| Thursday, 4th September 2025, 4:07 pm

ട്രംപിന് തിരിച്ചടി; ഹാര്‍വാഡ് സര്‍വകലാശാലക്കുള്ള ഗ്രാന്റ് മരവിപ്പിച്ച നടപടി റദ്ദാക്കി യു.എസ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: കേംബ്രിഡ്ജിലെ ഹാര്‍വാഡ് സര്‍വകലാശാലയ്ക്ക് നല്‍കുന്ന 2.2 ബില്യണ്‍ ഡോളറിന്റെ ഗ്രാന്റ് മരവിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി യു.എസ് കോടതി മരവിപ്പിച്ചു.

ഗ്രാന്റ് മരവിപ്പിച്ച നടപടി സര്‍വകലാശാലയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ജഡ്ജി അലിസണ്‍ ബറോസ് പറഞ്ഞു.

ബോസ്റ്റണിലെ യു.എസ് ജില്ലാ ജഡ്ജി അലിസണ്‍ ബറോസിന്റെ ഈ തീരുമാനം ഹാര്‍വാഡിന് ഒരു വലിയ വിജയമാണ്.

ഭരണഘടന അനുശാസിക്കുന്ന അക്കാദമിക് സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്ന് അലിസണ്‍ ബറോസ് പറഞ്ഞു. ഗവേഷണങ്ങളെല്ലാം ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലയില്‍ ജൂതവിരോധവും തീവ്ര ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളും പിടിമുറുക്കുന്നു എന്നാരോപിച്ചായിരുന്നു ട്രംപ് ഭരണകൂടം സര്‍വകാലാശാലക്ക് നല്‍കുന്ന ഗ്രാന്റ് മരവിപ്പിച്ചത്.

ഇത് മറികടക്കാനായി കൊളംബിയ 220 മില്യണ്‍ ഡോളറിന്റെ അധിക ഗ്രാന്റ് നല്‍കാനും തീരുമാനിച്ചിരുന്നു.

2023ല്‍ ഹമാസ് ഇസ്രഈലില്‍ നടത്തിയ പ്രത്യാക്രമണത്തിനും ഇസ്രഈല്‍ – ഗസ യുദ്ധത്തിനും ശേഷം ഹാര്‍വാര്‍ഡിന്റെയും മറ്റ് യൂണിവേഴ്സിറ്റികളുടെയും ക്യാമ്പസുകളില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

ഇതില്‍ പ്രകോപിതനായാണ് ട്രംപ് ഭരണകൂടം ഹാര്‍വാര്‍ഡിനെതിരെ നടപടികള്‍ സ്വീകരിച്ചത്.

ക്യാമ്പസിലെ ജൂത വിദ്യാര്‍ത്ഥികള്‍ക്കെതിരായ പീഡനങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടത്ര ഇടപെടലുകള്‍ നടത്തിയില്ല എന്ന കാരണത്താലായിരുന്നു ഹാര്‍വാഡിനെതിരെ ഭരണകൂടം ആദ്യം നടപടി സ്വീകരിച്ചത്. ഇതിന്റെ പേരില്‍ നൂറ് കണക്കിന് ഗവേഷകരുടെ ഗ്രാന്റുകള്‍ റദ്ദ് ചെയ്തിരുന്നു.

അതിനുശേഷം ട്രംപ് ഭരണകൂടം വിദേശ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് വിലക്കേര്‍പ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചിരുന്നു. പിന്നാലെ ഹാര്‍വാര്‍ഡിന്റെ അക്രഡിറ്റേഷന്‍ പദവിയെ ഭീഷണിപ്പെടുത്തിപ്പെടുത്തുകയും കൂടുതല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു

അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മുന്‍ പ്രസിഡന്റ് ബാരക് ഒബാമ നിയമിച്ച ജഡ്ജിയില്‍ നിന്നും അനൂകൂല വിധി ലഭിക്കില്ലെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി.

Content Highlight: US court overturns Harvard University grant freeze

We use cookies to give you the best possible experience. Learn more