| Saturday, 17th January 2026, 7:10 am

കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ യു.എസിനാകില്ല; ഗുട്ടെറസിനോട് അബ്ബാസ് അരാഗ്ചി

ശ്രീലക്ഷ്മി എ.വി.

ടെഹ്‌റാൻ: ഇറാനിൽ നടത്തുന്ന കുറ്റകൃത്യങ്ങൾ യു.എസിന് മറച്ചുവെക്കാനാകില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനോട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

യു.എസ് പിന്തുണയോടെ ഇറാനിൽ നടക്കുന്ന ആഭ്യന്തര യുദ്ധത്തെക്കുറിച്ച് യു.എൻ സുരക്ഷാ കൗണ്സിലിന്റെ അടിയന്തര യോഗം വേണമെന്ന് ആവശ്യപ്പെട്ടതിന് അമേരിക്കയെ ഇറാൻ വിദേശകാര്യ മന്ത്രി വിമർശിച്ചു.

രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാനുള്ള അമേരിക്കയുടെ തന്ത്രമാണ് ഈ അടിയന്തര യോഗമെന്നും അന്റോണിയോ ഗുട്ടെറസുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

യു.എസിന്റെ ആവശ്യപ്രകാരമായിരുന്നു 15 അംഗ യു.എൻ സുരക്ഷാ കൗൺസിൽ വ്യാഴാഴ്ച യോഗം ചേർന്നത്.

‘ഇറാന്റെ ആഭ്യന്തര സംഭവവികാസങ്ങൾ പരിഹരിക്കാനെന്ന വ്യാജേന യു.എൻ സുരക്ഷാ കൗൺസിൽ യോഗം വിളിക്കാനുള്ള യു.എസ് നീക്കം വഴിതിരിച്ച് വിടാനുള്ള തന്ത്രമാണ്,’ അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഇറാനിയൻ പൊലീസുകാർക്കും സാധാരണ പൗരന്മാർക്കും നേരെ നടത്തിയ കുറ്റകൃത്യങ്ങളെ അപലപിക്കാൻ അദ്ദേഹം ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു.

മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയ ചരിത്രമുള്ളവർക്കും ഫലസ്തീൻ വംശഹത്യയിൽ പങ്കുള്ളവർക്കും ഇറാനിനെക്കുറിച്ച് ഇത്രയും ആശങ്കയുള്ളത് വിശ്വസിക്കാൻ സാധ്യമല്ലെന്നും അരാഗ്ചി പറഞ്ഞു.

എല്ലാ സർക്കാരുകളും അടിസ്ഥാന മനുഷ്യാവകാശങ്ങളെ മാനിക്കണമെന്നും, സൈനിക ഇടപെടൽ ഉൾപ്പെടെ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ തത്വങ്ങൾ, പ്രത്യേകിച്ച് ബലപ്രയോഗമോ ഭീഷണിയോ നിരോധിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ആവർത്തിച്ചു.

യുഎൻ‌എസ്‌സി യോഗത്തിൽ ഇറാൻ അമേരിക്കയെ രൂക്ഷമായി വിമർശിച്ചിരുന്നു.

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സുരക്ഷാ കൗൺസിലിനെ അമേരിക്ക ഒരു നാടക വേദിയാക്കി മാറ്റിയെന്ന് ഇറാന്റെ യു.എൻ അംബാസഡർ ഘോലാംഹൊസൈൻ ഡാർസി പറഞ്ഞു.

രാജ്യത്തെ അസ്വസ്ഥതകൾക്ക് നേതൃത്വം നൽകുന്നുത് അമേരിക്കയാണെന്നും അമേരിക്കയുടെയും ഇസ്രഈലിന്റെയും പ്രതിനിധികൾ ഇരുരാജ്യങ്ങളുടെയും രാഷ്ട്രീയ അജണ്ടയെ പ്രതിനിധീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: US cannot cover up crimes: Iranian Foreign Minister to Antonio Guterres

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more