വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ ചുമത്തിയ 464 മില്യണ്‍ ഡോളറിന്റെ സിവില്‍ പിഴ റദ്ദാക്കി യു.എസ് കോടതി. ബാങ്ക് വായ്പകളും ഇന്‍ഷുറന്‍സും നേടാനായി ട്രംപും കമ്പനിയും നിയമവിരുദ്ധമായി സ്വകാര്യ സ്വത്ത് പെരുപ്പിച്ച് കാണിച്ചതിന്റെ പേരില്‍ ചുമത്തിയ പിഴയാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്.
ട്രംപിന് എതിരെയുള്ള ജഡ്ജി ആര്‍തര്‍ എന്‍ഗോറോണിന്റെ മുന്‍വിധി ശരിവെച്ച കോടതി ഈ പിഴയെ അമിതമെന്നാണ് വിശേഷിപ്പിച്ചത്. ഇത് യു.എസ് ഭരണഘടനയുടെ എട്ടാം ഭേദഗതിയുടെ ലംഘനമാണെന്നും കോടതി പറഞ്ഞു. അമിതമോ ക്രൂരമോ ആയ ശിക്ഷകള്‍ നിരോധിക്കുന്നതാണ് എട്ടാം ഭേദഗതി.
തനിക്കെതിരെയുള്ള പിഴ റദ്ദാക്കിയ യു.എസ് കോടതിയുടെ വിധിയെ പൂര്‍ണ വിജയം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഒപ്പം മുന്‍ കോടതി വിധിയെ അദ്ദേഹം രാഷ്ട്രീയ മന്ത്രവാദ വേട്ടയെന്നും വിളിച്ചു.
‘ആരും മുമ്പ് കണ്ടിട്ടില്ലാത്ത ഒരു രാഷ്ട്രീയ മന്ത്രവാദ വേട്ടയായിരുന്നു അത്. സത്യത്തില്‍ ഞാന്‍ ചെയ്തതെല്ലാം തികച്ചും ശരിയായിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി ഞാന്‍ തെറ്റായ കാര്യങ്ങള്‍ ചെയ്തുവെന്ന് കാണിക്കാന്‍ ചിലര്‍ നടത്തിയ തെരഞ്ഞെടുപ്പ് ഇടപെടലായിരുന്നു അത്,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
2024 ഫെബ്രുവരിയില്‍ ആയിരുന്നു ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ ട്രംപിന് എതിരെ 464 മില്യണ്‍ ഡോളര്‍ പിഴയായി ചുമത്തിയത്. അദ്ദേഹത്തിന്റെ മക്കളായ എറിക് ട്രംപ്, ഡോണ്‍ ജൂനിയര്‍ എന്നിവരോട് നാല് മില്യണ്‍ ഡോളറില്‍ അധികം പിഴ നല്‍കാനും ഉത്തരവിട്ടിരുന്നു.
വിധിയില്‍ ആര്‍തര്‍ എന്‍ഗോറോണ്‍ യു.എസ് പ്രസിഡന്റിനെ മൂന്ന് വര്‍ഷത്തേക്ക് ബിസിനസുകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഈ വിധിയെ വ്യാജ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് കേസ് എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. അന്ന് ട്രംപിനെതിരെ ഒരേസമയം നിരവധി സജീവ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെടുകയും റിപ്പബ്ലിക് ഇതിനെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: US Court overturns 464 million fine on Trump; Trump calls it a complete victory