| Saturday, 17th October 2026, 10:35 pm

വാഷിങ്ടണ്‍ പോസ്റ്റ് ഫോട്ടോഗ്രാഫര്‍ക്കെതിരായ ഇസ്രഈലി അധിനിവേശക്കാരുടെ ആക്രമണം; ആശങ്കയുണ്ടെന്ന് യു.എസ്, അപലപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍

റെന്വര്‍ പി

വാഷിങ്ടണ്‍: വെസ്റ്റ് ബാങ്കില്‍ വെച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് ഫോട്ടോഗ്രാഫര്‍ ഹൈഡി ലെവിന് നേര്‍ക്കുണ്ടായ ഇസ്രഈലി അധിനിവേശക്കാരുടെ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എസ്. ആക്രമണത്തില്‍ തങ്ങള്‍ക്ക് അതീവ ആശങ്കയുള്ളതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വെള്ളിയാഴ്ച അറിയിച്ചതായി അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

‘ഇത്തരം റിപ്പോര്‍ട്ടുകളെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അറിവുണ്ട്. വിദേശത്ത് വെച്ച് ഏതെങ്കിലും അമേരിക്കന്‍ പൗരന് ഉപദ്രവമുണ്ടാകുമ്പോള്‍ ഞങ്ങള്‍ അതീവ ആശങ്കാകുലരാകുന്നു. ആവശ്യമായ എല്ലാ കോണ്‍സുലാര്‍ സഹായങ്ങളും നല്‍കാന്‍ ഞങ്ങള്‍ സജ്ജമാണ്,’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഇമെയില്‍ പ്രസ്താവനയില്‍ പറഞ്ഞതായി അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍സുലാര്‍ സഹായം വാഗ്ദാനം ചെയ്യുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് വാഷിംഗ്ടണ്‍ പോസ്റ്റുമായി ബന്ധപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമാണ് ട്രംപ് ഭരണകൂടം ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നത്. വെസ്റ്റ് ബാങ്കിലെ സ്ഥിരതയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി തങ്ങള്‍ പങ്കാളികളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

വെസ്റ്റ് ബാങ്കില്‍ ഏത് പക്ഷത്തുനിന്നുണ്ടായാലും കുറ്റകരമായ അക്രമങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ ഉചിതമായ അന്വേഷണം നടത്തുന്നതിനെയും നിയമനടപടികള്‍ സ്വീകരിക്കുന്നതിനെയും ഞങ്ങള്‍ പിന്തുണയ്ക്കുന്നെന്നും വക്താവ് പറഞ്ഞു. ഇസ്രഈലിന്റെ പേരെടുത്ത് പറയാതെയാണ് ഈ സംഭവത്തെ യു.എസ് അപലപിച്ചതെന്നും അനഡോലു റിപ്പോര്‍ട്ട് ചെയ്തു.

റമല്ലയ്ക്ക് സമീപമുള്ള അബു ഫലാഹ് ഗ്രാമത്തില്‍ ഫലസ്തീനികളുടെ ഒലിവ് വിളവെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഹൈഡി ലെവിനെ ഇസ്രഈലി കുടിയേറ്റക്കാര്‍ ക്രൂരമായി ആക്രമിച്ചതെന്ന് ഫോറിന്‍ പ്രസ് അസോസിയേഷന്‍ (എഫ്.പി.എ) അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ലെവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എഫ്.പി.എ അറിയിച്ചു.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് സാധാരണക്കാര്‍ക്കും നേരെ ഇസ്രായേലി കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിതെന്നും എഫ്.പി.എ പറഞ്ഞു.

ഹൈഡി ലെവിനു നേരെയുണ്ടായ ആക്രമണത്തെ യു.എസിലെ ജനപ്രതിനിധികള്‍ അപലപിച്ചിരുന്നു.
‘വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാര്‍ ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ ഫോട്ടോ ജേണലിസ്റ്റ് ഹൈഡി ലെവിനെ ആക്രമിച്ചു എന്ന വാര്‍ത്ത അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് മെരിലാന്‍ഡില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി സംഘാംഗം ജാമി റാസ്‌കിന്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

‘സര്‍ക്കാരിന്റെ സംരക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന തീവ്ര വലതുപക്ഷ അക്രമികള്‍, ഫലസ്തീന്‍ സാധാരണക്കാര്‍ക്കും വിദേശ നിരീക്ഷകര്‍ക്കും നേരെ നടത്തുന്ന അക്രമങ്ങള്‍ നാം ഇനിയും കണ്ടില്ലെന്ന് നടിക്കുമോ?’ എന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും വേണ്ടി വാദിക്കുന്നതായി ന്യൂജേഴ്സിയില്‍ നിന്നുള്ള ഡെമോക്രാറ്റ് സെനറ്റര്‍ ആന്‍ഡി കിം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഇതൊരു ആസൂത്രിത ആക്രമണമായിരുന്നു എന്ന റിപ്പോര്‍ട്ടുകളും, സംഭവസ്ഥലത്തുണ്ടായിരുന്ന ഇസ്രഈല്‍ പ്രതിരോധ സേനയുടെ സൈനികര്‍ ഇടപെട്ടില്ലെന്ന വിവരങ്ങളും അതീവ ആശങ്കയുളവാക്കുന്നെന്നും സെനറ്റര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രഈല്‍ അധിനിവേശകരുടെ ആക്രമണത്തില്‍ ലെവിന് നട്ടെല്ലിനും ഒരു വാരിയെല്ലിനും ഒടിവുണ്ടായതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ലെവിന്റെ ശരീരത്താകെ മുറിവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താന്‍ ഒരു മാധ്യമപ്രവര്‍ത്തകയാണെന്ന് വ്യക്തമാക്കുന്ന അടയാളങ്ങള്‍ ലെവിന്‍ ധരിച്ചിരുന്നിട്ടും ആക്രമിക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും വാഷിങ്ടണ്‍ പോസ്റ്റ് ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഇസ്രഈല്‍ പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിക്കുമെന്ന് ഇസ്രഈല്‍ സൈന്യവും വ്യക്തമാക്കി.

Content Highlight: US Congress Members condemns violence in West Bank after US journalist attacked by Israeli occupiers

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more