| Saturday, 30th August 2025, 7:36 am

യു.എൻ പൊതുസഭയിൽ പങ്കെടുക്കുന്ന ഫലസ്തീൻ നേതാക്കൾക്ക് വിസ നിഷേധിച്ച് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: യു.എൻ പൊതുസഭയിൽ പങ്കെടുക്കുന്ന ഫലസ്തീൻ നേതാക്കൾക്ക് വിസ നിഷേധിച്ച് അമേരിക്ക. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉൾപ്പെടെ 80 അംഗങ്ങളുടെ വിസ റദ്ദാക്കും. സെപ്റ്റംബറിൽ ന്യൂയോർക്കിൽ വെച്ച് നടക്കുന്ന യു.എൻ പൊതുസഭാ യോഗത്തിന് മുന്നോടിയായി, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ), ഫലസ്തീൻ അതോറിറ്റി (പി.എ) അംഗങ്ങളുടെ വിസ നിഷേധിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ മഹ്മൂദ് അബ്ബാസ് പ്രസംഗിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്കയുടെ ഈ നീക്കം ഞെട്ടൽ ഉണ്ടാക്കിയെന്നും കരാർ ലംഘിച്ചെന്നും അബ്ബാസിന്റെ ഓഫീസ് പറഞ്ഞു.

ഫലസ്തീൻ നേതാക്കളുടെ വിസ റദ്ദാക്കുന്നതായി അറിയിച്ച പ്രസ്താവനയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒപ്പുവെച്ചെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒരു സാങ്കൽപ്പിക ഫലസ്തീൻ രാഷ്ട്രത്തിന്റെ ഏകപക്ഷീയമായ അംഗീകാരം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഫലസ്തീൻ അതോറിറ്റിയോട് ആവശ്യപ്പെട്ടു.

സമാധാനത്തിനുള്ള ചർച്ചകളിൽ പങ്കാളികളായി എടുക്കുന്നതിന് മുമ്പ് ഫലസ്തീൻ അതോറിറ്റിയും പി.എൽ.ഒയും തീവ്രവാദത്തെ തള്ളിപ്പറയുകയും ഐ.സി.സി, ഐ.സി.ജെ എന്നിവയിലെ നിയമ നടപടികളിൽ നിന്ന് പിൻമാറണം. ഏകപക്ഷീയമായ രാഷ്ട്രപദവി എന്ന ആവശ്യം ഉപേക്ഷിക്കുകയും വേണം. ക്രിയാത്മകമായ നടപടികൾക്ക് ഫലസ്‌തീൻ അതോറിറ്റിയും പി.എൽ.ഒയും തയ്യാറായാൽ യു.എസ് അതിൻ്റെ വാതിലുകൾ തുറന്നിരിക്കുമെന്നും ട്രംപ് ഭരണകൂടം ഭീകരതയെ പിന്തുണക്കില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട് പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്കയുടെ ഈ പ്രവർത്തിക്ക് നന്ദി പറഞ്ഞുകൊണ്ട് ഇസ്രഈൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ എക്‌സിൽ ഒരു പോസ്റ്റിട്ടിരുന്നു.

പൊതുസഭ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഉച്ചകോടിയിൽ ഫലസ്തീൻ അടക്കമുള്ള എല്ലാ രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കേണ്ടത് പ്രധാനമാണെന്ന് യു.എൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. അമേരിക്കയുടെ ഈ നടപടി ഉടൻതന്നെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റെഫാൻ ഡുജാറിക് കൂട്ടിച്ചേർത്തു.

അടുത്ത മാസം നടക്കുന്ന യു.എസ് പൊതുസഭയിൽ ഫലസ്‌തീൻ നേതാക്കൾ സംസാരിക്കുന്നത് വിലക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് വിസ നിഷേധിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. യു.എൻ പൊതുസഭയിൽ ഫലസ്തീൻ നേതാക്കൾ സ്വതന്ത്ര ഫലസ്‌തീൻ രാഷ്ട്രം വേണമെന്ന ആവശ്യം സ്ഥിരമായി ഉന്നയിക്കാറുണ്ട്. ഇത് തടയുകയാണ് വിസ നിഷേധിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

1988ൽ അന്നത്തെ പി‌.എൽ‌.ഒ നേതാവ് യാസർ അറഫാത്ത് ന്യൂയോർക്കിലേക്ക് വരുന്നത് അമേരിക്ക സമാന രീതിയിൽ തടഞ്ഞിരുന്നു. ഇതേതുടർന്ന് ന്യൂയോർക്കിൽ നടക്കേണ്ട ഉച്ചകോടി ജനീവയിലാണ് നടന്നത്.

Content Highlight: US denies visas to Palestinian leaders attending UN General Assembly

We use cookies to give you the best possible experience. Learn more