| Sunday, 15th November 2026, 12:19 pm

ഫലസ്തീനില്‍ നിന്നുള്ള ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് വിസ നിഷേധിച്ച് അമേരിക്ക: ഇസ്രഈലിനെ പറ്റിയുള്ള യാഥാര്‍ത്ഥ്യങ്ങള്‍ അമേരിക്കന്‍ ജനത അറിയുന്നത് തടയാനെന്ന് വിമര്‍ശനം

നിഷാന. വി.വി

വാഷിങ്ടണ്‍: രണ്ട് ഫലസ്തീന്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് വിസ നിഷേധിച്ച് അമേരിക്ക. ഗസയിലെ ഇസ്രഈലി ആക്രമണങ്ങളെയും വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ ആക്രമണത്തെയും കുറിച്ച് സംസാരിക്കാനായിരുന്നു പുരോഹിതര്‍ അമേരിക്കയിലേക്ക് എത്താനിരുന്നത്.

ബെത്‌ലഹേമിലെ നേറ്റിവിറ്റി ചര്‍ച്ചിലെ പുരോഹിതരായ ഫാദര്‍ ഇസ്സ തല്‍ജി, മുന്‍തര്‍ ഐസക്ക് എന്നിവര്‍ക്കാണ് വിസ നിഷേധിച്ചത്. വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ് ക്യാപിറ്റലിന് സമീപം നടന്ന ക്രിസ്ത്യന്‍ നേതാക്കളുടെ സമ്മേളനത്തില്‍ പ്രസംഗിക്കേണ്ടതായിരുന്നു ഇസ്സ.

ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഇസ്രഈലി സേനയേയും കുടിയേറ്റക്കാരെയും ഉത്തരവാദികളാക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുക, ഇസ്രഈലിലേക്കുള്ള യു.എസ് ആയുധ കൈമാറ്റം അവസാനിപ്പിക്കാന്‍ ആവശ്യപ്പടുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍സ് ഫോര്‍ ഫലസ്തീന്‍ എന്ന സംഘടനയാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സുരക്ഷാ കാരണങ്ങളാണ് പുരോഹിതന് വിസ നിഷേധിച്ചതെന്നാണ് അമേരിക്കയുടെ വാദം.

ഫാദര്‍ ഇസ്സയ്ക്ക് വിസ നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ സഹോദരി ഹണി തല്‍ജിയെ വാഷിംഗ്ടണിലെ പരിപാടിയില്‍ സംസാരിക്കും. ഫലസ്തീന്‍ വനിതാ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ആദ്യ ക്യാപ്റ്റനായിരുന്ന ഇവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനാനുമതി ലഭിച്ചിട്ടുണ്ട്.

ബെത്ലഹേമിലെ ക്രിസ്മസ് ലൂഥറന്‍ ചര്‍ച്ച് നേതാവായ പാസ്റ്റര്‍ മുന്‍തര്‍ ഐസക്കിനും അമേരിക്ക വിസ നിഷേധിച്ചിരുന്നു. ഇതോടെ നവംബര്‍ ആദ്യവാരം ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ നടന്ന ‘ചര്‍ച്ച് അറ്റ് ദി ക്രോസ്റോഡ്‌സ്’ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല . നിലവിലെ കര്‍ശനമായ യു.എസ് യാത്രാ നിയന്ത്രണങ്ങള്‍ കാരണം വിസ ലഭിക്കാന്‍ സാധ്യതയില്ലെന്ന് കരുതി താന്‍ പുതിയ അപേക്ഷ നല്‍കിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബെത്ലഹേമിലെ ഒരു സാധാരണ ഇടവക വികാരിയെ സുരക്ഷാ ഭീഷണിയായി ചിത്രീകരിക്കുന്നത് അധിനിവേശത്തിന് കീഴിലുള്ള ഫലസ്തീന്‍ ജനതയുടെ യാഥാര്‍ത്ഥ്യങ്ങള്‍ അമേരിക്കന്‍ ജനത അറിയുന്നത് തടയാനാണെന്ന് പരിപാടിയുടെ സംഘാടകര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ സ്വകാര്യതാ നിയമങ്ങള്‍ കാരണം വ്യക്തിഗത വിസ അപേക്ഷകളെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു. ഓരോ വിസ തീരുമാനവും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും, അപേക്ഷകര്‍ നിയമപരമായ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന പരിശോധനകള്‍ നടത്താറുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Content Highlight: US denies visas to Christian clergy from Palestine; critics say the move aims to prevent the American public from learning the realities regarding Israel.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more