വാഷിങ്ടൺ: ദിവസങ്ങളായി തുടരുന്ന യു.എസ് – ഇറാൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യു. എസ് കോൺഗ്രസ് അംഗങ്ങൾ.
ഇറാനെതിരായ നടപടി ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഈ ആഴ്ച അവസാനം യു.എസ് കോൺഗ്രസ് വോട്ടിനിടും.
കോൺഗ്രസിന്റെ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളിലേക്ക് സൈന്യത്തെ അയക്കാൻ അമേരിക്കൻ പ്രസിഡന്റിനുള്ള അധികാരം പരിമിതപെടുത്തുന്ന ‘വാർ പവേഴ്സ് ആക്ട്’ പ്രകാരമാണ് പ്രമേയം അവതരിപ്പിക്കുന്നത്.
കോൺഗ്രസിന്റെ അംഗീകാരമില്ലാതെയാണ് ട്രംപ് ഇറാനുനേരെ ആക്രമണം നടത്തുന്നതെന്ന് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ അടക്കം വിമർശിച്ചിരുന്നു.
എന്നാൽ പെട്ടന്നുണ്ടാകാൻ സാധ്യതയുള്ള ആക്രമണത്തെ തടയാനാണ് ഇത്തരമൊരു നടപടിയിലേക്ക് കടന്നിരിക്കുന്നതെന്നാണ് ട്രംപിന്റെ ന്യായീകരണം.
യു.എസ് സായുധ സേനയെ മറ്റു രാജ്യത്തേക്ക് അയക്കുമ്പോൾ യു.എസ് കോൺഗ്രസിന്റെ അനുമതി തേടണമെന്നാണ് വാർ പവേഴ്സ് ആക്ട് പറയുന്നത് എന്നാൽ ഇതുവരെയും സായുധ സേനയെ ഉപയോഗിച്ചിട്ടില്ലെന്നും വ്യോമസേനയെ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ട്രംപിന്റെ വിശദീകരണം.
യുദ്ധ പ്രഖ്യാപനമില്ലാതെ സൈന്യത്തെ വിന്യസിക്കുമ്പോൾ 48 മണിക്കൂറിനകം കോൺഗ്രസിന്റെ അനുമതി തേടണമെന്നും വ്യക്തമായ വിശദീകണം നൽകണമെന്നും നിയമത്തിൽ പറയുന്നുണ്ട്.
അമേരിക്കയും ഇസ്രഈലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്. റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗമായ തോമസ് മസ്സിയടക്കം ട്രംപിനെതിരെ പ്രതികരിച്ചിരുന്നു.
ട്രംപ് ഇറാനെ മറയാക്കി എപ്‌സ്റ്റീൻ ഫയൽസിൽ നിന്നും ശ്രദ്ധ തിരിക്കുന്നു എന്നായിരുന്നു റിപ്പബ്ലിക്കൻ പ്രതിനിധിയുടെ ആരോപണം.
അതേസമയം അന്താരാഷ്‌ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് അമേരിക്കയിൽ നടത്തിയ സർവേയിൽ യു.എസ് – ഇറാൻ സംഘർഷത്തിൽ നാലിലൊന്നുപേർ മാത്രമാണ് അമേരിക്കരുടെ സൈനിക നടപടിയെ അനുകൂലിച്ചത്.
ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിനെതിരായുള്ള പ്രതിഷേധം റിപ്പബ്ലിക്കൻ പാർട്ടിക്ക് ചെറുതല്ലാത്ത ആഘാതം സൃഷ്ടിക്കുമെന്നും വിദക്തർ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: US congress going to present affidavit against trump govt