വാഷിങ്ടൺ: ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തിന്റെ സ്ഥിതി 2026ലും മോശമായി തുടരുകയാണെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് ചെയ്തു. എന്നാൽ, കമ്മീഷന്റേത് സ്വന്തം അജണ്ട നടപ്പാക്കാനുള്ള പക്ഷപാതപരമായ നിലപാടാണെന്ന് പറഞ്ഞ് ഇന്ത്യ ഈ റിപ്പോർട്ടിനെ പൂർണമായും തള്ളി.
ഇന്ത്യയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിലാണ് യു.എസ് കമ്മീഷൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ക്രിസ്ത്യാനികൾ, ദളിതർ, മുസ്‌ലിങ്ങൾ, സിഖുകാർ എന്നിവരുൾപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ രാജ്യത്ത് തുടർച്ചയായ വിവേചനവും പീഡനവും നടക്കുന്നുണ്ടെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. സംഘടനകളുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തൽ, ഓൺലൈൻ സെൻസർഷിപ്പ്, അതിര് കടന്നുള്ള സമ്മർദ്ദങ്ങൾ എന്നിവയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കർശനമായ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, ഗോവധവുമായി ബന്ധപ്പെട്ട നിയമങ്ങൾ, പൗരത്വ-വോട്ടവകാശ പ്രശ്നങ്ങൾ എന്നിവ മതസ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിശ്വാസ സ്വാതന്ത്ര്യത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുമായി സംസാരിച്ച ഉമർ ഖാലിദ്, ഷർജീൽ ഇമാം, ജഗർ സിംഗ് ജോഹൽ, അലി ഖാൻ മഹ്മൂദ്‌ബാദ് എന്നിവരെ ഭീകരവിരുദ്ധ നിയമങ്ങൾ ചുമത്തി ദീർഘകാലമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹിന്ദുത്വ ദേശീയവാദവുമായി ബന്ധപ്പെട്ട ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നതിലും, ഇത്തരം അക്രമങ്ങളിൽ കൃത്യമായ അന്വേഷണമോ നടപടിയോ ഉണ്ടാകാത്തതിലും കമ്മീഷൻ ആശങ്ക അറിയിച്ചു. കൂടാതെ, ആൾക്കൂട്ട അക്രമങ്ങൾ, കെട്ടിടങ്ങൾ പൊളിക്കൽ, കലാപങ്ങൾ എന്നിവയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും തടയാൻ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുന്നത് വർധിച്ചുവരുന്നതായും റിപ്പോർട്ട് പറയുന്നു.
അതേസമയം, യു.എസ് കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളഞ്ഞ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ (ഓഗസ്റ്റ് 22), യു.എസ്.സി.ഐ ആർ.എഫ് തീർത്തും വിശ്വാസ്യതയില്ലാത്ത സംഘടനയാണെന്ന് പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരതയോ വിവിധ സമുദായങ്ങൾ തമ്മിലുള്ള സഹവർത്തിത്വമോ കണ്ടെത്താൻ കമ്മീഷന് സാധിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlight: US Commission: India’s position on religious freedom continues to deteriorate in 2026