക്കാന്‍ എല്ലാ നിയമപരമായ വഴികളും സ്വീകരിക്കുമെന്നും ഈജിപ്ഷ്യന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ആക്ടിങ് ജനറല്‍ ഗൈഡ് സലാ അബ്ദുല്‍ ഹഖ് പ്രതികരിച്ചു.

ട്രംപ് ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ള തീരുമാനത്തിന്റെ പിന്നില്‍ ഇസ്രഈലിന്റെയും യു.എ.ഇയുടെയും സമ്മര്‍ദങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈജിപ്ഷ്യന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ഭീകരതയ്ക്ക് നേതൃത്വം നല്‍കുയും ധനസഹായം നല്‍കുകയും ചെയ്യുന്നുണ്ടെന്ന എല്ലാ ആരോപണങ്ങളും ഞങ്ങള്‍ നിഷേധിക്കുന്നു,’ അബ്ദുല്‍ ഹഖ് പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

യു.എസിന്റെ നടപടി പ്രകാരം ഗ്രൂപ്പുകളുടെ അംഗങ്ങളെ യു.എസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ഗ്രൂപ്പിന് ഭൗതിക സഹായങ്ങള്‍ നല്‍കുന്നത് നിയമവിരുദ്ധമാക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ യു.എസ് നടപടി ഗ്രൂപ്പുകളെ സാമ്പത്തികമായി ഞെരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: US designates Muslim Brotherhood in Egypt, Lebanon, Jordan as ‘terroris groups’

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more