സാന്‍ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ ഡാറ്റ ശേഖരിച്ച് അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയ ഗൂഗിള്‍ 425 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു.എസ് ഫെഡറല്‍ ജൂറിയുടെ ഉത്തരവ്.
ഗൂഗിള്‍ അക്കൗണ്ടിലെ ട്രാക്കിങ് ഫീച്ചര്‍ ഓഫാക്കിയ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയ സംഭവത്തിലാണ് യു.എസ് കോടതിയുടെ വിധി.
എട്ടുവര്‍ഷത്തിനിടെ വെബ് ആന്‍ഡ് ആപ്പ് ആക്ടിവിറ്റി സെറ്റിങ്‌സിലുള്ള സ്വകാര്യതാ ഉറപ്പുകള്‍ ലംഘിച്ചുകൊണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നും ഗൂഗിള്‍ ഡാറ്റകള്‍ ചോര്‍ത്തിയെന്നും അത് ശേഖരിച്ച് ഉപയോഗിച്ചുവെന്നുമായിരുന്നു പരാതി.
സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയാണ് കേസില്‍ വിചാരണ നടത്തി പിഴ വിധിച്ചത്. പരാതിക്കാര്‍ 31 ബില്യണ്‍ ഡോളറിലധികമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
അതേസമയം, മൂന്ന് പരാതികളില്‍ രണ്ടെണ്ണത്തിലാണ് ഗൂഗിളിന്റെ പിഴവ് കോടതി കണ്ടെത്തിയത്. ഗൂഗിള്‍ പ്രവര്‍ത്തിച്ചത് ദുരുദ്ദേശ്യത്തോടെയല്ലെന്ന് നിരീക്ഷിച്ച കോടതി, ഈ പരാതിയില്‍ നഷ്ടപരിഹാരം വിധിക്കാനാകില്ലെന്നും അറിയിച്ചു.
അതേസമയം, കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ഗൂഗിള്‍ വക്താവ് ജോസ് കാസ്റ്റനേഡ പ്രതികരിച്ചു. ഗൂഗിളിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണ് കോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ ഉപകരണങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഡാറ്റയുടെ നിയന്ത്രണം നല്‍കുന്നു. വ്യക്തിഗതമായി ഈ സെറ്റിങ്‌സ് ഓഫാക്കുമ്പോള്‍ ആ തെരഞ്ഞെടുപ്പിനെ മാനിക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നത്’, കാസ്റ്റനേഡ വിശദീകരിച്ചു.
അതേസമയം, വിധിയില്‍ അതീവസന്തോഷമുണ്ടെന്ന് ഉപയോക്താക്കളുടെ അഭിഭാഷകനായ ഡേവിഡ് ബോയ്‌സ് പ്രതികരിച്ചു.
2020 ജൂലൈയില്‍ നല്‍കിയ ക്ലാസ് ആക്ഷന്‍ കേസിലാണ് ഗൂഗിളിന് എതിരെ ഗുരുതരമായ ആരോപണങ്ങളുള്ളത്. ഗൂഗിള്‍ അനലിറ്റിക്‌സ് സേവനങ്ങള്‍ ഉപയോഗിക്കുന്ന ഊബര്‍, വെന്‍മോ, മെറ്റയുടെ കീഴിലുള്ള ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകളിലൂടെ സെറ്റിങ്‌സില്‍ ട്രാക്കിങ് ഓഫാക്കിയിട്ടും ഗൂഗിള്‍ ഡാറ്റ ശേഖരിക്കുന്നത് തുടരുകയായിരുന്നു എന്നാണ് ആരോപണം.
എന്നാല്‍, ഈ ഡാറ്റ സുരക്ഷിതമായതും എന്‍ക്രിപ്റ്റ് ചെയ്തും വ്യക്തിപരമല്ലാതെയും സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് ഗൂഗിള്‍ കോടതിയെ അറിയിച്ചത്.
ഈ കേസിനെ ഏകദേശം 98 ദശലക്ഷം ഗൂഗിള്‍ ഉപയോക്താക്കളെയും 174 ദശലക്ഷം ഉപകരണങ്ങളെയും ഉള്‍ക്കൊള്ളുന്ന ക്ലാസ് ആക്ഷനെന്നാണ് യു.എസ് ജില്ലാ ജഡ്ജി റിച്ചാര്‍ഡ് സീബോര്‍ഗ് വിശേഷിപ്പിച്ചത്.
Content Highlight: US court orders Google to pay $425 million for breaching users’ privacy