| Thursday, 16th January 2025, 1:57 pm

ആടിയുലയേണ്ടിയിരുന്ന ചില സാമ്രാജ്യങ്ങളെയല്ലാം ഉലച്ചു; പ്രവര്‍ത്തനം അവസാനിപ്പിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അദാനി ഗ്രൂപ്പിനെതിരെ സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം അവസാനിപ്പിച്ചു. കമ്പനിയുടെ സ്ഥാപകനായ നെയ്റ്റ് ആന്‍ഡേഴ്‌സണാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്.

പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും അല്ലാതെ ഭീഷണികള്‍ കാരണമോ വ്യക്തിപരമായ മറ്റ് പ്രശ്‌നങ്ങളോ കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. മറിച്ച് കുടുംബം, യാത്ര എന്നിവയ്ക്ക് മുന്‍ഗണന നല്‍കാനാണ് ഇത്തരമൊരു തീരുമാനം എടുത്തെതെന്നും നെയ്റ്റ് കൂട്ടിച്ചേര്‍ത്തു.

‘ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പിരിച്ചുവിടാന്‍ ഞാന്‍ തീരുമാനിച്ചു. ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രൊജക്ടുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ തീരുമാനം,’ ഹിന്‍ഡന്‍ബര്‍ഗ് വെബ്സൈറ്റില്‍ പങ്കുവെച്ച് കുറിപ്പില്‍ നെയറ്റ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

സന്തോഷത്തിന്റെ ഒരിടത്തു നിന്നാണ് താന്‍ ഈ കുറിപ്പ് എഴുതുന്നതെന്ന് പറഞ്ഞ നെയ്റ്റ്, ഹിന്‍ഡന്‍ബര്‍ഗ് നിര്‍മിക്കുക എന്നത് തന്റെ ജീവിത സ്വപ്‌നമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

‘ഒരു വഴി കണ്ടെത്താന്‍ കഴിയുമോ എന്ന് എനിക്ക് തുടക്കത്തില്‍ അറിയില്ലായിരുന്നു. ഇതൊരു എളുപ്പമുള്ള മാര്‍ഗമായിരുന്നില്ല, പക്ഷേ അപകടത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നില്ല. യാന്ത്രികമായി ഞാന്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു.

ഹിന്‍ഡന്‍ബര്‍ഗ് ആരംഭിച്ചപ്പോള്‍ എനിക്ക് കഴിവുണ്ടോ എന്ന് പോലും ഞാന്‍ സംശയിച്ചു. എനിക്ക് പരമ്പരാഗതമായി സാമ്പത്തിക ഭദ്രത ഇല്ലായിരുന്നു. എന്റെ ബന്ധുക്കളാരും ഈ മേഖലയിലില്ല. ഞാന്‍ ഒരു സ്‌റ്റേറ്റ് സ്‌കൂളിലെ സാധാരണ വിദ്യാര്‍ത്ഥിയായിരുന്നു. എന്നാല്‍ ഞാന്‍ ചെയ്ത എല്ലാ ജോലികളിലും ഞാന്‍ മികച്ച ജോലിക്കാരനായിരുന്നു.

ഞാന്‍ ആരംഭിക്കുമ്പോള്‍ എന്റെ കയ്യില്‍ പണമില്ലായിരുന്നു. ലോകോത്തര വിസില്‍ബ്ലോവര്‍ അഭിഭാഷകനായ ബ്രയാന്‍ വുഡിന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഇതൊന്നും സാധ്യമാവുമായിരുന്നില്ല. പണമില്ലാതിരുന്നിട്ടും എന്റെ കേസുകള്‍ ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ ഞാന്‍ തുടക്കത്തില്‍ തന്നെ പരാജയപ്പെടുമായിരുന്നു.

ഞങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ ശതകോടീശ്വരന്മാരും പ്രഭുക്കന്മാരും ഉള്‍പ്പെടെ, ഏകദേശം 100 വ്യക്തികള്‍ക്കെതിരെ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. കുലുങ്ങണമെന്ന് തോന്നിയ ചില സാമ്രാജ്യങ്ങള്‍ ഞങ്ങള്‍ കുലുക്കി. നിങ്ങള്‍ ആരായിരുന്നാലും സ്വാധീനം ചെലുത്താന്‍ നിങ്ങള്‍ക്ക് സാധ്യമാണ്,’ കുറിപ്പില്‍ പറയുന്നു.

അതേസമയം അടുത്ത ആറ് മാസത്തിനുള്ളില്‍, ഓപ്പണ്‍ സോഴ്സ് ചെയ്യാന്‍ കഴിയുന്ന മെറ്റീരിയലുകളുടെയും വീഡിയോകളുടെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു പ്രൊജക്ട് സ്ഥാപിക്കാന്‍ താന്‍ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.

2017ല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമാക്കിയാണ് ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളില്‍ പ്രമുഖ കമ്പനികളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടു. ഇന്ത്യയില്‍ നിന്നുള്ള അദാനി കമ്പനി നിഴല്‍ കമ്പനികള്‍ വഴി ഓഹരി വില പെരുപ്പിച്ച കാണിച്ച് ഓഹരി വിപണിയില്‍ കൃത്രിമത്വം നടത്തിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നാലെ അദാനി ഗ്രൂപ്പിന്റെ മൂല്യം കൂപ്പുകുത്തി.

അദാനി ഗ്രൂപ്പിന് പുറമെ ഇലക്ട്രിക് ട്രക്ക് നിര്‍മാതാക്കളായ നിക്കോളയ്ക്കെതിരെയും ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നയിച്ചിരുന്നു. 2020ലായിരുന്നു ഈ സംഭവം. കമ്പനി അതിന്റെ സാങ്കേതികവിദ്യയില്‍ കൃത്രിമത്വം കാണിച്ചെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം.

അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഒമ്പത് ശതമാനം വരെ ഉയര്‍ന്നു. അദാനി പവറാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്, ഒമ്പത് ശതമാനം. അദാനി ഗ്രീനിന്റെ മൂല്യവും ഏകദേശം  ഒമ്പത് ശതമാനം ഉയര്‍ന്നു.

Content Highlight: US based Short Seller Hindenburg Research shuts down

We use cookies to give you the best possible experience. Learn more