വാഷിങ്ടൺ: ഇസ്രഈലിന് 510 മില്യൺ ഡോളറിന്റെ ആയുധ വിൽപ്പനയ്ക്ക് അംഗീകാരം നൽകാനൊരുങ്ങി അമേരിക്ക. ഇസ്രഈലിന് 510 മില്യൺ ഡോളറിന്റെ ആയുധ വിൽപ്പന നടത്താൻ യു.എസ് ആലോചിക്കുന്നുണ്ടെന്ന് ഇന്നലെ (തിങ്കളാഴ്ച) യു.എസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡി.എസ്.സി.എ) പ്രഖ്യാപിച്ചതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.
BLU-109 ബോംബിനായി 3,845 ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിഷൻ (JDAM) ഗൈഡൻസ് കിറ്റുകളും MK 82 ബോംബിനായി 3,280 KMU-572 F/B JDAM ഗൈഡൻസ് കിറ്റുകളും വാങ്ങാനുള്ള ഇസ്രഈലിന്റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനമെന്നും ഡി.എസ്.സി.എ പറയുന്നു.
‘ഇസ്രഈലിന്റെ സുരക്ഷക്ക് അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഇസ്രഈലിനെ സഹായിക്കേണ്ടത് അമേരിക്കൻ ദേശീയ താത്പര്യങ്ങൾക്ക് അത്യന്താപേക്ഷിതമാണ്.
ഈ വിൽപ്പന ഇസ്രഈലിന്റെ അതിർത്തികൾ, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ സംരക്ഷിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തും. അതിലൂടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള ഇസ്രഈലിന്റെ കഴിവ് വർധിക്കും,’ യു.എസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇത് ആദ്യമായല്ല അമേരിക്ക ഇസ്രഈലിന് ആയുധങ്ങൾ നൽകുന്നത്. ഫലസ്തീനിൽ ആക്രമണങ്ങൾ നടത്താൻ ഇസ്രഈൽ ഉപയോഗിച്ചിരുന്നത് അമേരിക്ക നൽകിയ ആയുധങ്ങളാണെന്ന് നിരവധി തവണ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ ഇസ്രഈലിന് 7.4 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ബോംബുകൾ, മിസൈലുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ വിൽക്കുന്നതിന് അമേരിക്ക അംഗീകാരം നൽകിയിരുന്നു.
2023 ഒക്ടോബറിൽ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ ഇസ്രഈൽ ഗസയിൽ വിനാശകരമായ ആക്രമണം നടത്തി.
യുദ്ധം ഗസയുടെ ഭൂരിഭാഗവും തകർത്തു. അതിന്റെ ഫലമായി അവിടുത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും പലായനം ചെയ്യുകയോ മരണപ്പെടുകയോ ചെയ്തു.
സിവിലിയന്‍മാരുടെ മരണത്തെക്കുറിച്ചുള്ള അന്താരാഷ്ട സംഘടനകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ആശങ്കകള്‍ക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഇസ്രഈലിലേക്കുള്ള 2,000 പൗണ്ട് ബോംബുകളുടെ കയറ്റുമതി തടഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പിന്നാലെ ഭരണത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപ് കയറ്റുമതിക്ക് അംഗീകാരം നൽകുകയായിരുന്നു.
Content Highlight: US considering approval of $510m worth of arms sale to Israel