| Friday, 17th October 2025, 12:34 pm

നിയമവിരുദ്ധം; H 1 ബി വിസയ്ക്ക് ഫീസ് ചുമത്തുന്നതില്‍ ട്രംപ് സര്‍ക്കാരിനെതിരെ കേസ് കൊടുത്ത് യു.എസ് ചേംബര്‍ ഓഫ് കോമേഴ്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: എച്ച് വണ്‍ ബി തൊഴിലാളി വിസയ്ക്ക് മേല്‍ 100,000 ഡോളര്‍ ഫീസ് ചുമത്താനുള്ള ട്രംപ് സര്‍ക്കാരിന്റെ നയത്തിനെതിരെ കേസ് ഫയല്‍ ചെയ്ത് യു.എസ് ചേംബര്‍ ഓഫ് കോമേഴ്സ്. എച്ച് വണ്‍ ബി തൊഴിലാളി വിസയ്ക്ക് മേല്‍ വലിയ തുക ചുമത്താനുള്ള നീക്കം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് നല്‍കിയിരിക്കുന്നത്.

‘എച്ച് വണ്‍ ബി തൊഴിലാളി വിസയ്ക്ക് 100,000 ഡോളര്‍ ഫീസ് ചുമത്താനുള്ള നീക്കം എച്ച് വണ്‍ ബി പ്രോഗ്രാമിനെ നിയന്ത്രിക്കുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ വ്യവസ്ഥകള്‍ക്ക് എതിരാണ്.

വിസ പ്രോസസ് ചെയ്യുന്നതില്‍ സര്‍ക്കാരിനുണ്ടാകുന്ന ചെലവുകളെ അടിസ്ഥാനമാക്കി ഫീസ് ഈടാക്കണമെന്നാണ് ഈ വ്യവസ്ഥയിലുളളത്,’ യു.എസ് ചേംബര്‍ ഓഫ് കോമേഴ്സ് പത്രക്കുറിപ്പില്‍ പറഞ്ഞു.

എച്ച് വണ്‍ ബി വിസയ്ക്ക് മേല്‍ ഈ തുക ചുമത്തിയാല്‍ അമേരിക്കന്‍ ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്ന് യു.എസ് ചേംബര്‍ ഓഫ് കോമേഴ്സ് പരാതിയില്‍ പറഞ്ഞു. അമേരിക്കന്‍ കമ്പനികള്‍ക്ക് തൊഴിലാളി ചെലവ് കുത്തനെ കൂട്ടേണ്ടി വരികയോ അല്ലെങ്കില്‍ മികച്ച തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയോ ചെയ്യേണ്ടി വരുമെന്നും പരാതിയില്‍ വാദിക്കുന്നുണ്ട്.

കഴിഞ്ഞ മാസമാണ് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ എച്ച് വണ്‍ ബി വിസയ്ക്ക് മേല്‍ പ്രതിവര്‍ഷം 100,000 ഡോളര്‍ ഫീസ് ചുമത്താനുള്ള തീരുമാനം അറിയിച്ചത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍, പിന്നീട് ഇത് പുതിയ വിസ അപേക്ഷകള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളുവെന്ന് അറിയിച്ചിരുന്നു.

അതേസമയം, ഈ ഫീസ് നിയമാനുസൃതമാണെന്നും എച്ച് വണ്‍ ബി വിസ പ്രോഗ്രാം മെച്ചപ്പെടുത്താനുള്ള അനിവാര്യമായ ചെറിയ ചുവടുവെപ്പുമാണ് എന്നാണ് കേസിനോട് വൈറ്റ് ഹൗസ് പ്രതികരിച്ചത്.

Content Highlight: US Chamber of Commerce sued Donald Trump government over $100000 H-1B visa fee

We use cookies to give you the best possible experience. Learn more