വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സഖ്യകക്ഷികളായ ഇസ്രഈല്‍, ഖത്തര്‍, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) എന്നീ രാജ്യങ്ങള്‍ക്ക് 8.6 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന സൈനിക സാമഗ്രികള്‍ വില്‍ക്കാന്‍ അനുമതി നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സാധാരണഗതിയില്‍ ഇത്തരം വന്‍കിട ആയുധ ഇടപാടുകള്‍ക്ക് യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ഇതില്‍ യു.എസ് കോണ്‍ഗ്രസിന്റെ അവലോകന പ്രക്രിയ മറികടന്നാണ് ഈ നീക്കം. മേഖലയില്‍ നിലനില്‍ക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്താണ് കോണ്‍ഗ്രസിനെ ഒഴിവാക്കിയതെന്നാണ് ഈ വിഷയത്തില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാദം.
ഇറാനെതിരെ അമേരിക്കയും ഇസ്രഈലും സംയുക്തമായി യുദ്ധം ആരംഭിച്ച് ഒമ്പത് ആഴ്ചകള്‍ പിന്നിടുകയും, നിലവില്‍ ദുര്‍ബലമായ ഒരു വെടിനിര്‍ത്തല്‍ നിലവില്‍ വന്ന് മൂന്നാഴ്ച തികയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ണായക പ്രഖ്യാപനം വന്നത്.
ഈ രാജ്യങ്ങളിലേക്ക് ഉടനടി ആയുധങ്ങള്‍ എത്തിക്കേണ്ട അടിയന്തരാവസ്ഥ നിലവിലുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സ്ഥീരികരിച്ചു. ഇതോടെ ആയുധ വില്‍പ്പന തടയാനോ വൈകിപ്പിക്കാനോ ഉള്ള കോണ്‍ഗ്രസിന്റെ അധികാരം ഇല്ലാതായി.
ഏകദേശം 8.6 ബില്യണ്‍ ഡോളറിന്റെ മൊത്തം ഇടപാടില്‍ ഏറ്റവും വലിയ ഇടപാട് നടന്നിരിക്കുന്നത് ഖത്തറുമായിട്ടാണ്. 4.01 ബില്യണ്‍ ഡോളര്‍ വിലവരുന്ന പാട്രിയറ്റ് വ്യോമ-മിസൈല്‍ പ്രതിരോധ പുനര്‍നിര്‍മ്മാണ സംവിധാനങ്ങളും 992.4 മില്യണ്‍ ഡോളറിന്റെ അഡ്വാന്‍സ്ഡ് പ്രിസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസുമാണ് ഖത്തറിന് നല്‍കിയത്.
2.5 ബില്യണ്‍ ഡോളര്‍ വിലവരുന്ന ഇന്റഗ്രേറ്റഡ് ബാറ്റില്‍ കമാന്‍ഡ് സിസ്റ്റം ആണ് കുവൈറ്റിന് വില്‍ക്കുക. 992.4 മില്യണ്‍ ഡോളര്‍ വിലവരുന്ന അഡ്വാന്‍സ്ഡ് പ്രിസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസ് ഇസ്രഈലിന് നല്‍കും. ഇതിന് പുറമെ 147.6 മില്യണ്‍ ഡോളറിന്റെ അധിക ഇടപാടുകളും പട്ടികയിലുണ്ട്.
147.6 മില്യണ്‍ ഡോളറിന്റെ അഡ്വാന്‍സ്ഡ് പ്രിസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസ് ആണ് യു.എ.ഇയ്ക്ക് നല്‍കുക. ഈ ആയുധ ഇടപാടിലെ പ്രധാന കരാറുകാര്‍ ആഗോള പ്രതിരോധ മേഖലയിലെ പ്രമുഖ കമ്പനികളാണ്.
ഖത്തര്‍, ഇസ്രഈല്‍, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള ആയുധ വിതരണത്തില്‍ BAE സിസ്റ്റംസ് (BAE Systems) ആണ് പ്രധാന പങ്കാളി.
RTX, ലോക്ഹീഡ് മാര്‍ട്ടിന്‍ എന്നീ കമ്പനികളാണ് കുവൈറ്റിലേക്കുള്ള ബാറ്റില്‍ കമാന്‍ഡ് സിസ്റ്റത്തിലും ഖത്തറിലെ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തിലും പ്രധാന കരാറുകാര്‍. കുവൈറ്റുമായുള്ള ആയുധ ഇടപാടില്‍ നോര്‍ട്രോപ്പ് ഗ്രുമ്മന്‍ കമ്പനിയും പ്രധാന പങ്കുവഹിക്കുന്നു.
ഫെബ്രുവരി 28ന് ഇറാനെതിരെ യു.എസും ഇസ്രഈലും സംയുക്തമായി ആക്രമണം നടത്തിയതോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ഈ സംഘര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു.
ഇതിന് മറുപടിയായി ഇറാന്‍ ഇസ്രഈലിനും യു.എസ് താവളങ്ങള്‍ക്കും നേരെ ആക്രമണം നടത്തുകയും ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
അതേസമയം വാഷിങ്ടണില്‍ ഈ ആയുധ വില്‍പനയ്ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, എല്‍.ജി.ബി.ടി സമൂഹം, തൊഴിലാളികള്‍ എന്നിവര്‍ക്കെതിരായി രാജ്യത്ത് തുടരുന്ന അതിക്രമങ്ങളും നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ടെങ്കിലും സഖ്യകക്ഷികള്‍ക്ക് പിന്തുണ തുടരുമെന്ന നിലപാടിലാണ് വാഷിങ്ടണ്‍.
ഗസയിലെ ഇസ്രഈല്‍ നടപടികള്‍ വംശഹത്യയാണെന്ന അന്താരാഷ്ട്ര നിരീക്ഷണങ്ങള്‍ക്കിടയിലും ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നതിനെതിരെയും ആഗോളതലത്തില്‍ വിമര്‍ശനമുണ്ട്.
Content Highlight: U.S bypasses congressional review for military sales of $8.6 billion to Middle East allies