വാഷിങ്ടൺ: പ്രതിരോധ വകുപ്പിന്റെ പേര് ‘യുദ്ധ വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ തീരുമാനം നന്നായി എന്ന് തോന്നുന്നെന്ന് ട്രംപ് പറഞ്ഞു.
പേര് മാറ്റം പ്രാബല്യത്തിൽ വരാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെക്കുമെന്ന് ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട് പറയുന്നു.
തങ്ങൾക്ക് പ്രതിരോധം എന്തിനാണെന്ന് ട്രംപ് ചോദിച്ചു. പ്രതിരോധ വകുപ്പിനെ മുമ്പ് യുദ്ധ വകുപ്പെന്നായിരുന്നു വിളിച്ചിരുന്നതെന്നും അതിനൊരു ശക്തമായ ശബ്ദമുണ്ടായിരുന്നെന്നും ട്രംപ് പറഞ്ഞു. പ്രതിരോധ വകുപ്പ് എന്ന പേര് തനിക്ക് നല്ലതായി തോന്നുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
തങ്ങൾ ലോകമഹായുദ്ധങ്ങൾ ജയിച്ചുവെന്നും എല്ലാം നേടിയെന്നും ഇപ്പോൾ തങ്ങൾ പ്രതിരോധക്കാരാണെന്നും ട്രംപ്
മാധ്യമങ്ങളോട് പറഞ്ഞു.
തുടർന്ന് ഡൊണാൾഡ് ട്രംപ് തന്റെ മന്ത്രിസഭയോട് പേര് മാറ്റുന്നതിനായി വോട്ടെടുപ്പ് ആവശ്യപ്പെട്ടു.
എപ്പോഴും യുദ്ധങ്ങൾ ജയിക്കുന്ന രാജ്യമായി മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ എന്റെ പിന്നിലുണ്ടായാൽ മതിയെന്ന് ട്രംപ് മന്ത്രിസഭയോട് പറഞ്ഞു. റിപ്പബ്ലിക്കൻമാർക്ക് ‘പ്രതിരോധം’ വേണ്ടെന്നും അവർക്ക് ആക്രമണമാണ് വേണ്ടതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പ്രതിരോധ സെക്രട്ടറിയായ പീറ്റ് ഹെഗ്‌സെത്താണ് ‘യുദ്ധ സെക്രട്ടറി’ എന്ന പദവി സ്വീകരിക്കുക.
പബ്ലിക് അഫയേഴ്‌സ് ബ്രീഫിംങ് റൂമിനെ ‘ പെന്റഗൺ വാർ അനക്സ് എന്നും പുനർനാമകരണം ചെയ്യുമെന്നും കൂടാതെ പെന്റഗൺ വെബ്‌സൈറ്റുകളും സൈനേജുകളും അപ്ഡേറ്റാക്കുമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
1789 ലാണ് യു.എസിൽ യുദ്ധ വകുപ്പ് രൂപീകരിച്ചത്. യു.എസ് കര, നാവിക കാര്യങ്ങൾക്ക് തലവനായി ഒരു യുദ്ധ സെക്രട്ടറിയും ഉണ്ടായിരുന്നു. യുദ്ധ വകുപ്പ് നിലവിൽ വന്നപ്പോൾ വ്യോമസേനയുടെ ഉത്തരവാദിത്തവും വകുപ്പ് വഹിച്ചിരുന്നു.
1949 വരെ യുദ്ധവകുപ്പ് രാജ്യത്തിന്റെ പ്രാഥമിക സൈനിക അതോറിറ്റിയായി പ്രവർത്തിച്ചു. യുദ്ധാനന്തര പരിഷ്കാരങ്ങളുടെ ഭാഗമായി 1947 ലെ ദേശീയ സുരക്ഷാ നിയമപ്രകാരം പ്രതിരോധ വകുപ്പ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
Content Highlight: US Department of Defense to be renamed ‘Department of War’; Trump announces renaming