| Friday, 28th February 2025, 11:10 am

ഇതൊരു വിലപേശല്‍, യു.എസ് കമ്പനികള്‍ക്ക് ഗോള്‍ഡ് കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യന്‍ ബിരുദധാരികളെ നിയമിക്കാം: ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് കമ്പനികള്‍ക്ക് ഗോള്‍ഡ് കാര്‍ഡ് പദ്ധതിയിലൂടെ ഇന്ത്യക്കാരായ ബിരുദധാരികളെ അടക്കം സ്ഥാപനങ്ങളില്‍ നിയമിക്കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

നിലവിലുള്ള കുടിയേറ്റ സമ്പ്രദായം ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭാശാലികള്‍ക്ക് യു.എസില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് തടസമാകുന്നുവെന്നും ട്രംപ് പറഞ്ഞു. ബുധനാഴ്ച നടന്ന കാബിനറ്റ് യോഗത്തിലാണ് ട്രംപിന്റെ പരാമര്‍ശം.

‘ചൈന, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹാര്‍വാര്‍ഡ്, വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ഫിനാന്‍സ് പോലുള്ള യു.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. അവര്‍ക്ക് ജോലിക്കുള്ള അവസരവും ലഭിക്കുന്നുണ്ട്. എന്നാല്‍ യു.എസില്‍ അവര്‍ക്ക് എത്രകാലം തുടരാന്‍ കഴിയും എന്നതില്‍ ഒരു ഉറപ്പും ഉണ്ടാകില്ല,’ ട്രംപ് പറഞ്ഞു.

ഈ സാഹചര്യത്തില്‍ പ്രാവീണ്യമുള്ള ബിരുദധാരികളെ റിക്രൂട്ട് ചെയ്യുന്നതിന് യു.എസ് കമ്പനികള്‍ക്ക് ഗോള്‍ഡ് കാര്‍ഡ് പദ്ധതി ഉപയോഗിക്കാമെന്നാണ് ട്രംപ് അറിയിച്ചത്. ഗോള്‍ഡ് കാര്‍ഡ് വലിയ രീതിയില്‍ വിറ്റഴിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ഇത് ബിസിനസുകാര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. ഇതൊരു തരത്തില്‍ വിലപേശലാണെന്നും ട്രംപ് കാബിനറ്റ് യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രീന്‍കാര്‍ഡിന്റെ പ്രീമിയം വേര്‍ഷനായാണ് പുതിയ പദ്ധതിയെ വിലയിരുത്തുന്നത്. യു.എസില്‍ ദീര്‍ഘകാലം താമസിക്കുന്നതിനുള്ള അവസരമാണ് ഗോള്‍ഡ് കാര്‍ഡിലൂടെ ലഭ്യമാകുക. കഴിഞ്ഞ ദിവസമാണ് ട്രംപ് പുതിയ ഇമിഗ്രേഷന്‍ നയം അവതരിപ്പിച്ചത്.

അഞ്ച് മില്യണ്‍ ഡോളര്‍ നല്‍കി (43.5 കോടി രൂപ) അമേരിക്കയില്‍ സ്ഥിര താമസമാക്കാന്‍ ആളുകള്‍ക്ക് അപേക്ഷിക്കാം. രണ്ടാഴ്ചയ്ക്കുള്ളില്‍ പദ്ധതി നടപ്പിലാക്കുമെന്നും തന്റെ രാജ്യത്തേക്ക് ‘വളരെ ഉയര്‍ന്ന തലത്തിലുള്ള ആളുകളെ’ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം യു.എസില്‍ പഠിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അടക്കം ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

2024ലെ കണക്കുകള്‍ പ്രകാരം 3,31,000ത്തിലധികം വിദേശ വിദ്യാര്‍ത്ഥികള്‍ യു.എസില്‍ പഠിക്കുന്നുണ്ട്. ഇതില്‍ ഇന്ത്യന്‍ ബിരുദ വിദ്യാര്‍ത്ഥികളുടെ എണ്ണം 19 ശതമാനം വര്‍ധിച്ച് ഏകദേശം 2,00,000 ആയി ഉയരുകയും ചെയ്തു.

2022-23 അധ്യയന വര്‍ഷത്തില്‍ യു.എസിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തിയത് ചൈനയില്‍ നിന്നായിരുന്നു. രണ്ടാമത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ യു.എസിലെത്തിയത് ഇന്ത്യയില്‍ നിന്നുമാണ്.

Content Highlight: US companies can hire Indian graduates with gold card: Trump

We use cookies to give you the best possible experience. Learn more