| Tuesday, 10th November 2026, 7:24 am

ഇറാന്‍ യുദ്ധം: പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ച് റിപ്പബ്ലിക്കന്‍ അംഗം

ദേവിക ജയചന്ദ്രന്‍

വാഷിങ്ടണ്‍: ഇറാനെതിരെയുള്ള യുദ്ധം, മയക്കുമരുന്ന് കടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന ബോട്ടുകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍, അമേരിക്കന്‍ നിയമങ്ങളുടെ ലംഘനങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം അവതരിപ്പിച്ച് റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി.

യു.എസ് ഭരണഘടനയ്ക്ക് ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ ഹെഗ്‌സെത്ത് നിയമവിരുദ്ധ ഉത്തരവുകള്‍ നടപ്പാക്കിയെന്ന് തിങ്കളാഴ്ച പ്രതിനിധി സഭയില്‍ പ്രമേയത്തിന്റെ ഉള്ളടക്കം വായിച്ചുകൊണ്ട് കെന്റക്കിയില്‍ നിന്നുള്ള സ്ഥാനമൊഴിയുന്ന സഭാംഗമായ മാസി അറിയിച്ചു.

ജനുവരിയില്‍ ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് പ്രതിരോധ സെക്രട്ടറി രാജിവെക്കണമെന്നും മാസി ആവശ്യപ്പെട്ടു.
ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ജനപ്രതിനിധി സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ച ഉടന്‍ തന്നെയാണ് മാസി ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. ഇരുസഭകളിലും വന്‍ വിജയം നേടിയതിന് പിന്നാലെ ട്രംപ് ഭരണകൂടത്തിനെതിരെ കോണ്‍ഗ്രസില്‍ അന്വേഷണം നടത്തുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ‘രണ്ട് യുദ്ധങ്ങള്‍’ ജയിച്ചതാണെന്ന് വാദിച്ച് ഹെഗ്‌സെത്തിന് പിന്തുണയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നു. സമീപകാല സൈനിക നടപടികളുടെ പേരില്‍ ഹെഗ്‌സെത്തിനെ ലക്ഷ്യം വെക്കരുതെന്നും ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ച മാസി ഒരു പരാജയം ആണെന്നും ട്രംപ് പറഞ്ഞു.

വിയറ്റ്‌നാം യുദ്ധവും ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായ യുദ്ധങ്ങളും നയിച്ചവരെ ഇംപീച്ച് ചെയ്യുന്നതിനെപ്പറ്റി എന്താണവര്‍ക്ക് പറയാനുള്ളതെന്നും ട്രംപ് ചോദിച്ചു.

ഇസ്രഈലിനെയും പശ്ചിമേഷ്യയെയും രക്ഷിച്ചത് തങ്ങളാണെന്നും ഇറാനില്‍ നിന്നും യു.എസ് രക്ഷിച്ചിരുന്നില്ലെങ്കില്‍ ഇസ്രഈല്‍ ഉണ്ടാവില്ലായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം സഭയുടെ നീക്കത്തെക്കുറിച്ച് സംസാരിക്കാന്‍ ചൊവ്വാഴ്ച രാവിലെ പീറ്റ് ഹെഗ്‌സെത്ത് പെന്റഗണില്‍ പത്രസമ്മേളനം നടത്തുമെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നടന്നാല്‍ മെയ് അഞ്ചിന് ശേഷമുള്ള ഹെഗ്‌സെത്തിന്റെ ആദ്യ പത്രസമ്മേളനം ആയിരിക്കും അത്.

സെപ്റ്റംബറില്‍ ഹെഗ്‌സെത്തിനെതിരെ ആദ്യം ഉന്നയിച്ച എട്ട് ഇംപീച്ച്‌മെന്റ് ആരോപങ്ങളാണ് മാസി വീണ്ടും അവതരിപ്പിച്ചത്. അന്ന് റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസില്‍ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ഒഴിവാക്കാന്‍ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ സഭ നേരത്തേ പിരിച്ച് വിട്ടിരുന്നു.

വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഹെഗ്‌സെത്തിന് പിന്തുണ പ്രഖ്യാപിച്ചു. വ്യാപക വിമര്‍ശനങ്ങള്‍ക്കിടയിലും അദ്ദേഹം മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് റൂബിയോ പറഞ്ഞു. ഇറാന്‍ യുദ്ധം അനിവാര്യമായിരുന്നുവെന്നും എന്നാല്‍ ജനപ്രീതിയുള്ള ഒന്നായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: US congressman files resolution to impeach Defence Secretary Pete Hegseth

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more