| Sunday, 19th January 2025, 11:10 am

ക്യൂബയെ ഭീകരവാദ സ്‌പോണ്‍സര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ യു.എസ് തീരുമാനം സ്വാഗതാര്‍ഹം: ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്യൂബയെ ഭീകരവാദ സ്‌പോണ്‍സര്‍ പട്ടികയില്‍ നിന്ന് നീക്കിയ യു.എസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ക്യൂബന്‍ ഐക്യദാര്‍ഢ്യ ദേശീയസമിതി. ഭീകരാക്രമണങ്ങളുടെ കെടുതികള്‍ നേരിടുന്ന ക്യൂബയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നുവെന്നും ദേശീയസമിതി പറഞ്ഞു.

ക്യൂബക്കെതിരായ മനുഷ്യത്വ വിരുദ്ധമായ സാമ്പത്തിക ഉപരോധം യു.എസ് ഇപ്പോഴും തുടരുകയാണെന്നും ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി ചൂണ്ടിക്കാട്ടി. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയാല്‍ ക്യൂബക്കെതിരായ നടപടികള്‍ തുടരാന്‍ സാധ്യതയുണ്ടെന്നും സമിതി പറഞ്ഞു.

ഇക്കാര്യത്തില്‍ ജാഗ്രത തുടരണമെന്നും സാമ്രാജ്യത്വ കടന്നാക്രമണം നേരിടുന്ന ക്യൂബയോടൊപ്പം ഇന്ത്യന്‍ ജനത നിലകൊള്ളുമെന്നും ഐക്യദാര്‍ഢ്യ സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.

അമേരിക്കയുടെ പുതിയ തീരുമാനത്തെ കൊളംബിയയുടെ ഇടതുപക്ഷ പ്രസിഡന്റായ ഗുസ്താവോ പെട്രോയും ക്യൂബന്‍ വിദേശകാര്യ മന്ത്രിയും സ്വാഗതം ചെയ്തിരുന്നു. പ്രസിഡന്റ് പദവിയില്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ക്യൂബയെ തീവ്രവാദ സ്പോണ്‍സര്‍മാരുടെ പട്ടികയില്‍ നിന്ന് ബൈഡന്‍ സര്‍ക്കാര്‍ നീക്കം ചെയ്തത്.

ക്യൂബയെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയെന്നും ക്യൂബ തീവ്രവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്നുവെന്ന് സാധൂകരിക്കുന്ന ഒരു വിവരങ്ങളും തങ്ങളുടെ പക്കലില്ലെന്നും ഒരു മുതിര്‍ന്ന യു.എസ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ഭീകരര്‍ക്ക് അഭയമേകി അന്താരാഷ്ട്ര തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നാരോപിച്ചാണ് 2021ല്‍ ക്യൂബയെ തീവ്രവാദ സ്പോണ്‍സറായി യു.എസ് പട്ടികപ്പെടുത്തിയത്. ട്രംപ് അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ പ്രഖ്യാപനം വന്നത്.

ക്യൂബയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും യു.എസ് പിഴ ചുമത്തിയിരുന്നു. ഇതിന് പുറമെ യു.എസ് ക്യൂബയ്ക്കുള്ള വിദേശ സഹായം നിയന്ത്രിക്കുകയും പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതിയും വില്‍പ്പനയും നിരോധിക്കുകയും ചെയ്തിരുന്നു.

1982ല്‍ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്ന കാലത്താണ് ക്യൂബയെ ആദ്യമായി ഈ പട്ടികയില്‍ ഉള്‍പെടുത്തിയത്. പിന്നീട് ഒബാമയുടെ ഭരണകാലത്ത് ഇത് തിരുത്തുകയും ചെയ്തിരുന്നു.

Content Highlight: US decision to remove Cuba from terror sponsor list welcome: Cuban Solidarity Committee

We use cookies to give you the best possible experience. Learn more